വെബ് 3.0 എന്ന പ്രയോഗം പരിചയമുണ്ടോ? ഇല്ലെങ്കിൽ, വരും വര്‍ഷങ്ങളില്‍ അതു കൂടുതലായി കേട്ടു തുടങ്ങും. വെബ് 3.0 യെ (വെബ്3 എന്നും എഴുതാറുണ്ട്) അടുത്ത തലമുറയിലെ ഇന്റര്‍നെറ്റ് എന്നു വേണമെങ്കില്‍ നിര്‍വചിക്കാം. ഗൂഗിള്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ കുത്തകയാക്കി വച്ചിരിക്കുയാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന വെബ് 2.0. ഇത്തരം കമ്പനികളില്‍നിന്ന് ഇന്റര്‍നെറ്റിനെ മോചിപ്പിച്ച്, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വികേന്ദ്രീകൃതമാക്കിയ ഇന്റര്‍നെറ്റ് എന്നും വെബ് 3.0 വിശദീകരിക്കാം. വെബ്3.0 യില്‍ ഉപയോക്താവായിരിക്കും രാജാവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, അത് ഇപ്പോള്‍ നടക്കാത്ത സ്വപ്‌നം മാത്രമാണെന്നാണ് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ അഭിപ്രായം.
∙ അപ്പോള്‍ എന്താണ് വെബ്1.0?
ടിം ബെര്‍ണേഴ്‌സ്-ലീ 1989 ല്‍ അവതരിപ്പിച്ച വേള്‍ഡ് വൈഡ് വെബിനെയാണ് വെബ്1.0 എന്നു വിശേഷിപ്പിക്കുന്നത്. കൂടുതലായും ടെക്സ്റ്റ് വഴി ഉള്ളടക്കം കൈമാറി വന്നതാണ് ഈ കാലഘട്ടം. ഫ്രീകോഡ്ക്യാംപ്.ഓര്‍ഗ് വെബ്‌സൈറ്റ് വെബ് 1.0 കാലഘട്ടമായി പറയുന്നത് 1991 മുതൽ 2004 വരെയുള്ള കാലത്തെയാണ്. സ്റ്റാറ്റിക് കണ്ടന്റാണ് ഈ സമയത്ത് ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നത്. ഡേറ്റാബെയ്‌സിനു പകരം സ്റ്റാറ്റിക് ഫയല്‍ സിസ്റ്റം ആണ് ഉപയോഗിച്ചിരുന്നത്. ഇതിനെ റീഡ്-ഒണ്‍ലി വെബ് എന്നും വിശേഷിപ്പിക്കുന്നു.
∙ വെബ്2.0
കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകളുള്ള, ഡൈനാമിക് ആയ വെബിനെ ആണ് വെബ്2.0 എന്നു വിളിക്കുന്നത്. സോഷ്യല്‍ വെബ് എന്നും വിളിക്കാറുണ്ട്. ഈ വെബില്‍ പങ്കാളിയാകാന്‍, കണ്ടന്റ് സൃഷ്ടിക്കാന്‍ ഒരു ഡവലപ്പര്‍ ആകേണ്ട ആവശ്യമില്ല. മിക്ക ആപ്പുകളും സൃഷ്ടിച്ചിരിക്കുന്നതു തന്നെ ആര്‍ക്കും കണ്ടന്റ് സൃഷ്ടിക്കാവുന്ന രീതിയിലാണ്. നിങ്ങളുടെ സൃഷ്ടികള്‍ ലോകവുമായി പങ്കുവയ്ക്കാം. ഉദാഹരണത്തിന് ഒരു വിഡിയോ സൃഷ്ടിച്ച് അപ്‌ലോഡ് ചെയ്ത് ദശലക്ഷക്കണക്കിനു പേരെ കാണിക്കാം, അവരുടെ പ്രതികരണങ്ങള്‍ കാണാം, കമന്റുകള്‍ വായിക്കാം. എന്നാല്‍, ഇവിടെ പണം ഉണ്ടാക്കണമെങ്കില്‍ പലപ്പോഴും ഏതെങ്കിലും കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തണം. ഉദാഹരണം യൂട്യൂബ്. ഇവിടെ ഫെയ്‌സ്ബുക്കും ഗൂഗിളും ട്വിറ്ററും എല്ലാം പരസ്യം കാണിച്ചും മറ്റുമായി പണം വാരുന്നു. ശരാശരി കണ്ടന്റ് ക്രിയേറ്റര്‍ക്ക് കമ്പനികളുടെ മേല്‍ ഒരു നിയന്ത്രണവും സാധ്യമല്ല. വെബ്2.0ന്റെ മറ്റൊരു പ്രശ്‌നം അതില്‍നിന്ന് ഡേറ്റ ചോർത്താം എന്നതാണ്. പല തവണ അതും നാം കണ്ടു കഴിഞ്ഞു.
മൂന്നാമത് ഒരു പ്രശ്‌നം അത് സർക്കാരുകള്‍ക്കും മറ്റും എളുപ്പത്തില്‍ നിയന്ത്രിക്കാം എന്നതാണ്. സര്‍വറുകള്‍ ഷട്ട്ഡൗണ്‍ ചെയ്യാം, ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കാം, തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു തുള്ളാത്തവരെ ‘ക്ഷ’ വരപ്പിക്കാം. കാരണം വെബ്2.0ല്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്രീകൃത സര്‍വറുകളാണ്. ബാങ്കുകള്‍ പോലും ഇത്തരം സര്‍വറുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ള സർക്കാരുകള്‍ക്ക് എളുപ്പത്തില്‍, അവര്‍ക്കിഷ്ടമില്ലാത്തവരെ വരച്ച വരയില്‍ നിർത്താം. തട്ടിപ്പുകാര്‍ക്ക് അഴിഞ്ഞാടുകയും ചെയ്യാം. ഇവയടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ അപ്പാടെ പരിഹരിക്കാനാണ് വെബ്3.0 ശ്രമിക്കുന്നത്. അതിനെ ശരിക്കും ജനങ്ങളുടെ ഇന്റര്‍നെറ്റ് ആക്കാനാണ് ശ്രമം.
∙ വെബ് 3.0യില്‍ ആപ്പിനു പകരം ഡാപ്പ്
എന്തിന്റെയും ആധികാരികത പരിശോധിക്കാമെന്നതായിരിക്കും വെബ്3.0 യുടെ പ്രധാന ഗുണം. തട്ടിപ്പ് എളുപ്പമായിരിക്കില്ല. സ്വയം നിയന്ത്രിക്കുന്നതായിരിക്കും വെബ്3.0. ഒന്നിനും പെര്‍മിഷന്‍ അല്ലെങ്കില്‍ അനുമതി വേണ്ട. സുരക്ഷിതമായ പണമടയ്ക്കല്‍ നടത്താം. ആപ്പുകള്‍ ഒരു സര്‍വറില്‍നിന്നായിരിക്കില്ല പ്രവര്‍ത്തിക്കുക. വികേന്ദ്രീകൃതമായിരിക്കും അതിന്റെ പ്രവര്‍ത്തനം. പിയര്‍ ടു പിയര്‍ നോഡുകള്‍ അഥവാ സര്‍വറുകള്‍ ആയിരിക്കും ഉണ്ടാകുക. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തും. ഇതിന്റെയെല്ലാം ഫലമായി ഒരു ക്രിപ്‌റ്റോ ഇക്കണോമിക്പ്രോട്ടോക്കോള്‍ (cryptoeconomic protocol) കൊണ്ടുവരാനാകുമെന്നു കരുതുന്നു. ഇത്തരം ആപ്പുകളെ ഡാപ്പ് (dapps) അല്ലെങ്കില്‍ ഡീസെന്‍ട്രലൈസ്ഡ് ആപ്പുകള്‍ എന്നായിരിക്കും വിളിക്കുക.
∙ ആര്‍ക്കും പൈസയുണ്ടാക്കാം
വെബ്3.0യില്‍ കണ്ടന്റ് ഉണ്ടാക്കിയിട്ട് ആര്‍ക്കും പണമുണ്ടാക്കാം. അതിന് കമ്പനികളെ ആശ്രയിക്കേണ്ടതില്ല. ഈ പ്രോട്ടോക്കോളില്‍ വിവിധ രീതികളില്‍ പങ്കാളികളായി ആളുകള്‍ക്ക് പണമുണ്ടാക്കാമെന്നാണ് വെബ്3.0 യില്‍ പ്രതീക്ഷ വയ്ക്കുന്നവര്‍ പറയുന്നത്. ഫയല്‍കോയിന്‍ (Filecoin), ലൈവ്പിയര്‍ (Livepeer), ആര്‍വീവ് (Arweave), ദ് ഗ്രാഫ്, ബ്ലോക്‌ചെയിന്‍ പ്രോട്ടോക്കോള്‍ ആയ എതീരിയം തുടങ്ങിയവ വെബ്3.0യുടെ സവിശേഷതകളായിരിക്കും. ഇതൊക്കെ കേട്ടാല്‍ എത്ര നല്ല നടക്കാത്ത സ്വപ്‌നമെന്ന് പറയാന്‍ തോന്നിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളു!
∙ മസ്‌കും ഡോര്‍സിയും പറയുന്നത്
ഇതൊന്നും അടുത്തെങ്ങും പ്രതീക്ഷിക്കേണ്ടെന്ന് വെട്ടിത്തുറന്നു പറയുന്നവരാണ് ഇലോണ്‍ മസ്‌കും ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സിയും. മസ്‌കിന്റെ ഒരു ട്വീറ്റ് തന്നെ ഇങ്ങനെയാണ്: ‘ആരെങ്കിലും വെബ്3.0 കണ്ടോ? എനിക്കു കാണാന്‍ സാധിക്കുന്നില്ല.’ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നത് വെബ്3.0 യാഥാര്‍ഥ്യമല്ല. മറിച്ച്, മാര്‍ക്കറ്റിങ്ങുകാര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് എന്നാണ്. ഡോര്‍സി മസ്‌കിനെക്കാള്‍ ഒരുപടി കൂടി കടന്നാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.സാധാരണ ജനങ്ങള്‍ക്ക് വെബിന്റെ ഉടമസ്ഥത ലഭിക്കില്ലെന്ന് പച്ചയ്ക്കു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. വെബ്3.0 യിൽ വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളും (വിസീസ്) അവരുടെ ലിമിറ്റഡ് പാര്‍ട്ണര്‍മാരും (എല്‍പിസ്) ആധിപത്യം പുലര്‍ത്തുമെന്ന മുന്നറിയിപ്പാണ് ഡോര്‍സി നല്‍കിയിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ വെബ്3.0 ഒരു ഉട്ടോപ്യന്‍ ആശയമാണ്. പക്ഷേ, നടപ്പില്‍ വന്നാല്‍ സാധാരണക്കാര്‍ക്കു പോലും വലിയൊരു അനുഗ്രഹമാകുകയും ചെയ്യാം. പക്ഷേ, വെബ്3.0യെ കുറിച്ചുള്ള പ്രതീക്ഷ കൈവിടേണ്ട കാര്യമില്ല എന്നും, 1990 കളില്‍ ഒരാളോട്, ഇത്രയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന സ്മാര്‍ട് ഫോണ്‍ എന്നൊരു ഉപകരണം വരുന്നുണ്ട് എന്നു പറഞ്ഞാല്‍ അയാള്‍ എന്തു പറയുമായിരുന്നു എന്നും ചിന്തിച്ചാൽ മതിയെന്നു പറയുന്നവരുമുണ്ട്.