വാട്‌സാപ്പില്‍ നിന്ന് സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ആപ്പിളിന്റെ ഐമെസേജിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയയ്ക്കാവുന്ന കാലം വരുമോ? ഭാവിയില്‍ സഫാരിയും ഐമെസേജും സിരിയും ഇല്ലാത്ത ഐഫോണായിരിക്കുമോ കൈയ്യില്‍ കിട്ടുക? ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ മാപ്‌സും ക്രോമും ജിമെയില്‍ ആപ്പുമടക്കമുള്ള ഗൂഗിള്‍ സേവനങ്ങളുടെയും ഗതിയും ഇതായിരിക്കുമോ? യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ അന്തിമരൂപം നല്‍കിയിരിക്കുന്ന ‘ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട്’ (ഡിഎംഎ) ഇപ്പോഴത്തെ രൂപത്തില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഗൂഗിള്‍, ഫെയസ്ബുക്, മെറ്റാ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ ചില കുത്തകകള്‍ തകര്‍ത്തെറിഞ്ഞേക്കും. ഡിജിറ്റല്‍ മേഖലയെ കൂടുതല്‍ നീതിപൂര്‍വകമായ ഒന്നാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചരിത്രപ്രധാനമായ പുതിയ നിയമംവരിക എന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പറഞ്ഞു. ഇതിന്റെ പ്രത്യാഘാതങ്ങൾ യൂറോപ്പില്‍ ഒതുങ്ങിയേക്കില്ല, മറിച്ച് ലോകം മുഴുവന്‍ പ്രതിഫലിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

∙ വേലികെട്ടിയ ഇടങ്ങളുമായി ടെക്‌നോളജി കമ്പനികള്‍

തങ്ങളുടെ ഇടങ്ങള്‍ വേലികെട്ടിത്തിരിച്ചിരിക്കുന്ന കമ്പനികള്‍ക്ക് ഇത് കടുത്ത പ്രതിസന്ധി ഉണ്ടാക്കിയേക്കും. ഗെയ്റ്റ് കാവല്‍ക്കാരായി ഭാവിക്കുന്ന ആപ്പിള്‍, ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കായിരിക്കും കനത്ത പ്രഹരമേല്‍ക്കുക. നിയമം ലംഘിച്ചാല്‍ കമ്പനിയുടെ ആഗോള തലത്തിലെ വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനമാണ് പിഴയായി ഈടാക്കുക. ആവര്‍ത്തിച്ച് നിയമലംഘനം നടത്തിയാല്‍ പിഴ 20 ശതമാനമായി വര്‍ധിക്കും. ചില സന്ദര്‍ഭങ്ങളില്‍ പുതിയ കമ്പനികളെ ഏറ്റെടുക്കുന്നതില്‍ നിന്ന് കമ്പനികളെ വിലക്കുകയും ചെയ്‌തേക്കും. ഗെയ്റ്റ് കാവല്‍ക്കാരായി ഭാവിക്കുന്ന കമ്പനികള്‍ ആപ്പുകളുടെയും പരസ്യത്തിന്റെയും എല്ലാം കുത്തക കൈയ്യില്‍വച്ചിരിക്കുകയാണ് ഇപ്പോള്‍. ഇവര്‍ തന്നെ ഈ കമ്പനികൾ സ്വാന്തം ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിർമിക്കുന്നു. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളാണ് ഈ ഗണത്തില്‍ പെടുന്നത്. വരാന്‍ പോകുന്ന നിയമത്തെ വിമര്‍ശിച്ച് ഈ കമ്പനികള്‍ രംഗത്തെത്തിയെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഏതെല്ലാം കമ്പനികളെയാണ് ഗെയ്റ്റ് കീപ്പര്‍മാരായി കാണുക?

കുറഞ്ഞ വാര്‍ഷിക വരുമാനം 82 ബില്ല്യന്‍ ഡോളറും പ്രതിമാസം 45 ദശലക്ഷം ഉപയോക്താക്കളുമുള്ള കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ നിയമം വരുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റാ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ കൂടാതെ ബുക്കിങ്‌സ്.കോം പോലെയുള്ള ചെറുകിട വെബ്‌സൈറ്റുകള്‍ പോലും പുതിയ നിയമത്തിന്റെ പരിധിയില്‍ വന്നേക്കും. ചെറുകിട കമ്പനികള്‍ ആപ്പുകളും സേവനങ്ങളും മറ്റും തുടങ്ങിയാലും കാര്യമായ പരസ്യവരുമാനമൊന്നും അവര്‍ക്ക് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളില്‍ ഒതുങ്ങും. എന്നാല്‍, മെസേജുകളും മറ്റും വിവിധ ആപ്പുകള്‍ക്ക് പരസ്പരം കൈമാറാനായാല്‍ ഈ സാഹചര്യത്തിനു മാറ്റം വരാം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇതു വേണമെന്നാണ് യൂറോപ്യന്‍ നിയമ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍, ഇത് സാധ്യമല്ലെന്നു പറഞ്ഞാണ് ആപ്പിളടക്കമുള്ള കമ്പനികള്‍ രംഗത്തുവന്നിരിക്കുന്നത്.

∙ ഗൂഗിള്‍, ആപ്പിള്‍, മെറ്റാ, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ഇനി ചട്ടങ്ങള്‍ മാറ്റണം?

ഇപ്പോള്‍ വമ്പന്‍ കമ്പനികള്‍ക്ക് വര്‍ഷാവര്‍ഷം ബില്ല്യന്‍ കണക്കിന് ഡോളര്‍ പോക്കറ്റിലിടാന്‍ സാധിക്കുമ്പോള്‍ മികച്ച സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കു പോലും നക്കാപ്പിച്ച കൊണ്ടു തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. ഏതെങ്കിലും സ്റ്റാര്‍ട്ട്-അപ്പ് കമ്പനി തങ്ങള്‍ക്ക് എതിരാളിയായേക്കുമെന്നു തോന്നിയാല്‍ അതിനെ അങ്ങ് ഏറ്റെടുത്തും എതിരാളികളില്ലാതെ വിലസാന്‍ വമ്പന്മാര്‍ ശ്രമിക്കുന്നു എന്നതും അധികാരികള്‍ക്ക് വിഷമം ഉണ്ടാക്കിയിരിക്കുന്നു.

∙ ആപ്പുകള്‍ തമ്മില്‍ പരസ്പരം സന്ദേശം കൈമാറാന്‍ അനുവദിക്കുക

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉണ്ടായെങ്കിലും അധികം പേരും അവരുടെ ആപ്പുകള്‍ വിട്ടുപോയില്ല. അതിന്റെ കാരണം ഈ വിപണിയിൽ ഫെയ്‌സ്ബുക്കിനുള്ള സ്വാധീനമാണെന്ന് വിലയിരുത്തുന്നു. ഫെയ്‌സബുക്കിന്റെ മെസഞ്ചര്‍, കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് തുടങ്ങിയവയില്‍ നിന്ന് കാര്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടായില്ല. എതിരാളികളുടെ ആപ്പുകളായ ടെലഗ്രാമിനോ, സിഗ്നലിനോ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതു പരിഹരിക്കാനാണ് ആപ്പുകള്‍ തമ്മില്‍ സന്ദേശക്കൈമാറ്റം സാധിക്കണമെന്നുള്ള നിര്‍ദേശം ഡിഎംഎ മുന്നോട്ടുവയ്ക്കുന്നത്. 

i-message

∙ ആമസോണില്‍ നിന്ന് ഉൽപന്നങ്ങള്‍ വാങ്ങല്‍

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പന ശാലയാണ് ആമസോണ്‍. ആയിരക്കണക്കിനു സെല്ലര്‍മാര്‍ ആമസോണ്‍ വഴി ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നും ഉണ്ട്. എന്നാല്‍, ആമസോണിന്റെ വില്‍പനാ തന്ത്രങ്ങള്‍ സുതാര്യമല്ല. ഈ ഭീമന്‍ തങ്ങളുടെ സ്വന്തം റീട്ടെയില്‍ വില്‍പനയ്ക്ക് പ്രാധാന്യം നല്‍കിയായിരിക്കാം പ്രവര്‍ത്തിക്കുന്നതെന്ന സംശയം നേരത്തേ മുതല്‍ നിലവിലുണ്ട്. ഇതിനാല്‍ തന്നെ, ആമസോണ്‍ പ്ലാറ്റ്‌ഫോമിലെ ഡേറ്റ മറ്റു കമ്പനികളുമായി പങ്കുവയ്ക്കണമെന്നാണ് ഡിഎംഎ ആവശ്യപ്പെടുന്നത്.

∙ ആപ്പിളിന്റെ പരിപാവനമായ ആപ് സ്റ്റോര്‍

തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ആരേയും കാലെടുത്തുകുത്താന്‍ അനുവദിക്കാത്ത മറ്റൊരു കമ്പനിയാണ് ആപ്പിള്‍. ആപ് സ്റ്റോറില്‍ ആപ്പിളിന്റെ തോന്നിവാസമാണ് നടക്കുന്നതെന്ന ആരോപണവും ഉണ്ട്. ഈ ആരോപണം ആരെങ്കിലും ഉന്നയിച്ചാല്‍ തങ്ങളുടെ ആപ് സ്റ്റോര്‍ പരിപാവനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്നാണെന്നു പറഞ്ഞ് കമ്പനി രംഗത്തെത്തുന്നതും കാണാം. എന്നാല്‍, ഡിഎംഎ പറയുന്നത് ആപ് സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന തേഡ് പാര്‍ട്ടി ആപ്പുകളുടെ പണമടയ്ക്കല്‍ രീതികള്‍, ആപ്പുകള്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്നാണ്. ഇത് അംഗീകരിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിനു പോലും അവഗണിക്കാനാകാത്ത പിഴയായിരിക്കും കാത്തിരിക്കുക.

∙ ബ്രൗസര്‍ യുദ്ധം

ഗെയ്റ്റ് കീപ്പര്‍ പ്ലാറ്റ്‌ഫോമുകള്‍ കൈയ്യടക്കിവച്ചിരിക്കുന്ന മറ്റൊരു ബിസിനസ് ബ്രൗസറുകളുടെ കാര്യത്തിലാണ്. ഇവ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് എത്തുന്നതിനാല്‍ അവ ഉപയോഗിക്കാന്‍ കസ്റ്റമര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. പലര്‍ക്കും ബ്രൗസര്‍ ഡീഫോള്‍ട്ട് ബ്രൗസര്‍ മാറ്റുന്നത് എന്തിനാണെന്നു പോലും അറിയില്ല. മാപ്പുകള്‍, കാലാവസ്ഥ തുടങ്ങിയ മേഖലകളിലും കുത്തകളുടെ നീരാളിപ്പിടുത്തം കാണാം. 

chrome

∙ പരസ്യങ്ങളെക്കുറിച്ചുള്ള സുതാര്യതയില്ലായ്മ

ആഗോള തലത്തില്‍ വരുന്ന ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ സിംഹഭാഗവും ഗൂഗിളും ഫെയ്‌സ്ബുക്കും പങ്കുവച്ചെടുക്കുന്നു എന്നുള്ള ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഇതു കൂടാതെ, ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന അമൂല്യമായ ഡേറ്റ ഈ കമ്പനികള്‍ കൈയ്യടക്കി വയ്ക്കുകയും ചെയ്യുന്നു. ഇനി പരസ്യക്കാരെക്കുറിച്ചും പരസ്യങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്നും ഒരു പരസ്യം ഗുണകരമായോ എന്നും ഒക്കെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഗെയ്റ്റ് കീപ്പര്‍ കമ്പനികളെ നിര്‍ബന്ധിച്ചേക്കും. ഇതോടെ പരസ്യം നല്‍കുന്ന കമ്പനികള്‍ക്ക് ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും മറികടന്ന് പരസ്യം നല്‍കാനുള്ള സാധ്യതയും തെളിഞ്ഞു വന്നേക്കും.

∙ അമേരിക്ക ഇതുവരെ പ്രതികരിച്ചില്ല

ഇത്തരം ചില നീക്കങ്ങള്‍ നടത്താന്‍ ഒരുങ്ങുകയായിരുന്നു അമേരിക്കയും എന്നു റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇയുവിന്റെ നിയമങ്ങളെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ, പല ലോക രാഷ്ട്രങ്ങളും ഇയുവിന്റെ നിയമം അംഗീകരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഡിഎംഎ നിയമമാകണമെങ്കില്‍ ഏതാനും കടമ്പകള്‍ കൂടി കടക്കാനുണ്ട്. ഗൂഗിള്‍, ആപ്പിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ നിയമ നിര്‍മാതാക്കളെ സ്വാധീനിക്കാനുള്ള സാധ്യത പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *