ഒൻപതു വർഷം മുൻപ് യുക്രെയ്ൻ പൗരൻമാരുടെ ഡേറ്റ റഷ്യൻ സർക്കാർ ഏജൻസികൾക്കു കൊടുക്കാതെ സംരക്ഷിച്ചെന്ന് ടെലിഗ്രാം സിഇഒ പാവേൽ ഡുറോവ്. റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് നഗരത്തിൽ ജനിച്ച ഡുറോവ് വികെ എന്ന പേരിൽ വൻവിജയമായ, ഫെയ്സ്ബുക്കിനു തത്തുല്യമായ ഒരു സമൂഹമാധ്യമം 2006ൽ തന്റെ 21ാം വയസ്സിൽ തുടങ്ങിയിരുന്നു. 2011 മുതൽ റഷ്യൻ സർക്കാരുമായി ഉരസലിലാണ് ‍ഡുറോവ്. രാഷ്ട്രീയ സമ്മർദങ്ങൾ മൂലം 2014ൽ ഡുറോവ് വികെ വിട്ടിരുന്നു.

പിൽക്കാലത്ത് ഡുറോവ് റഷ്യ വിടുകയും കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നേവിസിൽ പൗരത്വം എടുക്കുകയും ചെയ്തു. ലോകപ്രശസ്തമായ മെസേജിങ് ആപ്പായ ടെലിഗ്രാമിന് ഡുറോവ് തുടക്കമിട്ടതും അക്കാലത്താണ്. ബെർലിനായിരുന്നു കമ്പനിയുടെ ആദ്യ ആസ്ഥാനം. തുടർന്ന് ദുബായിലേക്ക് മാറ്റി. ഇപ്പോൾ ഫ്രഞ്ച് പൗരത്വമുണ്ടെങ്കിലും ഡുറോവ് ദുബായിലാണു താമസിക്കുന്നത്.

2010 മുതലാണ് ഡുറോവിന് തന്റെ ആദ്യ കമ്പനിയായ വികെയിൽ പിടി അയഞ്ഞുതുടങ്ങിയത്. അക്കാലത്ത് യുക്രെയ്ൻ ഭരിച്ചിരുന്നു കടുത്ത റഷ്യ അനുകൂലി നേതാവായ വിക്ടർ യാനുകോവിച്ചിനെ എതിർക്കുന്നവരുടെ ഡേറ്റയാണ് റഷ്യൻ ഇന്റലിജൻസ് സംഘടനായ എഫ്എസ്ബി ചോദിച്ചതെന്നും ഇതു കൊടുക്കാൻ താൻ വിസമ്മതിച്ചെന്നും ഡുറോവ് പറയുന്നു. എന്നാൽ ഇതിനു വഴങ്ങാതിരുന്നതോടെ താൻ പുറത്തുപോകാൻ നിർബന്ധിതനാകുകയായിരുന്നെന്നും ഡുറോവ് ആരോപിച്ചിരുന്നു. എഫ്എസ്ബി ഡേറ്റ ചോദിക്കുന്ന സ്ക്രീൻഷോട്ടുകളും പോയി പണിനോക്കിക്കോ എന്ന രീതിയിലുള്ള ഉത്തരവും ഡുറോവ് അന്ന് വികെയിൽ പോസ്റ്റു ചെയ്തിരുന്നു. പുട്ടിൻ വിരുദ്ധമായ പോസ്റ്റുകളും മറ്റും വികെയിൽ നിന്നു മാറ്റാനും അന്നു ഡുറോവ് സമ്മതിച്ചില്ല.

പിന്നീട് വ്ലാഡിമിർ പുട്ടിന് മേധാവിത്വമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സമൂഹമാധ്യമമായി വികെ മാറി. ഇന്നും റഷ്യയിലെ ഏറ്റവും ഉപയോക്താക്കളുള്ള സമൂഹമാധ്യമം ഇതുതന്നെയാണ്. ഡുറോവും റഷ്യയും തമ്മിലുള്ള ഉരസൽ വീണ്ടും തുടർന്നിരുന്നു. 2018ൽ ടെലിഗ്രാം നിരോധിക്കാനായി റഷ്യ വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ വിഫലമായതിനെത്തുടർന്ന് 2020ൽ ഈ ശ്രമം ഉപേക്ഷിച്ചു. വാട്സാപ്പിനു ശേഷം റഷ്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെസേജിങ് ആപ്പ് ടെലിഗ്രാമാണ്. 3.8 കോടി ആളുകൾ ഇന്ന് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്.

റഷ്യൻ യുദ്ധം തുടങ്ങിയ ശേഷം വാർത്തകൾ പ്രചരിക്കുന്നതിൽ ടെലിഗ്രാമിന് ഒരു നിർണായക പങ്കുണ്ടെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്. ഒട്ടേറെ തെറ്റായ വാർത്തകളും വ്യാജവാർത്തകളും കരുതിക്കൂട്ടിയുള്ള പ്രചാരണങ്ങളും ടെലിഗ്രാമിലൂടെ പ്രചരിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. യുക്രെയ്നിലും വളരെ വ്യാപകമായി ടെലിഗ്രാം ഉപയോഗിക്കപ്പെടുന്നു. യുക്രെയ്ൻ സർക്കാരും പല വിവരങ്ങളും അപ്ഡേറ്റുകളും ടെലിഗ്രാം വഴിയാണു നൽകുന്നത്. 

റഷ്യയിലാണു ജനിച്ചതെങ്കിലും അമ്മവഴി താൻ യുക്രെയ്ൻകാരനാണെന്നും ഡുറോവ് പറഞ്ഞു. കീവിൽ നിന്നാണത്രേ അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം. യുക്രെയ്നിൽ ഇപ്പോഴും ഡുറോവിനു ബന്ധുക്കളുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *