ഫെയ്‌സ്‌ബുക്കിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് കമ്പനി. സംവിധാനത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കി. ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞു ടാഗ് ചെയ്യുന്ന സംവിധാനമാണിത്.

“റെഗുലേറ്റർമാർ ഇപ്പോഴും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയയിലാണ്,” ഫെയ്‌സ്‌ബു ക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റ് ജെറോം പെസെന്റി ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു. ഈ സാഹചര്യത്തിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്ന് തങ്ങൾക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കെയാണ് ഫെയ്‌സ്‌ബുക്കിന്റെ ഈ നിർണായക തീരുമാനം വരുന്നത്.

ഫെയ്‌സ്‌ബുക്കിലെ പ്രതിദിന സജീവ ഉപയോക്താക്കളിൽ മൂന്നിലൊന്ന് പേരും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം തിരഞ്ഞെടുത്തിട്ടുണ്ടെന്നും എന്നാൽ പുതിയ തീരുമാനത്തോടെ ഒരു ബില്യൺ ഉപയോക്താക്കളുടെ ആ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും കഴിഞ്ഞ ആഴ്ച മെറ്റാ പ്ലാറ്റ്‌ഫോംസ് എന്ന് പേരുമാറ്റിയ കമ്പനി പറഞ്ഞു.

ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുന്നതോടെ, കാഴ്ച വൈകല്യമുള്ളവർക്കായി ഇമേജ് വിവരണങ്ങൾ സൃഷ്‌ടിക്കുന്ന ഓട്ടോമാറ്റിക് ആൾട്ട് ടെക്‌സ്‌റ്റ് ടൂൾ ഫീച്ചറിൽ ഫൊട്ടോകളിൽ തിരിച്ചറിയപ്പെടുന്ന ആളുകളുടെ പേരുകൾ ഉൾപ്പെടുത്തില്ലെന്നും കമ്പനി പറഞ്ഞു. ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനും സ്വന്തം ഉപകരണം അൺലോക്ക് ചെയ്യുന്നതിനും മാത്രമായി സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും ഫെയ്‌സ്‌ബുക്ക്‌ ബ്ലോഗിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *