വാട്‌സാപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധിയാണ് വാട്‌സാപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാണ് സമയപരിധി ലഭ്യമായിട്ടുള്ളത്. ഇത് ഏഴ് ദിവസം വരെ വര്‍ധിപ്പിക്കാനാണ് വാട്‌സാപ്പിന് പദ്ധതി. 

വാട്‌സാപ്പില്‍ ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച് ലഭിച്ച ഫീച്ചറാണ് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’. സന്ദേശങ്ങള്‍ ആളുമാറി അയച്ചും, പൊതു ഗ്രൂപ്പുകളില്‍ സ്വകാര്യ സന്ദേശങ്ങള്‍ അബദ്ധത്തില്‍ അയച്ചും ആളുകള്‍ നിരന്തരം വെട്ടിലായ സമയത്താണ് ഈ സംവിധാനം വരുന്നത്. 

എന്നാല്‍ ഒരു മണിക്കൂര്‍ സമയ പരിധി കഴിഞ്ഞാല്‍ പിന്നെ സന്ദേശം നീക്കം ചെയ്യാനാവാത്തത് പലപ്പോഴും ആളുകള്‍ക്ക് പ്രയാസമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാട്‌സാപ്പ് സമയപരിധി വര്‍ധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 

ഈ ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ വാട്‌സാപ്പ് സമയപരിധി സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്താനും സാധ്യതയുണ്ട്. ഫീച്ചറിന്റെ അന്തിമ രൂപം അവതരിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമേ സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തുമോ എന്ന് പറയാനൊക്കു. 

വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ പക്ഷെ  എപ്പോള്‍ വേണമെങ്കിലും സന്ദേങ്ങള്‍ നീക്കം ചെയ്യാനാവും. ഈ സംവിധാനം വാട്‌സാപ്പിന് മുമ്പ് തന്നെ ടെലഗ്രാം ലഭ്യമാക്കിയിരുന്നു. സന്ദേശങ്ങള്‍ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ നീക്കം ചെയ്യപ്പെടുന്ന വാട്‌സാപ്പിലെ ഡിസപ്പിയറിങ് മേസേജസ് ഫീച്ചറും മുമ്പ് ടെലഗ്രാമില്‍ സെല്‍ഫ് ഡിസ്ട്രക്ഷന്‍ മെസേജ് എന്നപേരില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. 

സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഏഴ് ദിവസത്തെ സമയപരിധി എന്നതിനേക്കാള്‍ എപ്പോള്‍ വേണമെങ്കിലും സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് മികച്ചത്. ഇക്കാര്യത്തിലും വാട്‌സാപ്പ് ടെലഗ്രാമിനെ അനുകരിക്കുമോ എന്ന് പറയാനാവില്ല. 

സന്ദേശം മാത്രമല്ല ചാറ്റ് തന്നെ എല്ലാവരില്‍ നിന്നും നീക്കം ചെയ്യാനുള്ള സൗകര്യം ടെലഗ്രാം ഏറെ നാളുകളായി ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്നും നമ്മളുമായുള്ള ചാറ്റ് പൂര്‍ണമായും നീക്കം സാധിക്കും. 

അതേസമയം ശബ്ദസന്ദേശങ്ങള്‍ വ്യത്യസ്ത വേഗത്തില്‍ പ്ലേ ചെയ്യാന്‍ സാധിക്കുന്ന സൗകര്യവും വാട്‌സാപ്പ് പരീക്ഷിച്ചുവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *