ചാരവൃത്തിയുടെ പേരില്‍ ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒ (NSO) കമ്പനിക്കെതിരെ ആപ്പിള്‍ (Apple) നിയമ നടപടിക്ക്. ആപ്പിള്‍ ഫോണുകളില്‍ പെഗാസസ് (Pegasus) ഉപയോഗിച്ച് ഉപഭോക്താക്കളെ നിരീക്ഷിച്ചത് ചോദ്യം ചെയ്ത് ഫെഡറല്‍ കോടതിയെ സമീപിച്ചു. ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയത് അതീവ ഗൗരവതരമായി കാണുന്നുവെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണം മുന്നില്‍ കണ്ടാണ് ആപ്പിളിന്റെ നിയമ നടപടി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്ക എന്‍എസ്ഒയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് സൗകര്യമൊരുക്കി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ആപ്പിളിന്റെ നീക്കം.
എന്‍എസ്ഒക്കെതിരെ കൂടുതല്‍ കമ്പനികള്‍ സമാന തീരുമാനം എടുക്കാനും സാധ്യതയുണ്ട്. കാലിഫോര്‍ണിയയിലെ സാഞ്ചോസിലെ ഫെഡറല്‍ കോടതിയിലാണ് ആപ്പിള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അപകടകരമായ സ്പൈവെയറുകളും മാല്‍വെയറുകളും ഉപയോഗിച്ച് കമ്പനിയേയും ഉപഭോക്താക്കളേയും എന്‍എസ്ഒ ലക്ഷ്യമിട്ടെന്നും ആപ്പിള്‍ ആരോപിച്ചു. നേരത്തെ വാട്സ്ആപ്പും തങ്ങളുടെ ഉപഭോക്താക്കളെ പെഗാസസ് സ്പൈവെയര്‍ വഴി എന്‍എസ്ഒ ഗ്രൂപ്പ് നിരീക്ഷിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിന്നു. വിവാദമായ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളാണ് എന്‍എസ്ഒ.