Pirated Microsoft Office software: സോഫ്റ്റ്വെയറുകളുടെ വ്യാജ പതിപ്പുകൾ ഉപയോഗിക്കുന്നവരാണ് പലരും. വ്യാജപതിപ്പുകൾക്കെതിരെ പല ടെക് ഭീമന്മാരും വലിയ ക്യാംപയിനുകൾ തന്നെ നടത്താറുണ്ട്. അടുത്തിടെ മൈക്രൊസോഫ്റ്റും ( Microsoft) ഇത്തരത്തിലുള്ള ക്യാംപയിനുകൾ ആരംഭിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് 365-ന്റെ പൈറേറ്റഡ് പതിപ്പുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ച് കൊണ്ടാണ് ക്യാംപയിൻ. ഇവർക്കെതിരെ കമ്പനി നടപടികളൊന്നും സ്വീകരിക്കില്ല. പകരം യഥാർത്ഥ ഓഫീസ് സോഫ്റ്റ്വെയർ വാങ്ങാൻ പ്രേരിപ്പിച്ച് കൊണ്ടുള്ള ക്യാംപയിനാണ് കമ്പനി നടത്തുന്നത്. Microsoft 365 Personal, Microsoft 365 ഫാമിലി സബ്സ്ക്രിപ്ഷനുകൾക്ക് 50% കിഴിവ് നൽകിക്കൊണ്ടാണ് യഥാർത്ഥ സോഫ്റ്റ്വെയർ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.
Ghacks (Bleeping Computer ) കണ്ടെത്തിയ പ്രൊമോഷണൽ ഓഫർ അനുസരിച്ച്, പൈറേറ്റഡ് സോഫ്റ്റ്വെയറിന്റെ ഉപയോഗിക്കുന്നവർക്ക് സോഫ്റ്റർവെയർ ഉപയോഗിക്കുമ്പോൾ മുകളിൽ ഒരു ബാനർ കാണാം. “50% വരെ കിഴിവ് നേടൂ. ഒരു പരിമിത കാലത്തേക്ക്, ഒരു യഥാർത്ഥ Microsoft 365 സബ്സ്ക്രിപ്ഷനിൽ 50% വരെ ലാഭിക്കുക” എന്നാണ് ബാനറിൽ പറയുന്നത്.
ബാനറിൽ ക്ലിക്കുചെയ്താൽ മൈക്രോസോഫ്റ്റ് 365 ലാൻഡിംഗ് പേജിലേക്ക് എത്തും, അവിടെ ഉപയോക്താക്കൾക്ക് പൈറേറ്റഡ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിനെതിരായ മുന്നറിയിപ്പ് കാണാനും യഥാർത്ഥ പതിപ്പുകൾ 50 ശതമാനം കിഴിവിൽ വാങ്ങാനും സാധിക്കും.
ഓഫറിൻ്റെ കീഴിൽ മൈക്രോസോഫ്റ്റ് 365-ന്റെ വില ‘പേഴ്സണൽ’ ഉപയോക്താക്കൾക്ക് പ്രതിവർഷം 35 ഡോളർ ആയും ‘ഫാമിലി’ വരിക്കാർക്ക് പ്രതിവർഷം ഏകദേശം50 ഡോളറായും നിരക്ക് കുറയും. യുഎസിൽ യഥാക്രമം പ്രതിവർഷം 69.99 ഡോളർ, പ്രതിവർഷം 99.99 ഡോളർ എന്നിങ്ങനെയാണ് വില.
ഈ ഓഫർ ഇന്ത്യയിൽ ലഭ്യമാകുമോ എന്ന് വ്യക്തമല്ല. നിലവിൽ മൈക്രോസോഫ്റ്റ് 365 പേഴ്സണൽ സബ്സ്ക്രിപ്ഷന് പ്രതിവർഷം 4,899 രൂപയും ‘ഫാമിലി’ സബ്സ്ക്രിപ്ഷനുകൾക്ക് പ്രതിവർഷം 6,199 രൂപയുമാണ് നിരക്ക്.