മുഖത്തിന്‍റെ ആജീവനാന്ത അവകാശം നൽകാൻ തയാറുള്ള വ്യക്തിക്ക് രണ്ട് ലക്ഷം ഡോളര്‍ (1.5 കോടി രൂപയോളം) വാഗ്ദാനം ചെയ്ത് പ്രമുഖ റോബോട്ട് നിര്‍മാണ കമ്പനി (Robot Manufacturer). അമേരിക്കയിലെ (USA) ഫിലാഡൽഫിയ (Philadelphia) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോമോബോട്ട് (Promobot) എന്ന റോബോട്ടിക്സ് കമ്പനിയാണ് അവരുടെ ഹ്യുമനോയ്ഡ് റോബോട്ട് അസിസ്റ്റന്‍റിന് (Humanoid Robot Assistant) ചേരുന്ന മുഖത്തെ തേടുന്നത്.
കാണുമ്പോൾ ദയയും സൗഹൃദവും തോന്നിക്കുന്ന മുഖമാണ് തങ്ങൾക്ക് ആവശ്യമെന്ന നിബന്ധനയും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. ലിംഗഭേദമോ പ്രായപരിധിയോ ഒന്നും ഇല്ലാതെയാണ് കമ്പനി ആളുകൾക്ക് മുന്നിലേക്ക് ഈ ഓഫർ വെച്ചിരിക്കുന്നത്. ഏത് പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകള്‍ക്കും ഇതിനായി അപേക്ഷിക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് കൊണ്ടുള്ള മറുപടികൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് കമ്പനി അധികൃതർ.
“റോബോട്ടിക്‌സിന്റെ മറ്റ് മേഖലകൾക്കൊപ്പം സ്പീച്ച് ആൻഡ് ഫേഷ്യൽ റെക്കഗ്നിഷൻ, ഓട്ടോണോമസ് നാവിഗേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലും ഞങ്ങളുടെ കമ്പനി സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണ്. ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമ്മിക്കുകയും വിപണിയിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്. ഉപഭോക്താക്കളുമൊത്ത് ഒരു വലിയ പ്രോജക്ട് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.” – പ്രോമോബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖെപ്പെടുത്തി.
“ജനത്തിരക്കേറിയ സ്ഥലങ്ങളിൽ കൺസൾട്ടന്റായി റോബോട്ട് പ്രവർത്തിക്കുമെന്നതിനാൽ പ്രോജക്ട് പ്രത്യേകതകൾ കണക്കിലെടുത്താണ് റോബോട്ടിന്റെ രൂപഭാവം സംബന്ധിച്ച നിബന്ധന സജ്ജീകരിച്ചിരിക്കുന്നത്. ലിംഗഭേദവും പ്രായവും പ്രശ്നമല്ല. താത്പര്യമുള്ളവരും ഓഫർ അംഗീകരിക്കുന്നവരുമാണെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അതിൽ നൽകിയ ചോദ്യാവലി പൂരിപ്പിച്ച് സ്ഥാനാർത്ഥിത്വം രജിസ്റ്റർ ചെയ്യാം.” – കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഹ്യുമനോയ്ഡ് റോബോട്ടുകൾ നിർമിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ് പ്രോമോബോട്ട്. ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലെ ജോലികളിലും സഹായകമാവാൻ കഴിയുന്ന റോബോട്ടുകൾ നിർമിക്കുമ്പോൾ അവയ്ക്കുള്ള മുഖമാണ് കമ്പനി തേടുന്നത്. ദിവസേന ആയിരക്കണക്കിന് ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ റോബോട്ടുകളെ 2023ഓടെ വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് സ്ഥാപനങ്ങളിലും വിന്യസിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
അഡ്‌മിനിസ്‌ട്രേറ്റർമാർ, പ്രമോട്ടർമാർ, കൺസൾട്ടന്റുകൾ, ഗൈഡുകൾ, സഹായികൾ എന്നിങ്ങനെ നിരവധി തസ്തികകളിൽ പ്രവർത്തിക്കുന്ന റോബോട്ടുകളെ കമ്പനി ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. നിലവിൽ, സർവ്വകലാശാലകൾ, വിമാനത്താവളങ്ങൾ, മ്യൂസിയങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ കമ്പനി പ്രൊമോബോട്ട് v4 (Promobot V4) റോബോട്ടിനെ വിന്യസിച്ചിട്ടുണ്ട്. ഇവരുടെ മറ്റൊരു റോബോട്ടായ റോബോ-സിയേയും (Robo-C) ഇത്തരം സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 43ഓളം രാജ്യങ്ങളിലായാണ് അവ ഉപയോഗത്തിലുള്ളത്.