ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മെയിൽ അയക്കാൻ ഉപയോഗിക്കുന്നത് ജിമെയിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിന്റെ ഉപയോഗം സുഗമമാക്കുന്നതിന് നിരവധി ഫീച്ചറുകൾ ഇതിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും നമ്മൾ ശ്രദ്ധിക്കാറില്ല എന്നതാണ് ശരി.

ഇവിടെ ഇതാ അത്തരത്തിലുള്ള ഏഴ് സവിശേഷതകളാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ നിരന്തര ജിമെയിൽ ഉപയോഗം സുഗമമാക്കാൻ ഇവ വളരെയധികം സഹായിക്കുന്ന ഫീച്ചറുകളായിരിക്കും.

അഡ്വാൻസ്ഡ് സെർച്ച്

ഗൂഗിൾ ഉപയോഗിക്കുന്നതിന് സമാനമാണ് ജിമെയിലിന്റെ അഡ്വാൻസ്ഡ് സെർച്ച്. നിങ്ങൾ സെർച്ച് ചെയ്യുന്നതിന് ലഭിക്കുന്ന റിസൾട്ടുകൾ ചുരുക്കാനും നിങ്ങൾക്ക് വേണ്ടത് ഏറ്റവും വേഗം ലഭിക്കാനും ഇത് സഹായിക്കും. ഇതിനായി നിങ്ങൾ സെർച് ചെയ്യാൻ ആഗ്രാഹിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കീ വേർഡ് കണ്ടെത്തുക തുടർന്ന് ഫിൽട്ടർ ബട്ടണിൽ ക്ലിക്കുചെയ്യുക.അപ്പോൾ നിങ്ങൾ നൽകിയ കീ വെർഡുമായി ബന്ധപ്പെട്ട അത് വരുന്ന മെയിലുകൾ എല്ലാം തന്നെ പ്രത്യക്ഷപ്പെടും.

ഇത്തരത്തിൽ ഒരു മെയിൽ ഐഡിയിലേക്ക് അയച്ച മെയിലുകളോ ഒരു പ്രത്യേക വിഷയത്തിന്മേൽ അയച്ച മെയിലുകളോ കണ്ടെത്താം. സെർച്ച് ഓപ്‌ഷനുകളിൽ ‘വാക്കുകൾ ഉൾപ്പെടുത്തിയത്’, ‘വാക്കുകൾ ഉൾപ്പെടുത്താത്തത്’ വലിപ്പം, തീയതി, അറ്റാച്ച്‌മെന്റ് ഉള്ളതോ ഇല്ലാത്തതോ ആയ മെയിലുകൾ എന്നിവ ഉണ്ടാവും.

അയച്ചത് തിരിച്ചെടുക്കാൻ

നിങ്ങൾ അയക്കുന്ന മെയിൽ തെറ്റിപ്പോയാൽ അത് ഉടൻ പിൻവലിക്കാൻ ജിമെയിൽ നിങ്ങളെ അനുവദിക്കും. അത് അത്ര ബുദ്ധിമുട്ടുള്ള ഒന്നല്ല. നിങ്ങൾ ഒരു മെയിൽ അയക്കാനായി ‘സെൻറ്’ ബട്ടൺ അമർത്തിക്കഴിഞ്ഞാൽ, ഉടൻ തന്നെ സ്‌ക്രീനിന്റെ അടിയിൽ ‘അൺണ്ടു’ ബട്ടൺ തെളിയുന്നത് കാണാനാകും.

അതേസമയം ഇത് വളരെ കുറച്ച് നിമിഷത്തേക്ക് മാത്രമേ ദൃശ്യമാകു. നിങ്ങൾ മെയിൽ അയച്ച ശേഷം മറ്റെവിടെയെങ്കിലും ക്ലിക്ക് ചെയ്താൽ അത് പോവുകയും ചെയ്യും. അതുകൊണ്ട് ശ്രദ്ധിച്ചു ചെയ്യുക.

കോൺഫിഡൻഷ്യൽ മോഡ്

വാട്ട്‌സ്ആപ്പിൽ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ പോലെ പിന്നീട് സ്വയമേവ ഇല്ലാതാക്കപ്പെടുന്ന ഒരു ഇമെയിൽ അയക്കാൻ ജിമെയിൽ അനുവദിക്കുന്നു. ഇതിനായി മെയിൽ അയക്കുന്നതിന് മുൻപ് താഴെയുള്ള, ലോക്ക് ആൻഡ് ക്ലോക്ക് ക്ലിക്ക് ചെയ്യുക. അതിൽ ഒരു തീയതി നൽകുക. അതിനു ശേഷം ആ മെയിൽ ഡിലീറ്റ് ആയി പോകുന്നതാണ്. അതിന് നിശ്ചയിച്ച സമയം കഴിഞ്ഞാൽ ആ മെയിൽ ലഭിച്ച ആൾക്ക് അത് തുറക്കാനോ അതിലെ വിവരങ്ങൾ വായിക്കാനോ സാധിക്കില്ല.

നിർദ്ദേശങ്ങൾ നൽകുക

സാധാരണ വാക്കുകൾ വേഗത്തിൽ ടൈപ്പുചെയ്യാൻ സ്‌മാർട്ട് കമ്പോസ് അല്ലെങ്കിൽ എഴുത്ത് നിർദ്ദേശങ്ങൾ എന്ന് വിളിക്കുന്ന ഓപ്‌ഷൻ ഉപയോഗിക്കാൻ ജിമെയിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ജിമെയിൽ സെറ്റിംഗ്സ്/ സ്‌മാർട്ട് കമ്പോസ് എന്നതിന് കീഴിൽ നിങ്ങൾക്ക് ഈ ഓപ്‌ഷന്റെ സെറ്റിംഗ്സ് കണ്ടെത്താം. ഇത് ഓൺ ചെയ്താൽ ടൈപ് ചെയ്യുമ്പോൾ ചില വാക്കുകൾ നിർദേശമായി നിങ്ങൾക്ക് മുന്നിലെത്തും.

മ്യൂട്ട് കോൺവർസേഷൻസ്

നിങ്ങൾക്ക് ആവശ്യമില്ലാത്ത മെയിലുകൾ ലഭിക്കുന്നുണ്ടെങ്കിലും അവ മ്യൂട്ട് ആക്കാൻ അഥവാ നിശബ്ദമാക്കാനുള്ള ഓപ്‌ഷൻ ഇതിൽ ലഭ്യമാണ്. ഏതെങ്കിലും ഇമെയിൽ തിരഞ്ഞെടുത്ത് മുകളിലുള്ള ഇൻബോക്‌സ് ബാറിലെ മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്കുചെയ്യുക, അതിൽ ‘മ്യൂട്ട്’ (Mute) ബട്ടൺ കാണാൻ കഴിയും അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് മ്യൂട്ട് ചെയ്യാൻ സാധിക്കും.

നിറങ്ങളിൽ നൽകി അടയാളപ്പെടുത്തൽ

പ്രധാനപ്പെട്ട മെയിലുകൾ അടയാളപ്പെടുത്താൻ ധാരാളം ആളുകൾ ജിമെയിലിന്റെ സ്റ്റാർസ് ഓപ്‌ഷൻ ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ഒന്നലധികം നിറങ്ങളിലും ഉപയോഗിക്കാനാവും. നിങ്ങളുടെ ജോലി സംബന്ധമായവയ്ക്ക് ഒന്ന് വ്യക്തിപരമായവയ്ക്ക് ഒന്ന് എന്നിങ്ങനെ ഉപയോഗിക്കാനാവും. ഒന്നിലധികം നിറമുള്ള നക്ഷത്രങ്ങൾ ചേർക്കാൻ ജിമെയിൽ സെറ്റിംഗ്സ്/സ്റ്റാർസ് എന്നതിലേക്ക് പോകുക, അവിടെ ഇത് ക്രമീകരിക്കാനാകും.

ടാബ് ലേഔട്ട് മാറ്റുക

ജിമെയിലിന്റെ സാധാരണ ലേഔട്ട് മാറ്റാൻ സാധിക്കും. നിങ്ങളുടെ സ്വകാര്യ, ഓഫീസ് മെയിലുകളുമായി ഇടകലരാത്ത വിധത്തിൽ സോഷ്യൽ, പ്രൊമോഷണൽ മെയിലുകൾ പ്രത്യേകമായി അതിൽ ദൃശ്യമാകും. എന്നാൽ, ഈ ടാബുകളിൽ ചിലത് നീക്കംചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജിമെയിൽ/ ഇൻബോക്സ്/ കാറ്റഗറീസ് എന്നതിലേക്ക് പോയി നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. അവിടെ നിങ്ങൾ മുന്നിൽ കാണാൻ ആഗ്രഹിക്കുന്ന ടാബുകൾ ടിക്ക് ചെയ്യുക, നിങ്ങൾക്ക് ആവശ്യമില്ലാത്തവ അൺടിക്ക് ചെയ്യുക.

By admin

Leave a Reply

Your email address will not be published. Required fields are marked *