വെബ് 3.0 എന്നത് ഇന്റർനെറ്റിന്റെ മൂന്നാം തലമുറ എന്ന് വിശേഷിപ്പിക്കാം. എഡ്ജ് കംപ്യൂട്ടിങ് എന്ന ആശയത്തിൽ  ബ്ലോക്ക് ചെയിൻ, ക്രിപ്‌റ്റോകറൻസി, എൻഎഫ്‌ടികൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയാൽ നിർമിച്ച പ്ലാറ്റ്‌ഫോമുകളാണ് വെബ് 3.0 ൽ ഉള്ളത്. വികേന്ദ്രീകൃത (decentralization) ഇന്റർനെറ്റ് എന്ന ആശയമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. കേന്ദ്രീകൃത അധികാരമില്ലാത്ത ശൃംഖലയാണ് വികേന്ദ്രീകൃത ശൃംഖല.

ഡീസെൻട്രലൈസേഷൻ കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിരവധി സവിശേഷതകളും വെബ് 3.0 സംയോജിപ്പിക്കും. ഉദാഹരണത്തിന് ഉള്ളടക്കം സൃഷ്ടിക്കുന്നത് (content creation) എഐ ജനറേറ്റഡ് ആയി മാറും. വെബ് 3.0 യിൽ കൂടുതൽ ഉപയോക്തൃ നിയന്ത്രണവും സാധ്യമാണ്. കൂടുതൽ സുതാര്യത ഉണ്ടായിരിക്കുകയും എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്ന വമ്പിച്ച ഉള്ളടക്കം വാഗ്‌ദാനം നൽകുകയും ചെയ്യുന്നു.

ഡേറ്റയുടെ കാര്യത്തിലും വെബ് 3.0 സൊലൂഷനുകൾ വികസിപ്പിക്കുന്നു. അതായത് ആളുകൾക്ക് അവരുടെ ഡേറ്റയിൽ നിയന്ത്രണമുണ്ട്. വെബ് 3.0 കൂടുതൽ ഉപയോക്തൃ കേന്ദ്രീകൃത അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്നു. 

ക്രിപ്‌റ്റോകറൻസിയുമായും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുമായും ബന്ധപ്പെട്ട് ‘വികേന്ദ്രീകരണം’ (decentralization) എന്ന പദം പ്രചാരത്തിലാണ്. ഇതിന്റെ പ്രവർത്തന രീതി നോക്കാം. ക്രിപ്‌റ്റോകറൻസികൾ ഒരു ബ്ലോക്ക്‌ചെയിനിൽ പ്രവർത്തിക്കുന്നു, അതുപോലെ ശൃംഖലയിലെ ഓരോ ബ്ലോക്കിലും നിരവധി ഇടപാടുകളുടെ റെക്കോർഡുകൾ അടങ്ങിയിരിക്കുന്നു. ഈ ബ്ലോക്ക്‌ചെയിനുകൾ നെറ്റ്‌വർക്കിലെ എല്ലാവർക്കും ഇടപാട് വിവരങ്ങൾ ഡിസ്‌ട്രിബ്യൂട്ടഡ് ലെഡ്ജറിന്റെ രൂപത്തിൽ നൽകുന്നു. ഡേറ്റ വികേന്ദ്രീകൃത രീതിയിൽ കൈകാര്യം ചെയ്‌ത്‌ നെറ്റ്‌വർക്കിന്റെ വിവിധ നോഡുകൾക്കിടയിൽ വിതരണം ചെയ്യുന്നു. ഉയർന്ന തലത്തിലുള്ള സുതാര്യതയും സുരക്ഷയുമുള്ള ഒരു നെറ്റ്‌വർക്ക് നൽകാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. കൂടാതെ വികേന്ദ്രീകൃത നെറ്റ്‌വർക്കുകൾ ഡൗൺ ആകില്ല എന്ന പ്രത്യേകതയും ഉണ്ട്.

വെബ് 1.0 കാലയളവായ, ഏകദേശം 1991 നും 2004 നും ഇടയിൽ, ഇന്റർനെറ്റ് ഉപയോക്താക്കൾ കൂടുതലും ഉപഭോക്താക്കൾ മാത്രമായിരുന്നു. ഉള്ളടക്ക സ്രഷ്‌ടാക്കൾ (content creators) ആയിരുന്നില്ല. 2004 മുതൽ രണ്ടാം ഘട്ടമായ വെബ് 2.0 ൽ ഉപയോക്താക്കൾ ഓൺലൈനിൽ ഉള്ളടക്കം സൃഷ്‌ടിക്കാനും അപ്‌ലോഡ് ചെയ്യാനും തുടങ്ങി. അതായത്, ഉള്ളടക്കത്തിന് ഒരു ‘പ്ലാറ്റ്‌ഫോം’ ആയി കണക്കാക്കാൻ തുടങ്ങി. ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കത്തിലും സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റർനെറ്റ് പതിപ്പായ സോഷ്യൽ വെബ് എന്നും വെബ് 2.0 നെ പറയാം. നമ്മൾ ഇപ്പോഴും വെബ് 2.0-ലാണ്. 

നിലവിലുള്ള വെബ് 2.0 ഇന്റർനെറ്റിനേക്കാൾ മെച്ചപ്പെട്ടതായിരിക്കും വെബ് 3.0 എന്നതിൽ തർക്കമില്ല. വെബ് 3.0 യെ ഭാവിയുടെ ഇന്റർനെറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും സാങ്കേതികതയുടെ മികവിനാലും പ്ലാറ്റ്‌ഫോം പ്രത്യേകതയാലും വെബ് 3.0 യുടെ വരവ് ചില ഡിജിറ്റൽ ഭീമന്മാർക്ക് അവരുടെ ആധിപത്യം നഷ്ടപ്പെടുമോ എന്ന ചെറിയ ആശങ്കയും ഇല്ലാതില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *