ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (സിഇഎസ് 2022) മൈക്രോസോഫ്റ്റ് നേരിട്ട് പങ്കെടുക്കില്ല. കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈനായാണ് കമ്പനി സിഇഎസില്‍ പങ്കെടുക്കുക.
യുഎസ് വാഹനനിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോര്‍സ്, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍, ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് വാഹന നിര്‍മാണ സ്ഥാപനമായ വെയ്‌മോ, ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്‌ഫോംസ്, ട്വിറ്റര്‍, ലെനോവോ ഗ്രൂപ്പ്, എടി & ടി, ആമസോണ്‍.കോം തുടങ്ങിയ കമ്പനികളും സിഇഎസില്‍ നേരിട്ട് പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ആളുകളെ നേരിട്ട് പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്‌സിനേഷന്‍, മാസ്‌ക് വിതരണം, കോവിഡ് ടെസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ ലഭ്യമാക്കും.
എല്ലാ വര്‍ഷവും ജനവരി ആദ്യവാരം യു.എസി.ലെ ലാസ് വെഗാസില്‍ അരങ്ങേറുന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ’ (സിഇഎസ്) എന്ന അന്താരാഷ്ട്ര പ്രദര്‍ശനം പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവതരിപ്പിക്കപ്പെടുന്ന പ്രധാന വേദിയാണ്. ഇത്തവണ ജനുവരി അഞ്ച് മുതല്‍ എട്ട് വരെയാണ് സിഇഎസ് 2022 നടക്കുക.