കഴിഞ്ഞ വർഷം നവംബറിലാണ് ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം മൊബൈൽ നിരക്കുകൾ 25 ശതമാനം വരെ വർധിപ്പിച്ചത്. എന്നാൽ, നിരക്ക് കൂട്ടിയിട്ടും രാജ്യത്തെ ടെലികോം നെറ്റ്‌വർക്കുകളുടെ സ്പീഡ് താഴോട്ട് തന്നെയാണ്. ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ, ഈ പദ്ധതികൾക്കെല്ലാം വേണ്ട അതിവേഗ ഇന്റർനെറ്റ് ഇപ്പോഴും രാജ്യത്ത് ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ ഇടിവ് രേഖപ്പെടുത്തിയതായാണ് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ ഇന്റർനെറ്റ് വേഗമാണ് നവംബറിൽ ലഭിച്ചത്. എന്നാൽ ഡിസംബറിൽ അഞ്ച് സ്ഥാനം താഴോട്ട് പോയി. ജനുവരിയിൽ ഒരു സ്ഥാനവും താഴോട്ട് പോയി. എന്നാൽ അയൽ രാജ്യമായ പാക്കിസ്ഥാനിലെ ഇന്റർനെറ്റ് വേഗത്തിൽ മുന്നേറ്റവും പ്രകടമാണ്. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ പോലുമില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്നത് മറ്റൊരു വസ്തുതയാണ്.

ഊക്‌ലയുടെ 2022 ജനുവരിയിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 135.62 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 24.07 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിങ് വേഗം 29.62 എംബിപിഎസും അപ്‌ലോഡിങ് വേഗം 8.44 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഒരു സ്ഥാനം താഴോട്ടിറങ്ങി ഇന്ത്യ 116–ാം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം ശരാശരിക്ക് മുകളിലാണ്. 2021 ജനുവരിയിലെ 8.46 എംബിപിഎസിൽ നിന്ന് 2022 ജനുവരിയിൽ 13.49 എംബിപിഎസ് ആയി വർധന രേഖപ്പെടുത്തി. എന്നാൽ, മറ്റു ചില രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് ആഗോള റാങ്കിങ്ങിൽ നൂറിൽ താഴേക്ക് പോയത്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 72–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം ഇത് 69–ാം സ്ഥാനത്തായിരുന്നു.

2021 ജനുവരി അവസാനത്തിലെ കണക്കുകൾ പ്രകാരം ലോകത്തെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 29.62 എംബിപിഎസും അപ്‌ലോഡ് 8.44 എംബിപിഎസുമാണ്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗം ഡൗൺലോഡ് 59.84 എംബിപിഎസും അപ്‌ലോഡ് 25.51 എംബിപിഎസുമാണ്. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ മൊബൈൽ ഇന്റർനെറ്റ് വേഗത്തിന്റെ പട്ടികയിൽ 102–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 16.56 എംബിപിഎസും അപ്‌ലോഡ് 8.84 എംബിപിഎസുമാണ്. പട്ടികയിൽ 90–ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 18.33 എംബിപിഎസും അപ്‌ലോഡ് 8.24 എംബിപിഎസുമാണ്.

ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം. ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 9–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 11–ാം സ്ഥാനത്തായിരുന്നു.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് നോര്‍വെയാണ്. നോർവെയിലെ ഇന്റർനെറ്റ് വേഗം 118.44 എംബിപിഎസ് ആണ്. ഖത്തർ (109.86 എംബിപിഎസ്), ദക്ഷിണ കൊറിയ (109.14 എംബിപിഎസ്), നെതർലാൻഡ്സ് (107.24 എംബിപിഎസ്), സൗദി അറേബ്യ (94.25 എംബിപിഎസ്), എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം യെമനിലാണ്. സെക്കൻഡിൽ 0.53 എംബിപിഎസ് ആണ് 140–ാം സ്ഥാനത്തുള്ള യെമനിലെ ശരാശരി ഇന്റർനെറ്റ് വേഗം. 

By admin

Leave a Reply

Your email address will not be published. Required fields are marked *