ജോലിക്കായും യാത്രാ വേളകളിലും ഉപയോഗിക്കാനായി ഹെഡ്‌ഫോണുകള്‍, ഇയര്‍ഫോണുകള്‍, ഇയര്‍ബഡ്‌സ് എന്നിവ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. കുറച്ചു കാലം മുൻപ് വരെ ഒരു ഹെഡ്‌ഫോണോ, ഇയര്‍ഫോണോ വാങ്ങണമെന്നു തോന്നിയാല്‍ കയ്യിലുള്ള പണത്തിനനുസരിച്ച് ഏറ്റവും മികച്ച കമ്പനിയുടെ ഉല്‍പന്നം വാങ്ങുക എന്നതായിരുന്നു പതിവ്. എന്നാൽ, ഇന്ന് പലരും വിവിധതരം ഹെഡ്‌ഫോണുകളിലും മറ്റും എന്തു വ്യത്യാസമാണ് ഉള്ളതെന്നും കൂടി പരിശോധിക്കുന്നുണ്ട്. ഓഡിയോ പ്ലേബാക്കിലൊക്കെ നിരവധി മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഇവയില്‍ താരതമ്യേന സാധാരണമായ ഒന്നാണ് നോയിസ് ക്യാന്‍സലേഷന്‍. ഇതുതന്നെ പല പേരുകളില്‍ അറിയപ്പെടുന്നു – ആക്ടിവ് നോയിസ് ക്യാന്‍സേഷന്‍, പാസീവ് നോയിസ് ക്യാന്‍സലേഷന്‍, നോയിസ് ഐസൊലേഷന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ മികച്ച ഹെഡ്‌സെറ്റുകള്‍ക്കുമൊപ്പം കേള്‍ക്കാം. എന്താണ് ഈ പ്രയോഗങ്ങളൊക്കെ അര്‍ഥമാക്കുന്നത്?

∙ പാസീവ് നോയിസ് ക്യാന്‍സലേഷന്‍

പുറമെ നിന്നുള്ള ശബ്ദം ചെവിയിലെത്തുന്നതു തടയുന്ന രീതിയെ വിവരിക്കുന്ന പദങ്ങളാണ് നോയിസ് ക്യാന്‍സലേഷന്‍. പാസീവ് നോയിസ് ക്യാന്‍സലേഷന്റെ കാര്യത്തില്‍ വലിയ ഇയര്‍കപ്പുകളും, രൂപകല്‍പനയും മറ്റും ഉപയോഗിച്ച് തടസങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. രണ്ടു കയ്യും ഉപയോഗിച്ച് ചെവി അടച്ചുപിടിച്ച് ശബ്ദങ്ങള്‍ കേള്‍ക്കാതിരിക്കാൻ ചെയ്യുന്നതു പോലെയുള്ള പ്രക്രിയയാണ് ഇത്. നോയിസ് ഐസോലേഷന്‍ എന്ന പ്രയോഗം കൊണ്ടും ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ്. വലിയ ഇയര്‍ കപ്പുകളും രൂപകല്‍പനാ വൈഭവവും മറ്റും ഉപയോഗിച്ച് ഹെഡ്‌ഫോണുകള്‍ ഇങ്ങനെ പുറമേ നിന്നുള്ള ശബ്ദം ചെവിയിലെത്തിക്കാതിരിക്കാന്‍ പ്രവർത്തിക്കുന്നു. ഇത് കുറച്ചൊക്കെ പ്രാവര്‍ത്തികമാണെങ്കിലും അത്ര മികച്ചതല്ല. കാരണം ഓരോരുത്തരുടെയും ചെവിയുടെ വലുപ്പം, രീതി, ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയല്‍, രൂപകല്‍പന തുടങ്ങിയ ഘടകങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഒരു കണക്കിനു പറഞ്ഞാല്‍ എല്ലാ ഹെഡ്‌ഫോണുകളിലും പാസീവ് നോയിസ് ക്യാന്‍സലേഷന്‍ ഉണ്ട്. എന്നാല്‍, ചില ഹെഡ്‌ഫോണുകളില്‍ കട്ടികൂടിയ വസ്തുക്കള്‍ ഉപയോഗിച്ച് പുറമേ നിന്നുള്ള ശബ്ദങ്ങള്‍ പ്രവേശിക്കുന്നതു കൂടുതലായി തടയുന്നു. മിഡ് മുതല്‍ ഹൈ ഫ്രീക്വന്‍സി വരെയുള്ള, അതായത് 15ഡിബി മുതല്‍ 30ഡിബി വരെയുള്ള ശബ്ദങ്ങളെയാണ് ഇത് പ്രതിരോധിക്കുന്നത്. 

∙ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍

സാങ്കേതികവിദ്യാപരമായി പറഞ്ഞാല്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ അഥവാ എഎന്‍സി ഉള്ള ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും ഇയര്‍ബഡുകളുമാണ് മികച്ച പ്രകടനം നടത്തുന്നത്. ഇവയിലുള്ള ചെറിയ മൈക്രോഫോണുകളും മറ്റു ശബ്ദങ്ങള്‍ക്കായി ‘ചെവിയോര്‍ക്കുന്നു’. അവ പിടിച്ചെടുക്കുന്ന വോയിസ്ഡേറ്റ ഇവയുടെ പ്രോസസറുകളിലേക്ക് അയയ്ക്കുന്നു. പ്രോസസറുകള്‍ അല്‍ഗോറിതങ്ങള്‍ പ്രയോജനപ്പെടുത്തി പുറമേ നിന്നു കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്ക് ‘എതിരായ’ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നു. ഇത് പുറമേ നിന്ന് എത്തുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു. എന്നു പറഞ്ഞാല്‍ +1 ഉം -1 ചേരുമ്പോള്‍ പൂജ്യമാകുന്നു എന്ന് ‘ഹെഡ്‌ഫോണസ്റ്റി’ വെബ്‌സൈറ്റ് പറയുന്നു. ഇങ്ങനെ പൂജ്യം അല്ലെങ്കില്‍ നിശബ്ദത കൊണ്ടുവരാനായി പ്രതിപ്രവര്‍ത്തനം നടത്തുന്ന പ്രക്രിയയെ ആണ് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ അല്ലെങ്കില്‍ സജീവ ശബ്ദ നിരാകരണം എന്നു പറയുന്നത്. എന്നാല്‍, ഇന്നു നിലവിലുള്ള ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സിസ്റ്റങ്ങള്‍ക്ക് ലോ ഫ്രീക്വന്‍സി ശബ്ദങ്ങളെ കുറയ്ക്കാനുള്ള ശേഷിയാണ് ഉള്ളത് എന്നും മനസ്സില്‍വയ്ക്കണം. കാറിന്റെ എൻജിന്‍, എയര്‍ കണ്ടിഷനറുകളുടെ ശബ്ദം തുടങ്ങിയവയെ ആയിരിക്കും ഇത് കുറയ്ക്കുക. 

earphone

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സാങ്കേതികവിദ്യ ഉണ്ടെന്ന് ഒരു ഹെഡ്‌ഫോണില്‍ അല്ലെങ്കില്‍ ഇയര്‍ഫോണില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും എല്ലാ മോഡലുകളും ഒരുപോലെ മികവു പുലര്‍ത്തില്ല. വില കൂടിയ മോഡലുകള്‍ കുടുതല്‍ നിലവാരമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. കൂടാതെ, രണ്ടു വിഭാഗത്തിലും പെടുന്ന നോയിസ് ക്യാന്‍സലേഷനും 100 ശതമാനം ശബ്ദത്തെയും ഇല്ലാതാക്കുകയൊന്നുമില്ല. ഈ രണ്ടു രീതികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും മുന്തിയ ഹെഡ്‌സെറ്റുകള്‍ 95 ശതമാനം വരെ ശബ്ദനിരാകരണം നടത്തുന്നുവെന്നു പറയുന്നു. എന്നാല്‍, പുറമേ നിന്നുള്ള ശബ്ദം കുറയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഉളള ഇയര്‍ഫോണുകളും മറ്റുമാണ് കൂടുതല്‍ പ്രയോജനപ്രദം. പക്ഷേ, നോയിസ് ഐസൊലേഷനും ഊന്നല്‍ നില്‍കി നിര്‍മിച്ചിരിക്കുന്ന ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും തിരഞ്ഞെടുക്കുന്നത് കൂടുതല്‍ മികച്ച അനുഭവം നല്‍കിയേക്കും. 

∙ ശബ്ദമികവ് ഏതിന്?

അതേസമയം, ശബ്ദ മികവാണ് ഹെഡ്‌ഫോണില്‍ വേണ്ടതെങ്കില്‍ വില കുറഞ്ഞ, ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഹെഡ്‌സെറ്റുകളും മറ്റും വാങ്ങാതിരിക്കുന്നതാണ് നല്ലതെന്നും പറയുന്നു. കാരണം, പ്രതിപ്രവര്‍ത്തനം നടത്തുക വഴി ശബ്ദശുദ്ധി കുറയുമെന്നും സാധാരണ ലഭിക്കുന്ന ഓഡിയോഫൈല്‍ ഹെഡ്‌ഫോണുകളും മറ്റും ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഉള്ളവയേക്കാള്‍ മികച്ച അനുഭവം നല്‍കിയേക്കുമെന്നും പറയുന്നു. എന്നാല്‍, മികച്ച എഎന്‍സി ഉള്ള ഷോ എഒണിക് 50 ( Shure Aonic 50), സോണി ഡബ്ല്യുഎച്-1000എക്‌സ്എം4, ബോസ് 700 തുടങ്ങിയവ അത്യുഗ്രന്‍ പ്രകടനം തന്നെ നടത്തുന്നു എന്നും വിലയിരുത്തപ്പെടുന്നു.

∙ പാസീവ് നോയിസ് ക്യാന്‍സലേഷന് മറ്റൊരു മികവും

ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ ഹെഡ്‌ഫോണുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി ബന്ധം, അല്ലെങ്കില്‍ ബാറ്ററി വേണം. (എഎന്‍സി ഓഫു ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. പക്ഷേ ഇതിനല്ലല്ലോ ഇത്രയും വില കൊടുത്ത് ഒരു ഹെഡ്‌സെറ്റ് വാങ്ങുന്നത്.)

∙ ധരിക്കാനുള്ള സുഖം

ഹെഡ്‌ഫോണുകള്‍ക്കും ഇയര്‍ഫോണുകള്‍ക്കും മികവുണ്ടെന്നു പറഞ്ഞാല്‍ മാത്രം പോര, ഇവ ധരിക്കുമ്പോള്‍ അസ്വാസ്ഥ്യം ഉണ്ടാകാതിരിക്കുകയും വേണം. ചില ആളുകള്‍ക്ക് എഎന്‍സി പ്രശ്‌നമുണ്ടാക്കുന്നു എന്നും പറയുന്നു. അതുപോലെ തന്നെ ഒരാളുടെ തലയ്ക്കും ചെവിക്കും പാകമല്ലാത്ത ഹെഡ്‌ഫോണുകള്‍ അണിഞ്ഞ് ദീര്‍ഘനേരം ഇരിക്കുന്നതും നല്ലതല്ല. അവരവര്‍ക്ക് ചേര്‍ന്നതു കണ്ടെത്തുക എന്നതാണ് ചെയ്യേണ്ടത്. അതുപോലെ ആവശ്യമുണ്ടെങ്കില്‍ മാത്രം ഇവ ഉപയോഗിക്കുന്നതാണ് നല്ലത്. പകരം അധികം വോളിയത്തിലല്ലാതെ സ്പീക്കറില്‍ ശബ്ദം കേള്‍ക്കുന്നതായിരിക്കാം ചെവിയുടെ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.

∙ ഷഓമി മിയുഐ 13 ഡിസംബര്‍ 16ന്?

രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷഓമിയുടെ പുതുക്കിയ ഓപ്പറേറ്റങ് സിസ്റ്റമായ മിയുഐ 13 (MIUI 13) എന്ന് ഷാഓമിയുഐ (Xiaomiui) റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഒഎസിലുള്ളതു പോലെയുള്ള വിജറ്റുകളും മറ്റും മിയുഐ 13ല്‍ പ്രതീക്ഷിക്കുന്നു. തുടക്കത്തില്‍ മി 10 സീരിസ് 11 സീരീസ് തുടങ്ങിയവയ്ക്കായിരിക്കും പുതുക്കിയ ഓപ്പറേറ്റിങ് സിസ്റ്റം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

∙ ബിറ്റ്‌കോയിന്‍ മൂല്യം ഇടിഞ്ഞു

ഏകദേശം 70,000 ഡോളര്‍ വരെ ഈ മാസം ഉയര്‍ന്ന ബിറ്റ്‌കോയിന്റെ വില ഇപ്പോള്‍ 54,377 ആയി കുറഞ്ഞിരിക്കുകയാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയ കൊറോണാ വൈറസ് വകഭേദങ്ങള്‍ പടരുന്നതടക്കമുള്ള കാരണങ്ങളാണ് വിലയിടിവിനു പിന്നില്‍. 

dollar-bitcoin

∙ ക്രിപ്‌റ്റോകറന്‍സി ഖനനക്കാര്‍ ക്ലൗഡ് അക്കൗണ്ടുകള്‍ ഹാക്കുചെയ്യുന്നു – ഗൂഗിള്‍

ക്രിപ്‌റ്റോകറന്‍സി ഖനനം ചെയ്യുന്നവര്‍ ക്ലൗഡ് അക്കൗണ്ടുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് ഗൂഗിള്‍ റിപ്പോർട്ട്. കമ്പനിയുടെ സൈബര്‍ സുരക്ഷാ ആക്ഷന്‍ ടീമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ക്ലൗഡിനെതിരെ നടന്നിരിക്കുന്ന ആക്രമണങ്ങളില്‍ 86 ശതമാനവും ക്രിപ്‌റ്റോ ഖനനക്കാരാണ് നടത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *