രാജ്യത്ത് ആദ്യമായി ഒരു സൂപ്പര്‍ ആപ് പുറത്തിറക്കുക വഴി ഇന്ത്യന്‍ ഇന്റര്‍നെറ്റ് ലോകത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാവുന്ന പുതിയ ആശയം അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ കമ്പനി. ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലുംനിന്നു ഡൗണ്‍ലോഡ് ചെയ്യാം. സൗജന്യ ആപ്പാണ്. ടാറ്റയുടെ ആപ് നേരത്തേ ലഭ്യമായിരുന്നെങ്കിലും അതില്‍ പ്രവേശിക്കണമെങ്കില്‍ ആരെങ്കിലും റഫര്‍ ചെയ്യണമായിരുന്നു. അതുമാത്രമല്ല, ടാറ്റാ കോര്‍പറേറ്റ് മെമ്പര്‍മാര്‍ക്ക് മാത്രമായിരുന്നു പ്രവേശനവും. ഇപ്പോള്‍ എല്ലാവര്‍ക്കും പ്രവേശിക്കാം. ടാറ്റാ ന്യൂ (Tata Neu) എന്നു പേരുള്ള ഈ ആപ്പിനെപ്പറ്റി കൂടുതലറിയാം.
ആദ്യം ചെയ്യേണ്ടത് എന്ത്?
ആപ് ഡൗണ്‍ലോഡ് ചെയ്യുക അല്ലെങ്കില്‍ വെബ്‌സൈറ്റിലെത്തുക. തുടര്‍ന്ന് ന്യൂവില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കുക. നമ്മുടെ ഫോണ്‍ നമ്പർ നൽകി അതിലേക്കെത്തുന്ന ഒടിപിയും കൊടുക്കേണ്ടിവരും.
എന്താണ് സൂപ്പര്‍ ആപ്?
ഒരാള്‍ക്കു വേണ്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ അനുവദിക്കുന്ന ആപ് എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ആപ്പുകളെയാണ് സൂപ്പര്‍ ആപ് എന്നു വിളിക്കുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ സൂപ്പര്‍ ആപ് വീചാറ്റ് ആണ്. വാട്‌സാപ് പോലുള്ള ചാറ്റ് സേവനങ്ങള്‍മുതല്‍, ഷോപ്പിങ്ങും യാത്രാ ടിക്കറ്റ് ബുക്കിങ്ങും പണക്കൈമാറ്റവും അടക്കം ഒരാള്‍ക്കു വേണ്ട സേവനങ്ങളെല്ലാം ഒരു ആപ്പില്‍ നല്‍കുക എന്നതാണ് വീചാറ്റ്. ഇതിന് 100 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്. അലിപേ, ലൈന്‍ തുടങ്ങിയ സൂപ്പര്‍ആപ്പുകളുമുണ്ട്.
ടാറ്റാ കമ്പനി ഉയര്‍ത്തെഴുന്നേല്‍ക്കുമോ? എന്താണ് ന്യൂ?
ഇന്ത്യന്‍ ബിസിനസ് രംഗത്തെ കുലീന സാന്നിധ്യമായ ടാറ്റാ കമ്പനി കാലോചിതമായ മാറ്റങ്ങളുമായി രാജ്യത്തെ മറ്റു ബിസിനസ് ഭീമന്മാരുമായി കിടപിടിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ന്യൂ ആപ്പിലൂടെ ടാറ്റ ലക്ഷ്യംവയ്ക്കുന്നതും പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ്. ഇനി, അല്‍പം വിചിത്രമെന്നു തോന്നിക്കുന്ന ഈ പേരു പരിശോധിക്കാം. ന്യൂ (Neu) എന്നത് ഒരു ജര്‍മന്‍ പദമാണ്. ന്യൂ (ആധുനികം) എന്നു തന്നെയാണ് ഇതിന്റെ അർഥം. ടാറ്റ അർഥവത്തായ ഒരു കുതിപ്പിനാണ് പുതിയ ആപ്പിലൂടെ ശ്രമിക്കുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്.
ന്യൂവില്‍ എന്തെല്ലാം?
ലോകമെമ്പാടുമുള്ള നിരവധി ബ്രാന്‍ഡുകളുടെ ഉടമയാണ് ടാറ്റാ ഗ്രൂപ്പ്. ഇവയെ എല്ലാം ഒരു കുടക്കീഴിലാക്കുക എന്നതാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. അതിനായി ഈ ഫ്‌ളാഗ്ഷിപ് പ്ലാറ്റ്‌ഫോം അണിയിച്ചൊരുക്കിയിരിക്കുന്നത് ടാറ്റാ ഡിജിറ്റല്‍ ആണ്. ടാറ്റയുടെ എല്ലാ ബ്രാന്‍ഡുകളും സേവനങ്ങളും ഇനി ഇവിടെ ലഭ്യമാകും. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും നിഴലില്‍ നില്‍ക്കുന്ന ടാറ്റയുടെ ഓണ്‍ലൈന്‍ വില്‍പന സംരംഭം ക്രോമാ, പലചരക്കു വ്യാപാര സ്ഥാപനമായ ബിഗ്ബാസ്‌കറ്റ്, 1എംജി, എയര്‍ ഏഷ്യ തുടങ്ങിയവയുടേത് അടക്കം നിരവധി സേവനങ്ങളാണ് ഇതിൽ ഒരുക്കുന്നത്.
ടാറ്റാ പേ
ആമസോണ്‍ പേ, ജിപേ, ഭീം തുടങ്ങിയ യുപിഐ-കേന്ദ്രീകൃത പണമടയ്ക്കല്‍ സംവിധാനങ്ങളുടെ രീതിയില്‍ തുടങ്ങിയിരിക്കുന്നതാണ് ടാറ്റാ പേ. മറ്റ് യുപിഐ പേയ്മെന്റ് സംവിധാനങ്ങളെപ്പോലെ ആയിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം സ്വീകരിക്കാനും പണം അയയ്ക്കാനും പണമടയ്ക്കാനും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുമെല്ലാം ഇതുവഴി സാധ്യമാണ്.
എന്താണ് ടാറ്റാ ന്യൂ റിവാര്‍ഡ്‌സ് അല്ലെങ്കില്‍ ന്യൂകോയിന്‍സ്?
ടാറ്റയുടെ പ്ലാറ്റ്‌ഫോമില്‍ നിന്നു സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ഒരോ തവണയും ന്യൂകോയിന്‍സ് (NeuCoins) ലഭിക്കും. ഒരു ന്യൂകോയിന്റെ വില 1 രൂപ തന്നെ ആയിരിക്കുമെന്ന് ആപ് പറയുന്നു. ന്യൂ ആപ്പിലൂടെ എന്തെങ്കിലും വാങ്ങുമ്പോള്‍ ഇത് രൂപ പോലെ തന്നെ ഉപയോഗിക്കാമെന്നും പറയുന്നു.
ടാറ്റാ ന്യൂവില്‍ നിലവില്‍ ലഭ്യമായ ചില സേവനങ്ങള്‍
ടാറ്റാ കമ്പനിയുടെ പല ഉല്‍പന്നങ്ങളും സേവനങ്ങളും ന്യൂവില്‍ എത്തിക്കഴിഞ്ഞു. പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഫോണുകള്‍, തുണി, ഫ്‌ളൈറ്റ് ബുക്കിങ്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, മരുന്ന്, സിനിമ കാണല്‍ തുടങ്ങി പലതും ആപ്പിലൂടെ നിര്‍വഹിക്കാം. എയര്‍ ഏഷ്യ, ബിഗ്ബാസ്‌ക്കറ്റ്, ക്രോമ, ഐഎച്‌സിഎല്‍, ക്വിമിന്‍ (Qmin), ടാറ്റാ 1എംജി, സ്റ്റാര്‍ബക്‌സ്, ടാറ്റാ ക്ലിക്, ടാറ്റാ പേ, വെസ്റ്റ്‌സൈഡ് തുടങ്ങിയവയെല്ലാം എത്തിക്കഴിഞ്ഞു.
ഇനി എത്താന്‍ പോകുന്നത് എന്തെല്ലാം?
ന്യൂവില്‍ അധികം താമസിയാതെ എത്താന്‍പോകുന്ന സേവനങ്ങള്‍ എയര്‍ ഇന്ത്യാ, വിസ്താര, ടൈറ്റന്‍, തനിഷ്‌ക്, ടാറ്റാ മോട്ടഴ്സ് തുടങ്ങിയവയാണ്.
എന്താണ് ന്യൂപാസ്?
ആമസോണ്‍ പ്രൈം, ഫ്‌ളിപ്കാര്‍ട്ട് പ്ലസ് തുടങ്ങിയവ പോലെ പ്രീമിയം മെമ്പര്‍ഷിപ് ആയിരിക്കും ന്യൂപാസ് (NeuPass). ഇത് ഇപ്പോള്‍ എത്തിയിട്ടില്ല. ഉടന്‍ വരുന്നു എന്നാണ് ആപ് പറയുന്നത്. ഈ മെമ്പര്‍മാര്‍ക്ക് കുടുതൽ ആനുകൂല്യങ്ങളും ഉണ്ടാകും. ന്യൂപാസ് ഉള്ളവര്‍ക്ക് ഓരോ ഇടപാടിലും കുറഞ്ഞത് 5 ശതമാനം ന്യൂകോയിന്‍സ് ലഭിക്കുന്ന രീതിയിലായിരിക്കും ഇത്. ടാറ്റാ പേ വഴി പണമടയ്ക്കുന്നവര്‍ക്കായിരിക്കും ഇതിന്റെ ഗുണം കിട്ടുക.
ഇളവുകള്‍
നിരവധി കമ്പനികളുള്ള ടാറ്റ, ന്യൂ ഉപയോഗിക്കുന്നവര്‍ക്ക് ഒരുപാട് ഇളവുകളും മറ്റും നല്‍കിയേക്കും. ഹോട്ടല്‍ ബുക്കിങ് പോലെയുള്ള മേഖലകളില്‍ 50 ശതമാനം വരെ ഇളവ് നല്‍കാനായിരിക്കും ശ്രമിക്കുക. ആഡംബര വിഭാഗങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഇളവും നല്‍കിയേക്കും.
സ്‌റ്റോറീസ്
ആപ്പിനു താഴെയായി ഒരു സ്‌റ്റോറിസ് വിഭാഗമുണ്ട്. ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന ഗൈഡുകളും ഐപിഎല്‍ വിശേഷങ്ങളും വിവിധ മേഖലകളില്‍ നിന്നുളള ട്രെന്‍ഡുകളും യാത്രാ സഹായികളും ടെക്‌നോളജി വാര്‍ത്തകളും ഫാഷന്‍ ജേണലും ഒക്കെ ഉള്‍ക്കൊള്ളുന്നു.
സൂപ്പര്‍ ആപ് എന്ന നിലയില്‍ ടാറ്റാ ന്യൂവിന്റെ കുറവുകള്‍ എന്താണ്?
വാട്‌സാപ് പോലെയൊരു സന്ദേശ കൈമാറ്റ സംവിധാനം ഇപ്പോഴില്ല. സൂപ്പര്‍ ആപ് എന്നു പറഞ്ഞാല്‍ വീചാറ്റിനെ ഓര്‍ക്കുന്നതു കൊണ്ടാകാം ഈ പ്രശ്‌നം. ടാറ്റ ഉദ്ദേശിച്ചത് തങ്ങളുടെ കീഴിലുള്ള എല്ലാ കമ്പനികളുടെയും സേവനങ്ങള്‍ നല്‍കുന്ന ഒരു സൂപ്പര്‍ആപ് എന്നായിരിക്കാം.
ചരിത്ര ദൗത്യം
സൂപ്പര്‍ ആപ് എന്ന അവകാശവാദവുമായി എത്തുന്ന രാജ്യത്തെ ആദ്യ ആപ്പാണ് ടാറ്റ ന്യൂ. എന്നാല്‍ അവസാനത്തേതല്ലതാനും. ഈ രീതിയിലുള്ള പല ആപ്പുകളും അധികം താമസിയാതെ എത്തിയേക്കുമെന്നതാണ് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
വീചാറ്റ് മോഡല്‍ ആദ്യ സൂപ്പര്‍ ആപ് ഏതായിരിക്കും?
ചാറ്റ് മുതല്‍ ഷോപ്പിങ് വരെ നടത്തിച്ച്, ഉപയോക്താവിനെ പിരിയാന്‍ വിടാത്ത ആപ്പുകള്‍ ഇന്ത്യയിലും എത്തും. രാജ്യത്തെ ബിസിനസ് രാജാക്കന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ റിലയന്‍സും സമൂഹ മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കും (മെറ്റാ) ചേര്‍ന്ന് ഇത്തരം ഒരു ഉദ്യമം നേരത്തേ തുടങ്ങിവച്ചിരുന്നു. വീചാറ്റ് മോഡലിലുള്ള ഇന്ത്യയിലെ ആദ്യ സൂപ്പര്‍ ആപ്പായി വാട്‌സാപ്പിനെ പരിണമിപ്പിക്കാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്. വാട്‌സാപ്പ് പേ, ഷോപ്പിങ് തുടങ്ങിയവ എത്തിത്തുടങ്ങിയിരിക്കുകയാണല്ലോ.