സമൂഹ മാധ്യമ രംഗത്ത് സമ്പൂര്‍ണ മാറ്റത്തിനു വഴി തെളിച്ചേക്കാവുന്ന പുതിയ നീക്കവുമായി എത്തുകയാണ് വിവിധ കമ്പനികള്‍. താമസിയാതെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ രീതികള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരുടെ പോസ്റ്റുകള്‍ കാണണമെങ്കില്‍ അതിനു കാഴ്ചക്കാര്‍ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് കാശു നല്‍കേണ്ടി വന്നേക്കാവുന്ന രീതിയിലായിരിക്കും ക്രമീകരണമെന്നു പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലാത്ത ടിക്‌ടോക്കും സമാനമായ മാറ്റം കൊണ്ടുവന്നേക്കും. യൂട്യൂബ് അടക്കമുള്ള സ്ട്രീമിങ് സേവനങ്ങളും ഈ വഴിക്കു ചിന്തിച്ചു കൂടായ്കയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഫ്രീ കണ്ടെന്റ് മാത്രം ലഭിക്കുന്ന ഒരു കാലം അവസാനിക്കാൻ പോകുകയാണ്.
∙ യൂട്യൂബിന് ഇപ്പോള്‍ത്തന്നെ പെയ്ഡ് സബ്‌സ്‌കിപ്ഷന്‍ ഉണ്ടല്ലോ, പിന്നെ എന്താണ് വ്യത്യാസം?
പുതിയ നീക്കത്തില്‍ ഇന്‍സ്റ്റഗ്രാം കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം. ഇത് സമൂഹ മാധ്യമ മേഖലയില്‍ ഇപ്പോള്‍ അധികം പ്രചാരം നേടാത്ത രീതിയാണ്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസെറിയാണ് അടുത്തിടെ ഇത്തരം ഒരു ഫീച്ചര്‍ പരീക്ഷിച്ചു വരികയാണെന്ന കാര്യം അറിയിച്ചത്. ഈ ഫീച്ചര്‍ ഇന്ത്യയിലേക്കും വരുന്നുവെന്ന് ചില ഉപയോക്താക്കള്‍ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് സാല്‍മന്‍ മേമന്‍ (@salman_memon_7) എന്ന ട്വിറ്റര്‍ യൂസറാണെന്ന് ബിജിആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തുടക്കത്തില്‍ ഈ ഫീച്ചര്‍ കുറച്ച് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക. തങ്ങളുടെ എക്‌സ്‌ക്ലൂസിവ് ഉള്ളടക്കങ്ങള്‍ – വിഡിയോ, സ്‌റ്റോറീസ് തുടങ്ങിയവ കാണുന്നതിന് സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് പണം ഈടാക്കാമെന്നാണ് പറയുന്നത്.
∙ പെയ്ഡ് അക്കൗണ്ട് എങ്ങനെ തിരിച്ചറിയാം
ഒരു പെയ്ഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ യൂസര്‍ നെയിമിന് അടുത്ത് പര്‍പ്പിള്‍ (മാന്തളിര്‍ നിറം) നിറത്തിലുള്ള ബാഡ്ജ് കാണിച്ചിരിക്കും. ഇതിപ്പോള്‍ അമേരിക്കയിലും ഇന്ത്യയിലുമുള്ള ചില ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇന്‍സ്റ്റഗ്രം നല്‍കിയിരിക്കുന്നത്. പ്രാദേശിക നാണയത്തില്‍ പണം സ്വീകരിക്കാനുള്ള അവസരമായിരിക്കും പെയ്ഡ് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ലഭിക്കുക. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ജീവിക്കാനുള്ള പണം കിട്ടാന്‍ സഹായിക്കുക എന്നത് മെറ്റാ കമ്പനിയുടെ ലക്ഷ്യങ്ങളിലൊന്നാണ് എന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നു. തങ്ങളുടെ കണ്ടെന്റിന്റെ കാഴ്ചക്കാർ, പാര്‍ട്ണര്‍മാർ, ബ്രാന്‍ഡുകൾ എന്നിവയിൽ നിന്നും പണം വാങ്ങാനുള്ള അവസരമായിരിക്കും ലഭിക്കുക. ഈ ഫീച്ചര്‍ താമസിയാതെ ഫെയ്‌സ്ബുക്കിലും വന്നേക്കും.
∙ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ ഇന്‍സ്റ്റഗ്രാമിന് നല്‍കേണ്ട വരിസംഖ്യ എത്ര?
പര്‍പ്പിള്‍ ബാഡ്ജ് ലഭിക്കേണ്ടവര്‍ക്ക് മൂന്നു തരത്തിലുള്ള മാസവരികളില്‍ ഒന്ന് തിരഞ്ഞെടുക്കാം- 85 രൂപ, 440 രൂപ, 890 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ഇങ്ങനെ മാസവരി അടയ്ക്കുന്നവര്‍ക്ക്, ഇന്‍സ്റ്റഗ്രാം ലൈവ് അടക്കം തങ്ങളുടെ കണ്ടെന്റ് കാണാന്‍ എത്തുന്നവരില്‍ നിന്ന് പണം വാങ്ങാന്‍ സാധിക്കും. നിലവില്‍ ഇന്ത്യയില്‍ ഇത്തരം ഒരു സാധ്യത ഇല്ല. ഇതേ രീതിയിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ മാതൃകയാണ് ഗൂഗിളിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ വെബ്‌സൈറ്റായ ടിക്‌ടോക്കും കൊണ്ടുവരിക. ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളും വരും കാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് സമാനമായ സാധ്യതകള്‍ തുറന്നിട്ടേക്കുമെന്നാണ് കരുതുന്നത്.
∙ റിപ്പബ്ലിക് ഡേ പരേഡ് എങ്ങനെ സ്മാര്‍ട് ഫോണില്‍ കാണാം?
രാജ്യത്തിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരിപാടികള്‍ സ്മാര്‍ട് ഫോണുകളിലും കാണാം. അതിനായി ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും എത്തി റിപ്പബ്ലിക് ഡേ ഇന്ത്യ (republic day india) എന്ന് സേര്‍ച്ച് ചെയ്യുക. ലഭിക്കുന്ന റിസള്‍ട്ടുകളില്‍ നിന്ന് എന്‍ഐസി (NIC) ഇറക്കിയിരിക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുക. ഇതില്‍ പരേഡ് കാണാന്‍ സാധിക്കും. യൂട്യൂബ്, ഫെയ്‌സ്ബുക് ലൈവുകളും ലഭിക്കും. ഇനി ഇതിലൊന്നും താത്പര്യമില്ലാത്തവര്‍ ഈ അഡ്രസ് തങ്ങളുടെ ഫോണിലെയോ, കംപ്യൂട്ടറിലെയോ ബ്രൗസറില്‍ ഉപയോഗിച്ചാല്‍ ഗവണ്‍മെന്റ് നടത്തുന്ന റിപ്പബ്ലിക് ദിന പരിപാടികളുടെ പ്രക്ഷേപണം കാണാം: https://indianrdc.mod.gov.in/
∙ പിച്ചൈയ്ക്കും നദെലയ്ക്കും പത്മഭൂഷന്‍, ടെക്‌നോളജി കമ്പനി മേധാവികളെ ആദരിച്ച് ഇന്ത്യ
രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നിവര്‍ക്കു നല്‍കി ആദരിച്ചിരിക്കുകയാണ് ഇന്ത്യ. ഈ വര്‍ഷം രാജ്യത്ത് മൊത്തം 17 പേര്‍ക്കാണ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സുന്ദര്‍ പിച്ചൈ എന്ന് ലോകം അറിയുന്ന പിച്ചൈ സുന്ദരരാജന്‍ ജനിച്ചത് മദ്രാസിലാണ്. ഇന്ത്യയിലും അമേരിക്കയിലും അദ്ദേഹം വിദ്യാഭ്യാസം ചെയ്തു. ഹൈദരാബാദിലാണ് (ഇപ്പോഴത്തെ തെലങ്കാന) സത്യ നാരായണ നദെല അല്ലെങ്കില്‍ സത്യ നദെല ജനിച്ചത്. അദ്ദേഹവും പിച്ചൈയെ പോലെ ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇരുവരുടെയും നേതൃത്വത്തില്‍ അവരുടെ കമ്പനികള്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നതു കാണാം.
∙ 40 ബില്ല്യന്‍ ഡോളറിന്റെ ആം കമ്പനി ഏറ്റെടുക്കല്‍ എന്‍വിഡിയ വേണ്ടന്നുവച്ചേക്കുമെന്ന്
ഏകദേശം 2,99,130 കോടി രൂപയ്ക്ക് ബ്രിട്ടിഷ് ചിപ്പ് നിര്‍മാണ കമ്പനിയായ ആം (Arm) വാങ്ങാന്‍ പ്രമുഖ അമേരിക്കന്‍ ഗ്രാഫിക്‌സ് പ്രോസസര്‍ നിര്‍മാണ കമ്പനിയായ എന്‍വിഡിയ തീരുമാനിച്ചിരുന്നു. ഇരു കമ്പനികളും ഇക്കാര്യം 2020ല്‍ പ്രഖ്യാപിച്ചപ്പോള്‍ ടെക്‌നോളജി ലോകം ചെറുതായി ഒന്നു ഞെട്ടിയിരുന്നു. ഇതോടെ എന്‍വിഡിയ ഈ മേഖലയിലെ ഒരു കുത്തകയായി തീര്‍ന്നേക്കുമെന്ന ഭീതിയാണ് അന്നു പരന്നത്. നിലവില്‍ ടോക്കിയോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്കിനു കീഴിലാണ് ആം പ്രവര്‍ത്തിക്കുന്നത്. സോഫ്റ്റ്ബാങ്ക് ആമിനു വേണ്ടി പുതിയ ഐപിഒ ഇറക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് എന്‍വിഡിയ കച്ചവടവുമായി മുന്നോട്ടു പോയേക്കില്ല എന്ന് റോയിട്ടേഴ്‌സ് പറയാനുണ്ടായിരിക്കുന്ന കാര്യം. ബ്രിട്ടനിലെയും, യൂറോപ്യന്‍ യൂനിയനിലേയും അധികാരികളും ആം-എന്‍വിഡിയ ഇടപാടിനെക്കുറിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്റി ട്രസ്റ്റ് ഡിവിഷന്റെ പുതിയ മേധാവി ജോനതന്‍ കാന്ററും ഈ ഇടപാടിനെതിരെ രംഗത്തു വന്നിരുന്നു. അതേസമയം തങ്ങള്‍ പ്രതീക്ഷ കൈവിടുന്നില്ലെന്നാണ് എന്‍വിഡിയ പ്രതികരിച്ചിരിക്കുന്നത്.
∙ 18 വയസിനു താഴെയുള്ളവരെ ട്രാക്കു ചെയ്യുന്നത് ഗൂഗിള്‍ നിർത്തിയേക്കും
ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വ്യക്തികളെ ട്രാക്കു ചെയ്യുന്നതിനെതിരെ ലോകമെമ്പാടും അധികാരികള്‍ പടയൊരുക്കം നടത്തുകയാണ്. കടുത്ത നടപടികള്‍ നേരിട്ടേക്കാമെന്നു കണ്ട് തങ്ങള്‍ 18 വയസില്‍ താഴെയുള്ളവരുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ വീക്ഷിക്കില്ലെന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇനി മുതല്‍ 18 വയസില്‍ താഴെയുള്ളവര്‍ ഏതു ലിഗംത്തില്‍ പെട്ടവരാണെന്നതും അവരുടെ താത്പര്യങ്ങള്‍ എന്തൊക്കെയാണെന്നും കണ്ടെത്തി പരസ്യങ്ങള്‍ കാണിക്കുന്നതു നിർത്തിയേക്കും എന്നാണ് കമ്പനി പറയുന്നത്. കൂടാതെ പരസ്യം കാണിക്കുമ്പോള്‍ ആരാണ് ഈ പരസ്യം കാണിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങളും നല്‍കിയേക്കുമെന്നും പറയുന്നു.