വ്യാജ വാര്‍ത്തകളടക്കം അതിവേഗം പ്രചരിക്കുന്ന ഒരു സന്ദേശക്കൈമാറ്റ സംവിധാനമാണ് വാട്‌സാപ്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി 2019ല്‍ സന്ദേശം ഒരു തവണ പരമാവധി അഞ്ചു പേര്‍ക്കോ, അഞ്ചു ഗ്രൂപ്പിനോ മാത്രം ഫോര്‍വേഡ് ചെയ്യാവുന്ന രീതിയില്‍ ക്രമീകരിച്ചിരുന്നു. ഇത് വീണ്ടും പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്. തെറ്റായ വാര്‍ത്തയും വിവരങ്ങളും ഗൂഢാലോചനാ വാദവുമൊക്കെ അതിവേഗം ആയിരങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോഴും വാട്‌സാപ്പിന് പങ്കുണ്ടെന്ന കണ്ടെത്തലാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചുരുക്കമായെങ്കിലും ഇതെല്ലാം അക്രമങ്ങളില്‍ വരെ കലാശിക്കുന്നു എന്നും കണ്ടെത്തിക്കഴിഞ്ഞു.

∙ മാറ്റം വരുന്നത് വേര്‍ഷന്‍ v2.22.7.2

ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പിന്റെ v2.22.7.2 ബീറ്റാ പതിപ്പിലാണ് പുതിയ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം പുതിയ വേര്‍ഷനില്‍ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക. അഞ്ചു വ്യക്തികള്‍ക്കു വരെ ഫോര്‍വേഡ് ചെയ്യാന്‍ തുടര്‍ന്നും സാധിക്കുമെങ്കിലും ഒരു ഗ്രൂപ്പിലേക്കു മാത്രമാണ് ഒരു സന്ദേശം അയക്കാന്‍ സാധിക്കുക. കൂടുതല്‍ ഗ്രൂപ്പുകളിലേക്കു വേണമെങ്കില്‍ വീണ്ടും ഒരോ തവണയായി ഫോര്‍വേഡ് ചെയ്യേണ്ടതായി വരും. പതിവുപോലെ, വാബീറ്റാഇന്‍ഫോ തന്നെയാണ് പുതിയ മാറ്റവും കണ്ടെത്തി ആദ്യം പുറത്തുവിട്ടത്.

∙ ഇനി വാട്സാപ് ഗ്രൂപ്പുകളില്‍ വോട്ടെടുപ്പും നടത്താം

വാട്‌സാപ്പിന്റെ അടുത്ത എതിരാളിയായ ടെലഗ്രാമിലുള്ള മറ്റൊരു ഫീച്ചര്‍ പറിച്ചു നടാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നും പറയുന്നു. ഒരു വാട്‌സാപ് ഗ്രൂപ്പിനുള്ളിലെ ആളുകളുടെ അഭിപ്രായം അറിയാനുള്ള വോട്ടെടുപ്പ് നടത്താനുള്ള ഫീച്ചറായിരിക്കും താമസിയാതെ കൊണ്ടുവരിക എന്നും വാബീറ്റാഇന്‍ഫോ പറയുന്നു. ‘പോള്‍’ എന്ന പേരിലായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക. ചില ഗ്രൂപ്പുകള്‍ക്ക് ഒരു വിഷയത്തെക്കുറിച്ച് അതിലെ അംഗങ്ങളുടെ അഭിപ്രായം അതിവേഗം അറിയാന്‍ ഇത് പ്രയോജനപ്പെടുമെന്നു കരുതുന്നു.

∙ പുതിയ ഐഫോണ്‍ എസ്ഇ 5ജിക്ക് എക്‌ചേഞ്ച് ഓഫറുമായി ആപ്പിള്‍

വില കുറഞ്ഞ ഫോൺ എന്നു പറഞ്ഞ് അവതരിപ്പിച്ച ഐഫോണ്‍ എസ്ഇ 5ജിയുടെ തുടക്ക വേരിയന്റിന് ഇന്ത്യയില്‍ വിലയിട്ടിരിക്കുന്നത് 43,900 രൂപയാണ്. ഇത് അത്ര വിലക്കുറവൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍, ഇന്ത്യയിലെ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ പുതിയ ഫോണിന് എക്‌സചേഞ്ച് ഓഫറുകള്‍ നല്‍കി തുടങ്ങിയെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതുപ്രകാരം, അവര്‍ എസ്ഇ 2020 മോഡല്‍ എക്‌ചേഞ്ച് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 11,000 രൂപ വരെ ലഭിക്കുമെന്നു കണ്ടെത്തിയെന്നാണ് വാര്‍ത്ത. പഴയ എസ്ഇ മോഡല്‍ നല്‍കിയാല്‍ പുതിയ 5ജി മോഡല്‍ 32,990 രൂപയ്ക്ക് ലഭിക്കുമെന്നു പറയുന്നു. ഐഫോണ്‍ 7 മുതലുള്ള ഫോണുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

∙ ഇതൊരു നഷ്ടക്കച്ചവടമോ?

റിപ്പോര്‍ട്ട് പ്രകാരം, ഐഫോണ്‍ 7, 8 മോഡലുകള്‍ക്ക് ഇത്രയും ഡിസ്‌കൗണ്ട് ലഭിക്കണമെന്നില്ലെന്നും പറയുന്നു. ( എന്നാല്‍, ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് മോഡലുകള്‍ക്ക് ലഭിച്ചേക്കാം.) എന്നാല്‍, 11,000 രൂപയ്ക്ക് ഒരു എസ്ഇ മോഡല്‍ വിറ്റ് ഏകദേശം അതുപോലെയിരിക്കുന്ന ഒരു ഫോണ്‍, ഇല്ലാത്ത 5ജിക്കു വേണ്ടിയും അല്‍പം പ്രകടനമികവിനും വേണ്ടിയും സ്വന്തമാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. തുടക്ക വേരിയന്റിന്റെ വിലയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതേസമയം, 128 ജിബി മോഡലാണെങ്കില്‍ പഴയ എസ്ഇ മോഡല്‍ എക്‌സചേഞ്ച് ചെയ്താല്‍ 37,900 രൂപ കൂടി നല്‍കണം. കൂടാതെ, 256 ജിബി വേര്‍ഷന് 47,900 രൂപയും നല്‍കണം. പഴയ എസ്ഇ 2020 എക്‌സ്‌ചേഞ്ച് ചെയ്താല്‍ ലഭിക്കുന്ന വിലയാണിത്.

∙ ഐഫോണ്‍ എസ്ഇ 2020ക്ക് ഡിസ്‌കൗണ്ട്

ഐഫോണ്‍ എസ്ഇ 2020 മോഡല്‍ ആപ്പിളിന്റെ ഇന്ത്യയിലെ സ്‌റ്റോര്‍ വഴിയുള്ള വില്‍പന നിർത്തിയെന്നാണ് കരുതുന്നത്. എന്തായാലും, ഫ്‌ളിപ്കാര്‍ട്ടില്‍ ഈ മോഡല്‍ ഇപ്പോഴും വാങ്ങാന്‍ ലഭിക്കും – 29,999 രൂപയാണ് തുടക്ക വേരിയന്റിന്റെ വില. എക്‌ചേഞ്ച് വഴി 13,000 രൂപ വരെയും ലാഭിക്കാം. മറ്റ് ഓഫറുകളും ഉണ്ട്. ലെനോവോ സ്മാര്‍ട് ക്ലോക്ക് ഇസന്‍ഷ്യല്‍ 2,999 രൂപയ്ക്ക് ലഭിക്കുമെന്നത് അടക്കമാണ് ഓഫറുകള്‍. ഫോണിന്റെ എംആര്‍പി 42,500 രൂപയാണ്.

iphone-se

∙ ഐഒഎസ് 15.4 അപ്‌ഡേറ്റ് അടുത്തയാഴ്ച

ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ അടുത്ത വേര്‍ഷനായ ഐഒഎസ് 15.4 അടുത്തയാഴ്ച പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപാഡ് ഒഎസ് അടക്കമുള്ള ആപ്പിളിന്റെ പല ഒഎസുകളും ഇതോടൊപ്പം അപ്‌ഡേറ്റ് ചെയ്‌തേക്കും.

∙ ടോര്‍ വഴി റഷ്യയിലേക്ക് ട്വിറ്റര്‍

റഷ്യന്‍ സർക്കാർ ട്വിറ്റര്‍ നിരോധിച്ചതോടെ രാജ്യത്തെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ഉപയോഗിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് ട്വിറ്റര്‍. ടോറിന്റെ ‘അനിയന്‍’ നെറ്റ്‌വര്‍ക്ക് വഴി റഷ്യയിലുള്ളവര്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാന്‍ പാകത്തിന് സേവനങ്ങള്‍ ക്രമീകരിച്ചുവെന്ന് കമ്പനി പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ടോര്‍ വേര്‍ഷന്‍ 2014 മുതല്‍ നിലവിലുണ്ട്. ടോര്‍ സേവനം വഴി സ്വകാര്യത സംരക്ഷിക്കപ്പെടും എന്നതു കൂടാതെ, സർക്കാരിന്റെ ശ്രദ്ധയില്‍ പെടാതിരിക്കാനും സാധിക്കും. 

∙ നതിങ് ഫോണ്‍ മാര്‍ച്ച് 23ന് അവതരിപ്പിക്കുമോ?

ടെക്‌നോളജി പ്രേമികള്‍ക്ക് നതിങ് കമ്പനിയെ ശ്രദ്ധിക്കാതിരിക്കാനാവില്ല. സ്മാര്‍ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ മാറ്റം കൊണ്ടുവന്ന വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ കാള്‍ പെയ് കമ്പനിയുമായി തെറ്റിപ്പിരിഞ്ഞ് സ്ഥാപിച്ചതാണ് നതിങ്. കമ്പനി ഇതുവരെ ഒരു വയര്‍ലെസ് ഇയര്‍ബഡ്‌സ് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍, താമസിയാതെ മറ്റു ചില പ്രോഡക്ടുകളും പുറത്തിറക്കിയേക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കേട്ടുകേള്‍വികള്‍. എന്തായാലും നതിങ് ഒരു ഇവന്റ് മാര്‍ച്ച് 23 നടത്തുമെന്ന് അറിയിച്ചുകഴിഞ്ഞു. ഇന്ത്യന്‍സമയം രാത്രി 7.30നായിരിക്കും ഇവന്റ് തുടങ്ങുക. കുറഞ്ഞത്, തങ്ങള്‍ 2022ല്‍ പുറത്തിറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചേക്കുമെന്നാണ് കരുതുന്നത്.

കമ്പനിക്ക് ഇതുവരെ 144 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറയുന്നു. പ്രമുഖ ചിപ്പ് നിര്‍മാതാവായ ക്വാല്‍കമുമായും കമ്പനി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ടെക്‌ക്രഞ്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നതിങ്ങിന്റെ ആദ്യ സ്മാര്‍ട് ഫോണ്‍ ഏപ്രില്‍ 2022ല്‍ ആയിരിക്കും പുറത്തിറക്കുക എന്നും പറയുന്നു. 

∙ റെഡ്മി വാച് 2 ലൈറ്റ് പുറത്തിറക്കി

റെഡ്മി നോട്ട് 11 പ്രോ സീരീസിനൊപ്പം പുതിയ സ്മാര്‍ട് വാച്ച് റെഡ്മി വാച് 2 ലൈറ്റും ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിന് 1.55-ഇഞ്ച് എച്ഡി സ്‌ക്രീനാണ് ഉള്ളത്. മാര്‍ച്ച് 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പന ആരംഭിക്കുന്ന വാച്ചിന് 4,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഹാര്‍ട്ട് റെയ്റ്റ്, ബ്ലഡ് ഓക്‌സിജന്‍ ലെവല്‍ തുടങ്ങിയവ പരിശോധിക്കാനാകുന്ന വാച്ചിന് ബില്‍റ്റ്-ഇന്‍ ജിപിഎസും ഉണ്ട്. വര്‍ക്ക് ഔട്ട് മോഡുകളും വാച്ചിനെ ആകര്‍ഷകമാക്കുമെന്നു കരുതുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *