ടെക് ലോകത്തെ ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്സ് ഓരോ പതിപ്പിലും നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് എളുപ്പവഴി കാണിക്കാൻ പുതിയ സാധ്യതകളാണ് ഗൂഗിൾ മാപ്സിൽ പരീക്ഷിക്കുക. ഏരിയ ബുസിനെസ്സ് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഗൂഗിൾ മാപ്സ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നത്. ഗൂഗിൾ മാപ്സിന്റെ യുഎസ് പതിപ്പിലാണ് പുതിയ ഫീച്ചറുകൾ ആദ്യം പരീക്ഷിക്കുക. ഒരു പ്രദേശത്തെ മാളുകളും എയർപോർട്ടുകളും പോലുള്ള വലിയ സമുച്ചയങ്ങളിലേക്ക് നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചറുകൾ. തിരക്കേറിയ സ്ഥലങ്ങള്‍ ഏതെന്ന് തല്‍സമയം കണ്ടെത്താനും ഇതുവഴി സഹായിക്കും.
∙ തിരക്കേരിയ പ്രദേശം
വലിയ ജനക്കൂട്ടം ഒരു പ്രദേശത്ത് ഒത്തുകൂടുക എന്നതാണ് അവധിക്കാലത്തെ സാധാരണ സംഭവങ്ങളിലൊന്ന്. ഉദാഹരണത്തിന്, കൊച്ചിയിലെ പ്രധാന ഷോപ്പിങ് മാളിന് സമീപം അവധിക്കാലത്ത് നല്ല തിരക്കായിരിക്കും. എന്നാൽ, ഈ പ്രദേശത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഏരിയ ബിസിനെസ്സ് ഫീച്ചറിലൂടെ നേരത്തെ മനസ്സിലാക്കാം. ഒരു പ്രത്യേക സ്ഥലത്തെ തിരക്കേറിയ, തിരക്കൊഴിഞ്ഞ സമയം എല്ലാം കൃത്യമായി മാപ്പിൽ നിന്ന് കണ്ടെത്താം. റെസ്റ്റോറന്റുകള്‍, മാളുകള്‍, മ്യൂസിയങ്ങള്‍, പാർക്കുകൾ തുടങ്ങി മറ്റ് സ്ഥലങ്ങളിലെയും തിരക്കുകൾ അതിവേഗം കണ്ടെത്തി യാത്രകളുടെ സമയം ക്രമീകരിക്കാം.
∙ ഡയറക്ടറി ടാബ്
ഗൂഗിൾ മാപ്സിന്റെ പുതിയ പതിപ്പിൽ എല്ലാ വിമാനത്താവളങ്ങൾക്കും മാളുകൾക്കും ട്രാൻസിറ്റ് സ്റ്റേഷനുകൾക്കുമായി പ്രത്യേകം ഡയറക്ടറി ടാബ് കൊണ്ടുവരുന്നുണ്ട്. ഈ കെട്ടിടത്തിൽ (ഉദാഹരണത്തിന് വിമാനത്താവളം) ലഭ്യമായ സ്റ്റോറുകൾ, പാർക്കിങ് സ്ഥലങ്ങൾ, തുടങ്ങി വിശദമായ വിവരങ്ങളെല്ലാം വേഗത്തിൽ കണ്ടെത്താൻ ഡയറക്ടറി ടാബ് സഹായിക്കും. കെട്ടിടത്തിലെ ഓരോ ഷോപ്പിന്റെയും വിശദവിവരങ്ങൾ, പ്രവർത്തനസമയം, എത്രാമത്തെ നിലയിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത്, ഷോപ്പിന്റെ റേറ്റിങ് എന്നിവയും ഇതുവഴി ലഭിക്കും.
∙ ഗൂഗിൾ മാപ്സ് ഉപയോഗിച്ച് ഗ്രോസറി പിക്കപ്പ്
നിങ്ങൾ അമേരിക്കയിലാണെങ്കിൽ ഗൂഗിൾ മാപ്സ് ഉപയോഗിച്ച് ഓർഡർ ചെയ്ത സാധനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. ഇതിനായി ഗൂഗിൾ മാപ്സിൽ പിക്കപ്പ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രോഗർ, ഫ്രൈസ്, റാൽഫ്സ്, മരിയാനോസ് എന്നിവയുൾപ്പെടെയുള്ള കൂടുതൽ സ്റ്റോറുകളിൽ നിന്നുള്ള ഓർഡർ സ്റ്റാറ്റസ് അറിയാൻ പിക്കപ്പ് ഉപയോഗിക്കാനാകും. പുതിയ പതിപ്പിൽ 30 സ്റ്റേറ്റുകളിലായി 2,000 ലധികം സ്റ്റോറുകൾ ഇപ്പോൾ ഗൂഗിൾ മാപ്സിലെ പിക്കപ്പ് പിന്തുണയ്ക്കുന്നുണ്ട്. ഓർഡർ ചെയ്ത സാധനങ്ങൾ എപ്പോൾ എത്തുമെന്നും ഇതുവഴി കൃത്യമായി ട്രാക്ക് ചെയ്യാം. ഈ ഫീച്ചർ ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക.
∙ റെസ്റ്റോറന്റുകളെക്കുറിച്ചുള്ള അധിക വിവരങ്ങൾ
ഗൂഗിൾ മാപ്സിന്റെ പുതിയ പതിപ്പിൽ റെസ്റ്റോറന്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മികച്ച റെസ്റ്റോറന്റുകൾ തിരഞ്ഞെടുക്കാൻ ഡീറ്റെയ്ല്ഡ് റെസ്റ്റോറന്റ് റിവ്യൂസ് ഫീച്ചര്‍ ഉപയോഗിക്കാം. നേരത്തെ ഈ റെസ്റ്റോറന്റുകൾ സന്ദർശിച്ചവരിൽ നിന്നുള്ള ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് ഈ ഡേറ്റ ഗൂഗിൾ മാപ്സ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഒരാൾക്ക് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ശരാശരി ചെലവ് മുൻകൂട്ടി അറിയാനും സാധിക്കും. ഈ ഫീച്ചറും ഇപ്പോൾ അമേരിക്കയിൽ മാത്രമാണ് ലഭിക്കുക.