പ്രായത്തിനും, ലിംഗത്തിനും, സ്ഥലത്തിനും, താല്‍പര്യങ്ങള്‍ക്കും അനുസരിച്ചുള്ള പരസ്യ വിതരണമാണ് ഓണ്‍ലൈന്‍ പരസ്യ വിതരണ സ്ഥാപനങ്ങള്‍ നടത്തുന്നത്. പരസ്യം യഥാര്‍ത്ഥ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും. മുന്‍നിര ഓണ്‍ലൈന്‍ പരസ്യ വിതരണ സ്ഥാപനമായ ഗൂഗിളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ ഇനി 18 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കമ്പനി.
ഇതിന്റെ ഭാഗമായി 18 വയസില്‍ താഴെ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് ലിംഗത്തിന്റേയും താല്‍പര്യങ്ങളുടേയും സ്ഥലങ്ങളുടേയും അടിസ്ഥാനത്തില്‍ പരസ്യവിതരണം നടത്തുന്നത് ഗൂഗിള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒരു പ്രസ്താവനയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
18 വയസില്‍ താഴെയുള്ള കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാതെ ഉപഭോക്തൃ വിവരങ്ങള്‍ വെബ്‌സൈറ്റിന് ലഭ്യമാക്കുന്നതിനുള്ള ഗൂഗിള്‍ ക്രോമിലെ പ്രൈവസി സാന്‍ഡ്‌ബോക്‌സ് എന്ന സംവിധാനവും കമ്പനി സുരക്ഷക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു പരസ്യം എന്തുകൊണ്ടാണ് തന്നെ കാണിക്കുന്നത് എന്ന് ഉപഭോക്താവിന് അറിയാന്‍ സാധിക്കുന്ന ‘About this ad’ മെനുവും പരസ്യ വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ളതാണ്.