ഇന്റർനെറ്റിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യമാണ് ഗൂഗിൾ സെർച്ച് അല്ലെങ്കിൽ ‘ഗൂഗ്ലിങ്’. ലോകത്തെ എന്ത് കാര്യവും ഞൊടിയിടയിൽ നമുക്ക് അറിയാൻ ഗൂഗിൾ സഹായിക്കും. എന്നാൽ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് ആവശ്യമായതിൽ കൂടുതൽ കാര്യങ്ങൾ കടന്ന് വരാറില്ലേ, ചിലപ്പോൾ ആവശ്യമായത് അതിൽ നിന്ന് കണ്ടെത്താനും പ്രയാസമാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ഗൂഗിളിൽ തന്നെയുണ്ട്. അതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ കൃത്യമായ സെർച് റിസൾട്ടുകൾ ലഭിക്കാനുള്ള പൊടിക്കൈകൾ ഇതാ.
ടൈം ഫിൽറ്റർ സജ്ജീകരിക്കുക
ഗൂഗിളിൽ സെർച്ച് ചെയ്ത് റിസൾട്ട് എടുക്കുന്ന ബാറിന് താഴെ വരുന്ന കാറ്റഗറി റിബണിന് (വാർത്തകൾ, ചിത്രങ്ങൾ, മാപ്‌സ് എന്നിവ അടങ്ങുന്ന ഭാഗം) സമീപം നിങ്ങൾക്ക് ടൈം ഫിൽറ്റർ കാണാനാകും. ഇത് ‘എനി ടൈം’ (Any time) എന്ന നിലയിൽ ആയിരിക്കും സാധാരണയായി ഉണ്ടാവുക. ഇതിനെ നിങ്ങൾക്ക് കഴിഞ്ഞ മണിക്കൂർ, അവസാന ആഴ്ച, മാസം, വർഷം (last hour, week, month or year) എന്നിങ്ങനെ സെർച് റിസൾട്ട് ആവശ്യമായ സമയത്തിന് അനുസരിച്ച് സജ്ജീകരിക്കാനാകും.
കൃത്യമായ റിസൾട്ടുകൾക്കായി ഉദ്ധരണി ചിഹ്നങ്ങൾ (“ ”) ഉപയോഗിക്കാം
ഒന്നിലധികം വാക്കുകൾ ഉപയോഗിച്ചു ഗൂഗിളിൽ തിരയുമ്പോൾ, റിസൾട്ടുകളിൽ അവ നിങ്ങൾ ഉദ്ദേശിക്കുന്ന ക്രമത്തിൽ മാത്രമായിരിക്കില്ല വരിക. ചില സന്ദർഭങ്ങളിൽ ഇത് ഉപയോഗപ്രദമാകുമെങ്കിലും, ചിലപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന കൃത്യമായ റിസൾട്ടുകളായിരിക്കും ആവശ്യം. ഉദാഹരണത്തിന് നിങ്ങൾ പാട്ടിന്റെ വരികൾക്കായി തിരയുമ്പോൾ. കൃത്യമായ ഫലം ലഭിക്കാൻ നിങ്ങൾക്ക് ഉദ്ധരണി ചിഹ്നങ്ങൾ ഉപയോഗിച്ച് “song lyrics” എന്ന് സെർച്ച് ചെയ്യാം.
പ്രത്യേക സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ കോളൻ ഉപയോഗിക്കാം
ഒരു പ്രത്യേക സൈറ്റിൽ നിന്നുള്ള വിവരങ്ങൾ സെർച്ച് ചെയ്തെടുക്കാനും ഗൂഗിളിൽ എളുപ്പമാണ്, ഇതിനായി അറിയേണ്ട വിവരങ്ങൾക്കൊപ്പം കോളൻ നൽകി സൈറ്റ് ഏതെന്ന് നൽകിയാൽ മതി. ഉദാഹരണത്തിന്, malayalam. indianexpress.com ൽ നിന്ന് ഗാലക്‌സി എസ്22 അൾട്രയെ കുറിച്ചുള്ള എല്ലാ വാർത്തകളും ലഭിക്കാൻ നിങ്ങൾക്ക് ‘Galaxy S22 Ultra site:indianexpress.com’ എന്നിങ്ങനെ സെർച് ചെയ്യാം.
ക്വിക്ക് കാൽക്കുലേറ്ററും കറൻസി കൺവെർട്ടറും
ഗൂഗിളിന്റെ ചെറിയ സെർച്ച് ബാർ യഥാർത്ഥത്തിൽ ഒരു കാൽക്കുലേറ്ററും കൺവെർട്ടറും കൂടിയാണ്. അടുത്ത തവണ നിങ്ങൾക്ക് രൂപയുടെ ഡോളറിലുള്ള മൂല്യം അറിയണമെങ്കിൽ ഗൂഗിൾ ചെയ്ത് അറിയാവുന്നതാണ്. കാൽക്കുലേറ്റർ ഇല്ലാത്ത സമയത്ത് കണക്ക് കൂട്ടാനും സെർച് ബാർ ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് “768 times 4” എന്ന് ഗൂഗിൾ ചെയ്താൽ അതിനെ ഗുണിച്ച്, 3072 എന്ന ഉത്തരം നിങ്ങൾക്ക് ലഭിക്കും. രൂപയുടെ മൂല്യം അറിയാൻ. “37.99 USD in INR” എന്ന് ഗൂഗിൾ ചെയ്യാം.
സെർച്ച് ഫിൽട്ടർ ടാബുകൾ ഉപയോഗിക്കുക
നിങ്ങൾ ഒരു പ്രത്യേക റിസൾട്ടുകൾക്കായി തിരയുമ്പോൾ സെർച്ച് ഫിൽട്ടറുകൾ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾ സമീപമുള്ള കഫേകളോ മാളുകളോ പാർക്കുകളോ ആണ് നോക്കുന്നതെങ്കിൽ, കൂടുതൽ കൃത്യമായ റിസൾട്ടിനായി ഗൂഗിൾ ‘മാപ്പ്’ ടാബിലേക്ക് മാറാം. ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ ലഭിക്കാൻ ഇമേജ്, ന്യൂസ് ടങ്ങിയ മറ്റ് ടാബുകളും ഉപയോഗിക്കാം.
ഒരു സിനിമ അല്ലെങ്കിൽ ഒരു ഷോ എവിടെ കാണാം എന്നറിയാൻ
ഒരു സിനിമയോ മറ്റെന്തെങ്കിലും ഷോയോ എവിടെ കാണാം എന്നറിയാൻ ‘വാച്ച്’ (watch) എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആ സിനിമയുടെയോ ടിവി ഷോയുടെയോ പേര് നൽകി സെർച്ച് ചെയ്യുക. നിങ്ങൾക്ക് എവിടെ കാണാം എന്ന കൃത്യമായ വിവരം ലഭിക്കും.