വാഹനം ഓടിക്കുമ്പോള്‍ ഒരു വളവു തിരിഞ്ഞാല്‍ അവിടെ മനുഷ്യനോ മൃഗങ്ങളോ നില്‍പ്പുണ്ടോ എന്ന് ഡ്രൈവര്‍ക്ക് നേരത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നതടക്കം പല സാധ്യതകളുമുള്ള പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. പല വസ്തുക്കള്‍ക്കും അകത്തേക്ക് കാണാവുന്ന അതിശക്തമായ ഒരു ക്യാമറയാണ് ഇലിനോയിസിലെ നോര്‍ത്‌വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പരിചയപ്പെടുത്തുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മുൻപ് പരിചയമില്ലാത്ത, സിന്തെറ്റിക് വേവ്‌ലെങ്ത് ഹോളോഗ്രഫി എന്നു വിശേഷിപ്പിക്കുന്ന സാങ്കേതികവിദ്യയാണ്. മറഞ്ഞിരിക്കുന്ന വസ്തുക്കളിലേക്ക് പ്രകാശം ചിതറിച്ചു വിടുകയും, അതു വീണ്ടും ചിതറി തന്നെ തിരിച്ച് ക്യാമറയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു എന്നാണ് നേച്ചർ മാഗസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചെത്തുന്ന പ്രകാശത്തെ നിർമിത ബുദ്ധി ഉപയോഗിച്ച് പുനഃസൃഷ്ടിച്ചാണ് ഉള്‍ഭാഗങ്ങളും അരികുകളും മൂലകളും എല്ലാം കാണിക്കുന്നത്.
വാണിജ്യ ആവശ്യത്തിനായി ഇത് ഉപയോഗിക്കണമെങ്കില്‍ പത്തു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ, പുതിയ സാങ്കേതികവിദ്യ എത്തുമ്പോള്‍ അത് കാറുകളിലും സിസിടിവികളിലും മെഡിക്കല്‍ സ്‌കാനറുകളിലും വരെ ഉപയോഗിക്കാനാകും. ഇതോടെ കൊളോണോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പി പോലെയുള്ള മേഖലകളിലും പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടലിലെ ചുളുക്കുകള്‍ക്കുളളിലേക്കു പോലും കാണാന്‍ സാധിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. താത്കാലികമായി ഉന്നത റെസലൂഷനുള്ള ചിത്രങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അതിവേഗം നീങ്ങുന്ന കാറുകളിലും മറ്റും സഞ്ചരിക്കുമ്പോഴും ഒരു വളവിനപ്പുറത്ത് എന്തുണ്ടെന്നും, മൂടല്‍മഞ്ഞില്‍ എന്താണ് മറഞ്ഞിരിക്കുന്നത് എന്നും, കൂടാതെ ഹൃദയമിടിക്കുന്ന രീതി വരെ കാണാമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
റോഡിലെ വളവിനപ്പുറത്തും, ഹൃദയത്തിനുള്ളിലും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക എന്നത് പ്രത്യക്ഷത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളാണ്. ഇത്തരം സാഹചര്യങ്ങളില്‍ പോലും പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ എന്ന് ഗവേഷകര്‍ പറയുന്നു. പുതിയ ഗവേഷണ മേഖലയായ നോണ്‍-ലൈന്‍-ഓഫ്-സൈറ്റ് അഥവാ എന്‍എല്‍ഒഎസ് (non-line-of-sight (NLoS) എന്ന വിഭാഗത്തിനു കീഴിലാണ് സിന്തെറ്റിക് വേവ്‌ലെങ്ത് ഹോളോഗ്രഫിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയൊരു പ്രദേശം വരെ സ്‌കാന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് ഇത്. ചെറിയ വിശദാംശങ്ങള്‍ വരെ അതീവ കൃത്യതയോടെ ഒപ്പിയെടുക്കാനാകുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
ഇത്രയധികം റെസലൂഷനുള്ള ചിത്രങ്ങള്‍ എടുക്കാമെന്നതിനാല്‍ നിര്‍മിച്ചുവരുന്ന കംപ്യൂട്ടേഷണല്‍ ക്യാമറയ്ക്ക് സൂക്ഷ്മ രക്തവാഹിനികളുടെ പ്രവര്‍ത്തനം പോലും കാണാനാകുമെന്നാണ് ഗവേഷകരില്‍ ഒരാളായ അമാന്‍ഡാ മോറിസ് പറയുന്നത്. വൈദ്യപരിശോധന മുതല്‍ വാഹന നാവിഗേഷന്‍ വരെ നിരവധി മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ഇപ്പോൾ നിർമിച്ചു വരുന്ന ഇമേജിങ് സിസ്റ്റം എന്ന് ഗവേഷകര്‍ വ്യക്തമാക്കി. വ്യാവസായിക മേഖലകളിലടക്കം അനന്തമായ സാധ്യതകള്‍ ഇതിനുണ്ടെന്നും അവര്‍ പറയുന്നു.
ഇമേജിങ് മേഖലയില്‍ പുതിയൊരു കാല്‍വയ്പ്പാണ് ഈ കണ്ടെത്തലെന്ന് പ്രബന്ധത്തിന്റെ മുഖ്യ രചയിതാവായ ഫ്‌ളോറിയന്‍ വിലോമിറ്റ്‌സറും പറഞ്ഞു. നിലവില്‍ ഇന്‍ഫ്രാറെഡ് പ്രകാശമുപയോഗിച്ചാണ് ഈ തത്വം ശരിയാണെന്ന് തെളിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് മറ്റു തരംഗദൈര്‍ഘ്യങ്ങള്‍ ഉപയോഗിച്ചും നടക്കാം എന്നതിനാല്‍ ഇതിന്റെ സാധ്യത അപാരമാണെന്നും പറയുന്നു. ഉദാഹരണത്തിനു റേഡിയോ വേവ്‌സ് ഉപയോഗിച്ച് ബഹിരാകാശ പര്യവേക്ഷണങ്ങളിലും വെള്ളത്തിനടിയിലുള്ള അക്കോസ്റ്റിക് ഇമേജിങ്ങിലും പ്രയോജനപ്പെടുത്താമെന്നും അവര്‍ പറയുന്നു. ഒരു പക്ഷേ, ഇത് ഇപ്പോള്‍ ചിന്തിക്കാൻ പോലും കഴിയാത്ത നിരവധി മേഖലകളില്‍ ഉപയോഗപ്പെടുത്താനായേക്കും. തങ്ങൾ ഇതിന്റെ തുടക്കമിടുക മാത്രമായിരിക്കും ചെയ്തിരിക്കുക എന്നും ഗവേഷകര്‍ പറയുന്നു.
∙ ചില സാധ്യതകള്‍
കാറിനു മുകളില്‍ വച്ച ഇത്തരം ക്യാമറയ്ക്ക് വളവിനപ്പുറത്ത് എന്താണ് ഉളളതെന്ന് അറിയാനാകും. വളവു തിരിയുമ്പോള്‍ മറ്റൊരു വണ്ടി വരുന്നുണ്ടോ എന്നും അതോ മൃഗങ്ങൾ നില്‍പ്പുണ്ടോ എന്നുമെല്ലാം കൃത്യമായി കാണാം. സെല്‍ഫ് ഡ്രൈവിങ് കാറുകളും മറ്റും കാത്തിരിക്കുന്ന ഒരു സാങ്കേതികവിദ്യയും ആയിരിക്കാം ഇത്. മറ്റൊരു പ്രയോജനം റേഡിയേഷന്‍ ഇല്ലാതെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും മറ്റ് അവയവങ്ങളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാം. എന്നാല്‍, ഗവേഷണം പുരോഗമിക്കുന്നതോടെ ഇതിന്റെ സാധ്യത അനന്തമായി തന്നെ വളരാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുളള പൂര്‍ണവിവരം ഇവിടെ ലഭ്യമാണ്. https://go.nature.com/3nB3zPk
∙ മൈക്രോസോഫ്റ്റ് എജിന് നിരവധി പുതിയ ഫീച്ചറുകള്‍
വിന്‍ഡോസ് കംപ്യൂട്ടറുകളിലെ ഇപ്പോഴത്തെ ബ്രൗസറായ എജിന് പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. എജ് ആന്‍ഡ്രോയിഡിലും ഐഒഎസിലും വരെ ലഭ്യമാക്കിയിട്ടുമുണ്ട്. എജ് 96 എന്നാണ് പുതിയ അപ്‌ഡേറ്റിനു നല്‍കിയിരിക്കുന്ന പേര്. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ വാങ്ങാന്‍ കണ്ടുവച്ച ഉല്‍പന്നങ്ങള്‍ക്ക് വില കുറയുമ്പോള്‍ അറിയിച്ചു കൊണ്ടിരിക്കും.
എജ് ബ്രൗസറില്‍ ഒരു വെബ്‌സൈറ്റിനായി സേവു ചെയ്തു വച്ചിരിക്കുന്ന പാസ്‌വേഡ് ഹാക്കു ചെയ്യപ്പെട്ടാല്‍ പോലും അത് റീസെറ്റു ചെയ്യാനാകുമെന്നും പറയുന്നു. നിലവില്‍ ഏതാനും സൈറ്റുകളിൽ മാത്രമാണ് ഇതു പ്രവര്‍ത്തിക്കുക. എന്നാല്‍, താമസിയാതെ പല വെബ്‌സൈറ്റുകള്‍ക്കും ഇത് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കുമെന്നും കമ്പനി പറയുന്നു.
മറ്റൊരു മാറ്റം എഫിഷ്യന്‍സി മോഡാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി കുറഞ്ഞുവരുമ്പോൾ കുറച്ചു ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കും. ഇതുവഴി കൂടുതല്‍ നേരത്തേക്ക് ലാപ്‌ടോപ് ഉപയോഗിക്കാന്‍ സാധിച്ചേക്കും.
∙ ലോകത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ സിറ്റി സ്ഥാപിക്കാന്‍ എല്‍സാല്‍വദോര്‍
‘ഇവിടെ നിക്ഷേപം ഇറക്കി ആവശ്യമുള്ള പണം ഉണ്ടാക്കൂ’ എന്നാണ് എല്‍സാല്‍വദോര്‍ പ്രസിഡന്റ് നായിബ് ബുകേലെ ലോകത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ നഗരത്തെക്കുറിച്ച് പറഞ്ഞത്. അഗ്നിപര്‍വതത്തില്‍ നിന്ന് ശേഖരിക്കുന്ന ഊര്‍ജം ഉപയോഗിച്ചായിരിക്കും ബിറ്റ്‌കോയിന്‍ നഗരം പ്രവര്‍ത്തിക്കുക. ക്രിപ്‌റ്റോ നാണയ വ്യവസ്ഥയുടെ ആവിര്‍ഭാവത്തെ ഭയത്തോടെയാണ് ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങി പല പ്രമുഖ രാജ്യങ്ങളും കാണുന്നത്. പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ സമാന്തര പണമിടപാടുകള്‍ നശിപ്പിക്കുമെന്ന ഭയമാണ് ഇതിനു പിന്നില്‍. അതേസമയം, എല്‍സാല്‍വദോര്‍ തുടങ്ങിയ ചെറിയ രാജ്യങ്ങള്‍ ക്രിപ്‌റ്റോ നാണയ വ്യവസ്ഥയ്ക്ക് സ്വാഗതമരുളുകയാണ്.
∙ പിക്‌സല്‍ 6എയ്ക്കും പിക്‌സല്‍ 6ന്റെ രൂപകല്‍പനാ രീതി
ഗൂഗിള്‍ ഈ വര്‍ഷം പുറത്തിറക്കിയ പിക്‌സല്‍ 6 സീരീസ് ഫോണുകള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, ഇവ ഇന്ത്യയില്‍ വില്‍ക്കാനുള്ള സാധ്യത കുറവാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതേസമയം, താരതമ്യേന വില കുറവുള്ള മോഡലായ പിക്‌സല്‍ 6എ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇത് ഇന്ത്യയില്‍ വില്‍ക്കുമെന്ന് ഏകദേശം ഉറപ്പുമാണ്. പിക്‌സല്‍ 6എ മോഡലുകള്‍ പിക്‌സല്‍ 6 മോഡലുകളുടെ അതേ രൂപകല്‍പനാ രീതി പിന്തുടരുമെന്ന് അവകാശപ്പെട്ടിരിക്കുന്നത് 91മൊബൈല്‍സിലെ സ്റ്റീവ് എച്. മക്ഫ്‌ളൈ ആണ്. https://bit.ly/3nEjgFf
പിന്‍ക്യാമറാ സിസ്റ്റത്തിന് പിക്‌സല്‍ 6ല്‍ കണ്ട അതേ ക്യാമറാ ബാറായിരിക്കുമെന്നും പറയുന്നു. ഇതുപോലെ എ സീരീസില്‍ പിന്നില്‍ പിടിപ്പിച്ചു വന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഇനി ഇന്‍-ഡിസ്‌പ്ലേ ആയി വരുമെന്നും പറയുന്നു. കൂടാതെ, 3.5 എംഎം ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാത്ത ആദ്യ പിക്സല്‍ എ സീരീസ് ഫോണായിരിക്കും പിക്‌സല്‍ 6എ എന്നും അദ്ദേഹം പ്രവചിക്കുന്നു. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ടെന്‍സര്‍ പ്രോസസറായിരിക്കും ഫോണിനു നല്‍കുക എന്നും അഭ്യൂഹമുണ്ട്. എന്നാല്‍, ഇതേപ്പറ്റി ഇതുവരെ വ്യക്തത വന്നിട്ടില്ല.