ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചുവരികയാണെന്നും അത് 2023 അവസാനമോ, 2024 ആദ്യമോ അവതരിപ്പിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തി. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 6ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും എൻജിനീയര്‍മാര്‍ക്കും അതിനു വേണ്ട എല്ലാ അനുമതികളും നല്‍കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് 6ജി ടെക്‌നോളജിക്കായി സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും നിര്‍മിക്കുന്നുണ്ട്, ഇത് ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും നല്‍കാനായേക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ഇന്ത്യയുടെ സ്വന്തം 5ജി യുടെയും ജോലികൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ കേന്ദ്ര സോഫ്റ്റ്‌വെയറുകളിലൊന്ന് 2022 മൂന്നാം പാദത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം 2022 രണ്ടാം പാദത്തില്‍ നടന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ട്രായിക്ക് 5ജി ലേലത്തിനുള്ള റഫറന്‍സ് നല്‍കി കഴിഞ്ഞു. അതിനുള്ള കൂടിയാലോചനകള്‍ സംഘടിപ്പിക്കുകയാണ് ട്രായി ഇപ്പോള്‍. ഈ പ്രക്രിയ അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് കാലഘട്ടത്തില്‍ തീരും. ടെലികോം മേഖലയ്ക്ക് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത് 49 ശതമാനമായിരുന്നു.
∙ നിയമവിരുദ്ധമായി 600 ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍ബിഐ
രാജ്യത്ത് കുറഞ്ഞത് 600 ലോണ്‍ ആപ്പുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വര്‍ക്കിങ് ഗ്രൂപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ആപ്പുകള്‍ വ്യക്തികളെക്കുറിച്ചു ശേഖരിക്കുന്ന വിവരത്തെക്കുറിച്ചും ആര്‍ബിഐ ആശങ്ക രേഖപ്പെടുത്തി. ലോണ്‍ അടച്ചു തീര്‍ത്താല്‍ പോലും തങ്ങളുടെ ഡേറ്റ നീക്കംചെയ്യാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കുന്നില്ലെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
∙ കുട്ടികള്‍ക്കുള്ള രാജ്യത്തെ ആദ്യത്തെ വെര്‍ച്വല്‍ സയന്‍സ് ലാബ് ആരംഭിച്ചു
കുട്ടികള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ വെര്‍ച്വല്‍ ശാസ്ത്ര ലാബ് തുടങ്ങി. സിഎസ്‌ഐആര്‍ ജിഗ്യാസ (CSIR Jigyasa) പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് ഇത് തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ ശാസ്ത്രജ്ഞരുമായി ഇടപെടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്ന രീതിയിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. ഇതൊരു പുതിയ തുടക്കമാണെന്നാണ് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹ മന്ത്രിയായ ജിതേന്ദ്ര സിങ് പറഞ്ഞത്. ശാസ്ത്രത്തെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കുക എന്നതായിരിക്കും ലാബിന്റെ ലക്ഷ്യം.
∙ പ്രോസസറുകൾക്ക് പേര് നൽകുന്നതിൽ മാറ്റംവരുത്തി ക്വാല്‍കം
ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ ക്വാല്‍കം സ്മാര്‍ട് ഫോണ്‍ പ്രോസസറുകൾക്ക് പേര് നൽകുന്ന രീതിയില്‍ മാറ്റംവരുത്തി. സ്‌നാപ്ഡ്രാഗണ്‍ എന്ന പേരില്‍ ഇറക്കിയിരുന്ന സ്മാര്‍ട് ഫോണ്‍ പ്രോസസറുകളുടെ പേരിനൊപ്പം ക്വാല്‍കം എന്നു കൂടി ചേര്‍ക്കില്ലെന്നും കമ്പനി അറിയിച്ചു. കൂടാതെ സ്‌നാപ്ഡ്രാഗണെ മറ്റൊരു കമ്പനിയായി പ്രവര്‍ത്തിപ്പിക്കാന്‍ പോകുകയാണെന്നും പറഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകളുടെ പേരിടല്‍ രീതിയില്‍ വരുന്ന മാറ്റവും പരിശോധിക്കാം:
∙ പുതിയ പേരിടല്‍ രീതി
ഇതുവരെ സ്‌നാപ്ഡ്രാഗണിന്റെ തുടക്ക സീരീസിനെ 400 എന്നും, മധ്യ സീരീസിനെ 600 അല്ലെങ്കില്‍ 700 എന്നും, ഏറ്റവും മുന്തിയ സീരീസിനെ 800 എന്നുമായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍, ഇനിമുതൽ സ്‌നാപ്ഡ്രാഗണ്‍ 8 സിഎക്‌സ് (8cx) ജെന്‍ 2, അല്ലെങ്കില്‍ 7സി ജെന്‍2 എന്നൊക്കെയായിരിക്കും പേരുകള്‍. (ജെന്‍ എന്നത് ജനറേഷന്‍ അഥവാ തലമുറയെ സൂചിപ്പിക്കുന്നു.) പുതിയ പേരിടല്‍ രീതി അടുത്തതായി ഇറക്കാന്‍ പോകുന്ന സീരീസ് 8 പ്രോസസര്‍ മുതല്‍ കാണാമെന്നു പറയുന്നു. അടുത്ത പ്രോസസറിന് സ്‌നാപ്ഡ്രാഗണ്‍ 898 എന്നായിരുന്നു പേരിടാന്‍ തീരുമാനിച്ചിരുന്നത്. ഇതു കൂടാതെ പ്രോസസറുകള്‍ക്കൊപ്പം 5ജി എന്നൊക്കെ എഴുതുന്നതും വേണ്ടന്നുവയ്ക്കുമെന്ന് കമ്പനി പറയുന്നു. ഇനി ഇറക്കാന്‍ പോകുന്ന മിക്ക പ്രോസസറുകളും 5ജി ആയിരിക്കും. ഇതിനാല്‍ അത് പ്രത്യേകമായി എഴുതി ചേര്‍ക്കേണ്ട കാര്യമല്ലെന്ന് കമ്പനി പറയുന്നു.
∙ ഇന്ത്യയ്ക്കായി നേര്‍പ്പിച്ച ആന്‍ഡ്രോയിഡ് പതിപ്പുണ്ടാക്കാന്‍ ഗൂഗിള്‍
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വില കുറഞ്ഞ സ്മാര്‍ട് ഫോണുകള്‍ എത്തിക്കാനുള്ള ശ്രമവുമായി ഗൂഗിള്‍. തങ്ങളുടെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു ചേര്‍ന്ന തരത്തിലുള്ള ഫീച്ചറുകള്‍ ഒരുക്കാനായിരിക്കും ഗുഗിളിന്റെ പുതിയ സോഫ്റ്റ്‌വെയര്‍ ടീം ശ്രമിക്കുക. ഇതിനു മാത്രമായി കമ്പനിയുടെ ഒരു ടീം ബെംഗളൂരുവിലും മറ്റൊരു ടീം ലണ്ടനിലും ഉണ്ടായിരിക്കും. ജിയോഫോണ്‍ നെക്‌സ്റ്റിന്റെ നേര്‍പ്പിച്ച ആന്‍ഡ്രോയിഡ് വികസിപ്പിച്ചെടുക്കാൻ പ്രവർത്തിച്ച ഗൂഗിള്‍ എൻജിനീയര്‍മാര്‍ ആകാം ഇന്ത്യയില്‍ തുടരുക.
നേര്‍ത്ത ആന്‍ഡ്രോയിഡ് ഒഎസ് ഇറക്കാനുള്ള ഗൂഗിളിന്റെ ആദ്യ ശ്രമമല്ല ഇത്. നേരത്തെ ഇറക്കിയ ആന്‍ഡ്രോയിഡ് വണ്‍ അത്തരത്തിലൊരു ഉദ്യമം ആയിരുന്നു. മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് മൊബൈല്‍, ഷഓമി തുടങ്ങിയ കമ്പനികളുമായി സഹകരിച്ചും കമ്പനി മുൻപ് ഇതിനായി പരിശ്രമിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് വണ്‍ സോഫ്റ്റ്‌വെയറിന്റെ പ്രധാന പ്രശ്‌നം ഏതു നിര്‍മാതാവിന്റെ ഫോണ്‍ വാങ്ങിയാലും ഒരുപോലെ ഇരിക്കുമെന്നതായിരുന്നു. ഇതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിരിക്കും പുതിയ ടീം പരിശ്രമിക്കുക.
∙ പെഗസസ് സ്‌പൈവെയര്‍: ഇസ്രയേലി കമ്പനിക്കെതിരെ കേസു കൊടുത്ത് ആപ്പിള്‍
ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പെഗസസ് സ്‌പൈവയര്‍ നിർമിച്ചുവിടുന്ന ഇസ്രയേലി കമ്പനി എന്‍എസ്ഒയ്‌ക്കെതിരെ ആപ്പിള്‍ കേസ് കൊടുത്തു. ദുരുദ്ദേശത്തോടെ ഇറക്കുന്ന ഈ സോഫ്റ്റ്‌വെയറിന്റ ഉത്തരവാദിത്വം എന്‍എസ്ഒയുടേതാണെന്ന് ആപ്പിള്‍ പറയുന്നു. ഐഫോണ്‍ ഉപയോഗിക്കുന്ന നിരവധി ആക്ടവിസ്റ്റുകളുടെയും മറ്റും ഫോണ്‍ ചോര്‍ത്താന്‍ പെഗസസിനു സാധിച്ചു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ആപ്പിള്‍ ഉപകരണങ്ങളും സോഫ്റ്റ്‌വെയറും സേവനങ്ങളും എന്‍എഎസ്ഒ ഉപയോഗിക്കുന്നത് നിരോധിക്കണം എന്നാണ് കലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ ആപ്പിള്‍ നല്‍കിയ കേസില്‍ പറഞ്ഞിരിക്കുന്നത്. പെഗസസിനെതിരെ ഫെയ്‌സ്ബുക്കും കേസ് കൊടുത്തിട്ടുണ്ട്.
∙ ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ടാക്‌സ് വെട്ടിപ്പു നടത്താനായേക്കുമെന്ന് റഷ്യ
ക്രിപ്‌റ്റോകറന്‍സിയുടെ വ്യാപനം രാജ്യത്തിനു ലഭിക്കുന്ന നികുതി വരുമാനം ഗണ്യമായി കുറച്ചേക്കാമെന്ന് റഷ്യന്‍ സർക്കാർ. ടാക്‌സ് വെട്ടിപ്പിനായി ക്രിപ്‌റ്റോകറന്‍സികള്‍ പ്രയോജനപ്പെടുത്തിയേക്കാമെന്ന് റഷ്യയിലെ ഫെഡറല്‍ ടാക്‌സ് സര്‍വീസസിന്റെ മേധാവി ഡാനില്‍ എഗോറോവ് പറഞ്ഞു. തങ്ങള്‍ ഇത്തരം പണമിടപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ തരം നികുതി വെട്ടിപ്പു തുടങ്ങിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്‌ക്കെതിരെ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നേക്കും.