ടെക് ലോകത്തെ ജനപ്രിയ നാവിഗേഷൻ സേവനമായ ഗൂഗിൾ മാപ്‌സ് ഡൗൺലോഡിങ് 1000 കോടിയിലെത്തി. നാവിഗേഷനിൽ ഒന്നാം സ്ഥാനത്തുള്ള മൊബൈൽ ആപ്ലിക്കേഷനായ ഗൂഗിൾ മാപ്‌സ് പ്ലേസ്റ്റോറിൽ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൃത്യതയും മികച്ച ഫീച്ചറുകളുമാണ് ഗൂഗിൾ മാപ്‌സിന്റെ ജനപ്രീതിക്ക് പിന്നിലെന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. ഇതോടൊപ്പം തന്നെ വിപണിയിൽ മറ്റു ‘സൗജന്യ’ മാപ്പിങ് സേവനങ്ങൾ വളരെ കുറവാണ് എന്നതും ഗൂഗിൾ മാപ്സിന് നേട്ടമായി.

അതേസമയം, ആൻഡ്രോയിഡ് ഫോണുകളെല്ലാം ഗൂഗിൾ മാപ്സുമായാണ് വരുന്നത്. ഇതാണ് ഗൂഗിൾ മാപ്സിന്റെ ഏറ്റവും വലിയ വിജയവും. ആൻഡ്രോയിഡ് ഫോണുകളിലെല്ലാം ഗൂഗിൾ മാപ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. 1000 കോടി ഡൗൺലോഡിങ് പിന്നിട്ട മറ്റു ആപ്പുകൾ ഗൂഗിൾ പ്ലേ സര്‍വീസും യൂട്യൂബുമാണ്. ഈ പട്ടികയിലേക്കാണ് ഗൂഗിൾ മാപ്സും എത്തിയിരിക്കുന്നത്.

ഗൂഗിൾ മൊബൈൽ സേവനങ്ങളുടെ ഭാഗമായി മാപ്‌സ് പ്രീ-ഇൻസ്റ്റാൾ ചെയ്‌തതാണ്. എന്നാൽ, ഇത് പ്ലേ സ്‌റ്റോറിലെ ഡൗൺലോഡുകളുടെ കണക്കിൽ വരുന്നതല്ല. എന്തായാലും, ആൻഡ്രോയിഡിലെ ‘ഡിഫോൾട്ട്’ മാപ്പിങ് സേവനമായിരുന്നിട്ടും പ്ലേസ്റ്റോറിലെ 1000 കോടി ഡൗൺലോഡുകൾ അല്ലെങ്കിൽ ഇൻസ്റ്റാളുകൾ എന്നത് വലിയ നേട്ടം തന്നെയാണ്.

ആൻഡ്രോയിഡ് ഗോ ഒഎസ് ഉപയോഗിക്കുന്ന സ്‌മാർട് ഫോണുകൾക്കും ലോ-എൻഡ് ഹാൻഡസെറ്റുകൾ ഉപയോഗിക്കുന്നവർക്കും ഗൂഗിൾ ‘മാപ്‌സ് ഗോ’ ആണ് നൽകുന്നത്. ഇതൊരു പ്രോഗ്രസീവ് വെബ് ആപ്പാണ്. മുഴുവൻ ഫീച്ചറുകളുള്ള മാപ്പുകളേക്കാൾ 100 മടങ്ങ് വരെ ചെറുതാണിത്. ഗൂഗിൾ മാപ്‌സിന്റെ ഈ ചെറിയ പതിപ്പ് അടുത്തിടെ 50 കോടി ഡൗൺലോഡുകൾ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ലൈവ് എആർ നാവിഗേഷൻ, ഡാർക്ക് തീം, തത്സമയ പൊതുഗതാഗത ഡേറ്റ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ് അതിവേഗം കുതിക്കുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *