ആരും ഉച്ചഭക്ഷണം ഫ്രീയായി തരാറില്ല എന്ന് സായിപ്പ് പറയാറുണ്ട്. ഉച്ചഭക്ഷണമോ, ഇന്റര്‍നെറ്റോ അടക്കം എന്തെങ്കിലും ഫ്രീയായി ലഭിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റു പ്രക്രിയകളും നടക്കുന്നുണ്ടാകാമെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇന്റര്‍നെറ്റ് ശരിക്കും ഒരുകാലത്തും ഫ്രീ ആയിരുന്നില്ല, എന്നാല്‍ അതിനെ ഫ്രീ എന്ന തോന്നലുണ്ടാക്കി പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു എന്നും ബ്ലൂംബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ തവണയും ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളുടെ ഡേറ്റയ്ക്കായി നിശബ്ദ ലേലംവിളി നിങ്ങളറിയാതെ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്. നിങ്ങളെക്കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഇതുവഴി നിങ്ങളുടെ താത്പര്യം അറിഞ്ഞുള്ള പരസ്യങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിക്കുന്നു.

∙ സെക്കന്‍ഡിന്റെ ഒരംശത്തില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറപ്പെടുന്നു

നിങ്ങളുടെ ലൊക്കേഷന്‍, ജന്മദിനം, ഇതുവരെ നടത്തിയ ബ്രൗസിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ അങ്ങനെ പലതും ഒരു മില്ലിസെക്കന്‍ഡില്‍ പരസ്യം കാണിക്കാന്‍ കാത്തിരിക്കുന്ന നൂറുകണക്കിനു കച്ചവടക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നു. ലോകത്തെ ഏറ്റവും കടുത്ത സ്വകാര്യതാ നിയമങ്ങള്‍ നിലവിലുളള യൂറോപ്പില്‍ പോലും ഈ പരിപാടി വ്യാപകമായി നടക്കുന്നു. കാരണം, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ മിക്കവാറും എല്ലാ വെബ്‌സൈറ്റിലേക്കും പ്രവേശിക്കുമ്പോള്‍ തന്നെ അവര്‍ ഒരു ‘കണ്‍സെന്റ്’ അല്ലെങ്കില്‍ സമ്മതപത്രത്തില്‍ ക്ലിക്കു ചെയ്യുന്നു. ഇതിപ്പോള്‍ മിക്ക വെബ്‌സൈറ്റുകളിലും വന്നുകഴിഞ്ഞു. യൂറോപ്പിന്റെ സ്വകാര്യതാ നിയമത്തെ മറികടന്ന് പരസ്യക്കാരെ സഹായിക്കാനായി ബ്രസല്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരസ്യ കമ്പനികളുടെ ഒരു അസോസിയേഷന്‍ കൊണ്ടുവന്നതാണിത്. ഇപ്പോള്‍ ഈ പരിപാടി നിയമവിരുദ്ധമാണെന്ന് ബെല്‍ജിയത്തിന്റെ ഡേറ്റാ സംരക്ഷണ അധികാരികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവര്‍ക്കു പിന്തുണയുമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള 27 മറ്റ് ഏജന്‍സികളും ചേര്‍ന്നു കഴിഞ്ഞു. സമ്മതപത്രം വാങ്ങി ശേഖരിച്ച് വച്ചിരിക്കുന്ന ഡേറ്റയും ഉടനടി നശിപ്പിക്കണം എന്നാണ് അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

∙ വ്യക്തിവിരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് അവസാനിക്കുമോ?

വ്യക്തി സ്വകാര്യതയ്ക്കായി ശക്തിയുക്തം വാദിക്കുന്നവര്‍ക്ക് ഇത് ആവേശംപകരുന്ന വാര്‍ത്തയാണ്. നിങ്ങളറിയാതെ നിങ്ങളെക്കുറിച്ചു നടത്തുന്ന വഞ്ചാനാപരമായ ലേലംവിളിക്ക് അന്ത്യംകുറിച്ചേക്കാമെന്നതാണ് അവര്‍ക്ക് ഉണര്‍വുപകരുന്ന കാര്യം. സ്വകാര്യ കമ്പനികള്‍ തമ്മില്‍ വ്യക്തിവിരങ്ങള്‍ കൈമാറ്റം ചെയ്യുന്നത് അവസാനിച്ചേക്കാം. കുറഞ്ഞപക്ഷം അധികം ഡേറ്റ കൈമാറ്റപ്പെടുന്നില്ല എന്നെങ്കിലും ഉറപ്പുവരുത്താം. പക്ഷേ, ഇത് പരസ്യങ്ങള്‍ കാണിക്കുന്നവര്‍ക്കും നല്‍കുന്നവര്‍ക്കും വന്‍ തിരിച്ചടിയായേക്കാം. ആപ്പിള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ സ്വകാര്യതാ കേന്ദ്രീകൃത നീക്കം ഫെയ്‌സ്ബുക് അടക്കം പലര്‍ക്കും തിരിച്ചടി നല്‍കിയെന്നു പറയുന്നു. സമാനമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്നും വാര്‍ത്തയുണ്ട്.

∙ കണ്‍സെന്റ് ബട്ടണ്‍ ശുദ്ധ തട്ടിപ്പ്

നിലവിലുള്ള കണ്‍സെന്റ് ബട്ടണ്‍ ശുദ്ധ തട്ടിപ്പാണെന്ന് സ്വകാര്യതയ്ക്കായി വാദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അത് ഒരാളെ നിരീക്ഷണ വിധേയനാക്കി പരസ്യം കാണിക്കുന്നതിന് (surveillance advertising) ഒരു തരം നിയമപരിരക്ഷയാണ് നല്‍കുന്നത്. യൂറോപ്പിലെ പരസ്യ വിപണിയിൽ പ്രതിവര്‍ഷം മറിയുന്നത് 7300 കോടി ഡോളറാണ് എന്ന് ഇന്ററാക്ടീവ് അഡ്വെര്‍ടൈസിങ് ബ്യൂറോ പറയുന്നു. (ഇവരുടെ ബുദ്ധിയിലുദിച്ചതാണ് ഇന്നു കാണുന്ന കണ്‍സെന്റ് ബട്ടണ്‍.) നേരത്തെ പറഞ്ഞ, നമ്മളറിയാതെ കാണാമറയത്തു നടക്കുന്ന തത്സമയ ലേലംവിളി വഴിയാണ് ഈ പണം മുഴുവന്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

∙ ലേലംവിളി നടക്കുന്നത് എപ്രകാരം?

ക്രിക്കറ്റ് കളി കാണാനായി നിങ്ങള്‍ ഒരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു. സൈറ്റ് തുറന്നുവരുമ്പോഴേക്ക് നിങ്ങള്‍ക്കു മുന്നിലേക്ക് ഒരു കണ്‍സെന്റ് വിന്‍ഡോ ചാടി വരുന്നു. ഇവടെ നിങ്ങള്‍ക്ക് കണ്ണടച്ച് കണ്‍സെന്റ് നല്‍കാം. എന്നാല്‍, മാനേജ് യുവര്‍ സെറ്റിങ്‌സ് എന്ന വിഭാഗത്തിലാണ് ക്ലിക്കു ചെയ്യുന്നതെങ്കില്‍ കേട്ടിട്ടില്ലാത്ത കമ്പനികളുടെ പേരുകള്‍ താഴെതാഴെയായി കാണിച്ചിരിക്കുന്നതു കാണാം. ഇതിലെല്ലാം ചെന്ന് ബട്ടണ്‍ ടേണ്‍ ഓഫ് ചെയ്യാം. എന്നാല്‍, ഇതിന് കുറച്ചു സമയം ചെലവിടേണ്ടതായി വരുമെന്നതു കൂടാതെ എന്തിനാണ് ഇതു ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും ഇല്ല എന്നതും കുഴക്കുന്ന കാര്യമാണ്. ഇതാണ് ബെല്‍ജിയന്‍ അധികാരികള്‍ ഈ പണി ഇനി വേണ്ടെന്നു പറയാന്‍ കാരണം. പരസ്യ കമ്പനികള്‍ക്ക് ഒരാളുടെ ഡേറ്റ എടുക്കാന്‍ കണ്‍സെന്റ് നല്‍കുന്ന നിയമപരിരക്ഷയ്ക്ക് ഉപരിയായിരിക്കണം വ്യക്തിയുടെ സ്വകാര്യത എന്നാണ് അവരുടെ വാദം. വ്യക്തിയുടെ ഡേറ്റാ ഓണ്‍ലൈന്‍ ലേലത്തിന് ഉപയോഗിക്കുന്നതിനെതിരെയാണ് അധികാരികള്‍ രംഗത്തു വന്നിരിക്കുന്നത്. 

∙ ജിഡിപിആറിനെ കൊഞ്ഞനംകുത്തി കണ്‍സെന്റ് ബട്ടണ്‍

ഈ കണ്‍സെന്റ് ബട്ടണ്‍ യൂറോപ്പിലെ ജിഡിപിആറിനെ മറികടക്കാന്‍ ഉണ്ടാക്കിയതാണെന്ന് അധികാരികള്‍ വളരെ കാലമായി വാദിച്ചു വരുന്നതാണ്. എന്നാല്‍, ഇതാദ്യമായാണ് അതിനെതിരെ ഒരു ഔദ്യോഗിക വിധി വരുന്നത്. ഇനി ഈ പരിപാടി തുടരുന്ന പരസ്യക്കമ്പനികള്‍ക്കെതിരെ കേസ് വരാം. വിധി വന്നതോടെ പല സംഘടനകളും ലോകത്തെ പ്രമുഖ പരസ്യ ദാതാക്കളായ യൂണിലെവര്‍, പ്രോക്ടര്‍ ആന്‍ഡ് ഗ്യാംബിൾ തുടങ്ങിയവര്‍ കണ്‍സെന്റ് ടൂള്‍ ഉപയോഗിച്ച് ശേഖരിച്ചു കൂട്ടിയിരിക്കുന്ന സ്വകാര്യ ഡേറ്റ നശിപ്പിച്ചു കളയണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇരു കമ്പനികളും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. വ്യക്തികളെക്കുറിച്ചുള്ള ഡേറ്റാ നിരവധി കമ്പനികളുടെ കൈകളിലെത്തിയിരിക്കുന്നു എന്നാണ് ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടകനകളിലൊന്നായ ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മേധാവി ജോണി റയാന്‍ പറയുന്നത്. എന്നാല്‍, പുതിയ നിയമം തെറ്റാണെന്നു പറഞ്ഞ് കണ്‍സെന്റ് ടൂള്‍ അവതരിപ്പിച്ച സംഘടനയും എത്തിയിട്ടുണ്ട്.

∙ സര്‍വത്ര അവ്യക്തത

അതേസമയം, സ്വകാര്യ ഡേറ്റയെല്ലാം ശേഖരിച്ചു കൂട്ടിയിരിക്കുന്ന ഗൂഗിളും പ്രോക്ടര്‍ ആന്‍ഡ് ഗ്യാംബിളും പോലെയുള്ള കമ്പനികള്‍ അതു ഡിലീറ്റു ചെയ്യേണ്ട കാര്യമുണ്ടോ? അവയ്ക്കത് ചെയ്യേണ്ട കാര്യമില്ലായിരിക്കും എന്നാണ് ഇതേക്കുറിച്ചു പഠിച്ച ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഗ്യാരറ്റ് ജോണ്‍സണ്‍ പറയുന്നത്. അതേസമയം, ഇന്റര്‍നെറ്റിനെ ഫ്രീയായി നലനിര്‍ത്തിവന്ന പരസ്യ ബിസിനസിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന ചോദ്യവും ഉയരുന്നു. പക്ഷേ, ഉപയോക്താവിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള പരസ്യം കാണിക്കലിനും മറ്റും ചരിത്രത്തിലാദ്യമായി കടിഞ്ഞാണ്‍ വീണേക്കാം. ആപ്പിള്‍ കൊണ്ടുവന്ന സ്വകാര്യതാ നയം മൂലം ഫെയ്‌സ്ബുക്കിന് കഴിഞ്ഞ വര്‍ഷം ഉണ്ടായത് 1000 കോടി ഡോളറിന്റെ നഷ്ടമാണെന്നു പറയുന്നു. അതേസമയം, ഇനി വരുന്ന സങ്കീര്‍ണമായ പുതിയ നിയമങ്ങള്‍ പാലിക്കാന്‍ ഗൂഗിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്കു മാത്രമേ സാധിച്ചേക്കൂ എന്നും പറയുന്നു. എന്നാല്‍, നിരന്തരം നിരീക്ഷിക്കപ്പെടുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അനുകൂലമായ വിധി സ്വാഗതാര്‍ഹമാണെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. ഇത് കൂടുതല്‍ ആരോഗ്യകരമായ ഇന്റര്‍നെറ്റിന് തുടക്കം കുറിച്ചേക്കാം. പുതിയ മാറ്റങ്ങള്‍ യൂറോപ്പില്‍ മാത്രമാണോ ബാധകമാകുക, അതോ ലോകമെമ്പാടും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അത് നാടകീയമായ മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്നൊക്കെ കാത്തിരുന്നു കാണാം.

∙ എയര്‍ടെല്‍ സേവനങ്ങള്‍ മുടങ്ങി

ഇന്ത്യയുടെ പല ഭാഗങ്ങളിലും എയര്‍ടെല്ലിന്റെ ഡേറ്റ, കോള്‍ സേവനങ്ങള്‍ മുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതു ശരിവച്ച് കമ്പനിയും ട്വീറ്റ് നടത്തിയിട്ടുണ്ട്. എല്ലാം ഇപ്പോള്‍ ശരിയായെന്നും കമ്പനി പറയുന്നു. അതേസമയം, ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗത്തും പ്രശ്‌നങ്ങള്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

∙ കുറച്ച് സമയത്തേക്ക് ട്വിറ്റര്‍ നിലച്ചെന്ന് 

സമൂഹ മാധ്യമ വെബ്‌സൈറ്റായ ട്വിറ്റര്‍ കുറച്ചു സമയത്തേക്ക് നിലച്ചെന്ന് ഡൗണ്‍ഡിറ്റെക്ടര്‍ പറയുന്നു. ട്വിറ്റര്‍ ആപ്പിലും വെബ്‌സൈറ്റിലും ഇതു പ്രതിഫലിച്ചു. എന്നാല്‍, തങ്ങള്‍ ബഗ് പരിഹരിച്ചു എന്നു പറഞ്ഞ് ക്ഷമാപണത്തോടെ ട്വിറ്ററും ട്വീറ്റു ചെയ്തു.

∙ വണ്‍പ്ലസ് നോര്‍ഡ് സിഇ2 ഫെബ്രുവരി 17ന് പുറത്തിറക്കും

വണ്‍പ്ലസിന്റെ വില കുറഞ്ഞ മോഡലായ നോര്‍ഡ് സിഇ2 ഈ മാസം 17ന് പുറത്തിറക്കും. ഈ ഫോണിന് 20,000 രൂപയില്‍ താഴെയായിരിക്കാം വില എന്നൊരു പ്രചാരണവും ഉണ്ട്. 

∙ ആന്‍ഡ്രോയിഡ് 13 ഡവലപ്പര്‍ പ്രിവ്യൂ അവതരിപ്പിച്ചു

ആന്‍ഡ്രോയിഡ് 13 ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പ് ഡവലപ്പര്‍മാരെ ഉദ്ദേശിച്ചുള്ളതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *