സമൂഹ മാധ്യമമായ ട്വിറ്റര്‍ മരിക്കുകയാണോ എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവം വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌ക്. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയാണെന്നതു കൂടാതെ ഇപ്പോള്‍ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരിയുടമയുമാണ് എന്നതും അദ്ദേഹത്തിന്റെ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. അദ്ദേഹം വെറുതെ ഒരു രസത്തിനല്ല ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. കനേഡിയന്‍ പാട്ടുകാരനായ ജസ്റ്റിന്‍ ബീബര്‍, അമേരിക്കന്‍ പാട്ടുകാരിയായ ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്ക് രണ്ടു പേര്‍ക്കുമായി ട്വിറ്ററില്‍ 200 ദശലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഉള്ളത്. ഇവര്‍ അടുത്ത കാലത്തായി ട്വിറ്ററില്‍ കാര്യമായി പോസ്റ്റുകള്‍ ഇടുന്നില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മസക് തന്റെ സംശയം ഉന്നയിച്ചിരിക്കുന്നത്.
∙ വലിയ മാറ്റങ്ങള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍
മസ്‌ക് 300 കോടി ഡോളറിലേറെ നല്‍കിയാണ് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയത്. വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്റര്‍ മേധാവി പരഗ് അഗ്രവാള്‍ അദ്ദേഹത്തെ ട്വിറ്ററിന്റെ ഭരണസമിതിയില്‍ അംഗവുമാക്കി. എന്നാല്‍, താന്‍ ട്വിറ്റര്‍ ബോര്‍ഡിലേക്കില്ലെന്ന് മസ്‌ക് പറഞ്ഞു എന്ന് അഗ്രവാള്‍ പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറഞ്ഞു. എന്തായാലും, മസ്‌ക് ട്വിറ്ററിന്റെ പോക്ക് പഠിച്ചു തുടങ്ങി എന്നതിന്റെ തെളിവുകളാണ് അടുത്തിടെ അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍. കൂടാതെ, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് മസ്‌ക് തന്റെ ഫോളോവേഴ്സിനോട് പറഞ്ഞിരിക്കുന്നത്.
∙ ട്വീറ്റ് എഡിറ്റു ചെയ്യാന്‍ അനുവദിക്കണോ?
ഒരിക്കല്‍ നടത്തിയ ട്വീറ്റുകള്‍ എഡിറ്റു ചെയ്യാന്‍ അനുവദിക്കണമോ എന്നത് ഒരു വലിയ തര്‍ക്ക വിഷയമാണ്. അതു വേണോ എന്നും മസ്‌ക് തന്റെ ഫോളോവേഴ്സിനോട് ചോദിച്ചിരുന്നു. ട്വിറ്റര്‍ ഒരിക്കലും എഡിറ്റ് ബട്ടണ്‍ കൊണ്ടുവന്നേക്കില്ല എന്നാണ് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക് ഡോര്‍സി പറഞ്ഞുവന്നത്. കാരണം, പ്രാധാന്യമുള്ള ഒരാള്‍ അല്ലെങ്കില്‍ ഒരു സംഘടന ഒരിക്കല്‍ നടത്തിയ ട്വീറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ടാകും എന്നാണ്. ഇത് എഡിറ്റു ചെയ്യാന്‍ അനുവദിച്ചാല്‍ അത് ഒരു പക്ഷേ ട്വിറ്ററിന്റെ ചരിത്രപരമായ പ്രസക്തി തന്നെ ഇല്ലാതാക്കിയേക്കാമെന്നും ഗവേഷകരും അഭിപ്രായപ്പെടുന്നു. ഔദ്യോഗികമായി നടത്തുന്ന അറിയിപ്പുകള്‍ പോലെയാണ് ഇപ്പോള്‍ ട്വീറ്റുകളെ പരിഗണിക്കുന്നത്. പ്രസിദ്ധീകരിച്ച വാര്‍ത്തകളും ട്വീറ്റു ചെയ്യപ്പെടാറുണ്ട്.
∙ നിശ്ചിത സമയത്തിനുള്ളില്‍ എഡിറ്റു ചെയ്യാന്‍ അനുവദിച്ചാലോ?
വിവാദ ട്വീറ്റുകളും മറ്റും പിന്നീട് എഡിറ്റു ചെയ്യാന്‍ അനുവദിച്ചാല്‍ അങ്ങനെ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു എന്നതിന്റെ തെളിവുപോലും നഷ്ടപ്പെടുമെന്നും പറയുന്നു. ഒരു പക്ഷേ, ഒരു നിശ്ചിത സമയത്തിനുളളില്‍ എഡിറ്റു ചെയ്യാന്‍ അനുവദിക്കാമെന്നുള്ള വാദം ഉള്ളവരും ഉണ്ട്. അതായത്, അക്ഷരത്തെറ്റുകളും മറ്റും കടന്നുകൂടിയാല്‍ അവ തിരുത്താനുള്ള അവസരം നല്‍കണം എന്നാണ് അവര്‍ വാദിക്കുന്നത്. കൂടാതെ, നേരത്തെ നടത്തിയ ട്വീറ്റ് ഇങ്ങനെ എഡിറ്റു ചെയ്തിരിക്കുന്നു എന്ന് സുതാര്യമായി പറയുക വേണമെന്നും പറയുന്നു. എന്തായാലും, ചില രാജ്യങ്ങളില്‍ ട്വിറ്ററില്‍ പരീക്ഷണാര്‍ഥം ഒരു എഡിറ്റ് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിന് മസ്‌കിന്റെ വരവുമായി ബന്ധമില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
∙ ട്വിറ്റര്‍ ബ്ലൂ
കമ്പനി കൊണ്ടുവരാന്‍ ആഗ്രഹിച്ച പ്രീമിയം അക്കൗണ്ടിനെയാണ് ട്വിറ്റര്‍ ബ്ലൂ എന്ന് വിളിക്കുന്നത്. ഇതു വേണ്ടവര്‍ വരിസംഖ്യ അടയ്ക്കണം എന്നായിരുന്നു പറഞ്ഞുവന്നത്. അതേസമയം, മസ്‌ക് തന്റെ ഏറ്റവും പുതിയ ട്വിറ്റര്‍-കേന്ദ്രീകൃത അറിയിപ്പുകളില്‍ പറഞ്ഞിരിക്കുന്നത് പ്രീമിയം അക്കൗണ്ടിന് പറഞ്ഞിരുന്ന മാസവരിസംഖ്യ കുറയ്ക്കണമെന്നും അത്തരം അക്കൗണ്ടുകളില്‍ പരസ്യങ്ങള്‍ കാണിക്കരുതെന്നും ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ചും അക്കൗണ്ട് ഉടമകള്‍ക്ക് വരിസംഖ്യ അടയ്ക്കാന്‍ അനുവദിക്കണം എന്നുമാണ്. ട്വിറ്റര്‍ ബ്ലൂ ഇപ്പോള്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഉള്ളത്. ഇതിന് പ്രതിമാസം 2.99 ഡോളറാണ് വരിസംഖ്യ നല്‍കേണ്ടത്. എന്നാല്‍, ഇതു കുറയ്ക്കണമെന്ന് മസ്‌ക് ആവശ്യപ്പെടുന്നു. കൂടാതെ, ഓരോ രാജ്യക്കാര്‍ക്കും അവരുടെ പ്രാദേശിക കറന്‍സിയില്‍ പണമടക്കാനാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
∙ മസ്‌കിന്റെ ചില നിര്‍ദേശങ്ങള്‍
ട്വിറ്റര്‍ ബ്ലൂവിന് പ്രതിമാസം 2 ഡോളര്‍ വരെയൊക്കെ മാസവരി ആയിക്കോട്ടെ. അംഗങ്ങള്‍ മാസവരി 12 മാസത്തേക്കുള്ളത് മുന്‍കൂര്‍ അടയ്ക്കട്ടെ. എന്നാല്‍, തന്റെ അക്കൗണ്ട് വഴി സ്‌കാമോ, സ്പാമോ നടത്തിയെന്നു കണ്ടെത്തിയാല്‍ ആ അക്കൗണ്ട് മരവിപ്പിക്കുകയും മുന്‍കൂര്‍ അടച്ച മാസവരി തിരിച്ചു നല്‍കാതിരിക്കുകയും ചെയ്യണമെന്നും മസ്‌ക് അഭിപ്രായപ്പെടുന്നു. ട്വിറ്റര്‍ ബ്ലൂവില്‍ പരസ്യങ്ങള്‍ വേണ്ട. പരസ്യങ്ങള്‍ വാങ്ങിയാല്‍ കോര്‍പറേറ്റ് കമ്പനികള്‍ ട്വിറ്ററിന്റെ നയങ്ങളെ സ്വാധീനിച്ചെന്നിരിക്കാം. മസ്‌കിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് ട്വിറ്റര്‍ പ്രതികരിച്ചിട്ടില്ല. മസ്‌ക് ഓഹരിയുടമയായത് പല ട്വിറ്റര്‍ ജോലിക്കാരെയും ഭയപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
∙ വേറിട്ട വഴിയില്‍ സഞ്ചരിച്ച ട്വിറ്റര്‍ ഇനി എങ്ങോട്ട്?
സമൂഹ മാധ്യമങ്ങളില്‍ വേറിട്ട വഴി സ്വീകരിച്ച ഒന്നായിരുന്നു ട്വിറ്റര്‍. സർക്കാരുകൾ, കമ്പനികൾ മുതല്‍ തങ്ങളെ ഗൗരവത്തിലെടുത്തിരുന്ന വ്യക്തികള്‍ വരെയായിരുന്നു അത് കൂടുതലായും ഉപയോഗിച്ചുവന്നത് എന്നു വേണമെങ്കില്‍ പറയാം. ഫെയ്‌സ്ബുക്കിനെയും മറ്റും പോലെ എല്ലാവര്‍ക്കും അക്കൗണ്ട് വേണമെന്നു തോന്നുന്ന ഒന്നായിരുന്നില്ല ട്വിറ്റര്‍. മസ്‌കിന്റെ വരവോടെ ട്വിറ്ററിന് എന്തെങ്കിലും കാതലായ മാറ്റം വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.
∙ ഇന്ത്യയില്‍ ആപ്പിള്‍ ഹെഡ്‌ഫോണുകളുടെ വില 6,200 രൂപ വരെ വര്‍ധിപ്പിച്ചു
ആപ്പിള്‍ കമ്പനിയുടെ ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും വില ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. ഏറ്റവുമധികം വിലയുള്ള എയര്‍പോഡസ് മാക്‌സിന്റെ വില 6,200 രൂപ വര്‍ധിച്ച് 66,100 രൂപയായി. മൂന്നാം തലമുറയിലുള്ള എയര്‍പോഡ്‌സിന് 18,500 രൂപയായിരുന്നു അവതരിപ്പിച്ചപ്പോഴുള്ള വില. അതിപ്പോള്‍ 20,500 രൂപയായി വര്‍ധിപ്പിച്ചു. എയര്‍പോഡ്‌സ് പ്രോയ്ക്ക് വില 24,900 രൂപയായിരുന്നു. അത് ഇപ്പോള്‍ 26,300 രൂപയാക്കി.
∙ എന്തുകൊണ്ടു വില വര്‍ധിപ്പിച്ചു?
ഇന്ത്യയില്‍ മാത്രമായി വില വര്‍ധിപ്പിക്കാന്‍ കാരണം ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ബെയ്‌സിക് കസ്റ്റം ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വര്‍ധിപ്പിച്ചതാണെന്നു പറയുന്നു. അതേസമയം, വില വര്‍ധന ആപ്പിള്‍ ഇന്ത്യാ സ്റ്റോര്‍ വഴി ഈ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമാണ്. പകരം ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ക്രോമാ, റിലയന്‍സ് റീട്ടെയില്‍ തുടങ്ങിയ വില്‍പനശാലകളില്‍ നിന്ന് ഇവ ഡിസ്‌കൗണ്ടോടെ ഇപ്പോഴും വാങ്ങാന്‍ സാധിക്കുമെന്നു പറയുന്നു. വില വര്‍ധനയെക്കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐഫോണുകള്‍ അടക്കമുള്ള മറ്റ് ആപ്പിള്‍ ഉപകരണങ്ങളുടെ വില വര്‍ധിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
∙ വണ്‍പ്ലസ് ഫോള്‍ഡബിൾ ഫോണ്‍ പുറത്തിറക്കിയേക്കും
വണ്‍പ്ലസ് കമ്പനി ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചേക്കുമെന്ന് സ്ലാഷ്ഗിയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഇത് ഒപ്പോ പുറത്തിറക്കിയ ഫൈന്‍ഡ് എന്‍ ഫോണ്‍ പേരുമാറ്റി വരുന്നതായിരിക്കും എന്നും പറയുന്നു. വണ്‍പ്ലസ്, ഒപ്പോ, വിവോ, റിയല്‍മി, ഐക്യൂ തുടങ്ങിയ കമ്പനികളെല്ലാം ബിബികെ ഇലക്ട്രോണിക്‌സിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഫൈന്‍ഡ് എന്‍ ഫോണിന് തുറക്കുമ്പോള്‍ 7.1-ഇഞ്ച് വലുപ്പമുളള സ്‌ക്രീനാണ് ലഭിക്കുക. മടക്കുമ്പോള്‍ ഇത് 5.49-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാകും. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് ഫ്‌ളെക്‌സികോണ്‍ ഹിഞ്ജ് സാങ്കേതികവിദ്യയാണ്. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ കേന്ദ്ര സ്ഥാനത്തുള്ള ഫോണിന് 12 ജിബി റാമും ഉണ്ട്.