സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദിനംപ്രതി കൂടിവരികയാണ്. ഫോൺകോളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരൂപത്തിൽ സൈബർ പണത്തട്ടിപ്പ് സംഘങ്ങൾ വലവിരിച്ച് ഇരയെ തേടുന്നു. ഏറ്റവുമൊടുവിലിതാ കുടുംബാംഗങ്ങളുടെ പേരിലും തട്ടിപ്പ് നടന്നിരിക്കുന്നു. വിദേശത്തുള്ള ആരുടെയെങ്കിലും പേരിൽ അയാളുടെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ പണം കടം ചോദിച്ച് വാട്സാപ്പിൽ സന്ദേശം അയച്ചാണ് തട്ടിപ്പ്. ചുരുക്കത്തിൽ കുടുംബാംഗങ്ങൾ ആരെങ്കിലും പണം കടം ചോദിച്ചാൽപ്പോലും വ്യക്തമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന് സാരം. കാരണം, വിദേശത്തുള്ള ബന്ധുവിന് പണം അയച്ചുനൽകിയതിന്റെ പേരിൽ പാലാ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് 5000 രൂപയാണ്. സംഭവം ഇങ്ങനെ,

നാട്ടിലുള്ള സുഹൃത്തുക്കൾ ‘എപ്പോഴാണ് പണം തരിക’ എന്നു ചോദിച്ച് നാളുകളായി വിളിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഇറ്റലിയിലുള്ള ഇടുക്കി സ്വദേശിയായ യുവാവിന് കാര്യം മനസ്സിലായിരുന്നില്ല. അവരൊന്നും തന്നോട് പണം ചോദിക്കേണ്ട കാര്യം ഇല്ല എന്നതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങളും മെസേജുകളും അവഗണിക്കുകയാണ് ഈ യുവാവ് ചെയ്ത്. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാലായിലുള്ള ഈ യുവാവിന്റെ മാതൃസഹോദരീ പുത്രൻ പണം തിരികെ ചോദിച്ചതോടെയാണ് തന്റെ പേരിൽ ഗുരുതരമായ സൈബർ തട്ടിപ്പ് നടന്നതായി ഈ യുവാവിന് മനസ്സിലായത്. 

CYBER-ATTACK/

ഇറ്റലിയിലുള്ള യുവാവിന്റെ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സാപ് പ്രൊഫൈൽ സൃഷ്ടിച്ച് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം തട്ടുകയാണ് ഇതിനു പിന്നിലുള്ളവർ ചെയ്തത്. അതായത് ഫെയ്സ്ബുക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  വിവരങ്ങൾ ശേഖരിക്കുന്നു. ശേഷം ഇവരുടെ വാട്സാപ് നമ്പറിലേക്ക് സന്ദേശം അയയ്ക്കുന്നു. ‘എടാ, എന്തുണ്ട് വിശേഷം. ഞാനിവിടെ സുഖമായിരിക്കുന്നു’. എന്ന് തുടങ്ങുന്ന സന്ദേശത്തിൽ ‘എനിക്ക് ഇന്ത്യയിൽ ഓൺലൈൻ ആയി വാങ്ങണം. പണം ഓൺലൈൻ ആയി അയയ്ക്കാൻ കഴിയുന്നില്ല. പേമെന്റ് ചെയ്യുമോ, ഒരാഴ്ചയ്ക്കുള്ളിൽ തിരികെ തരാം’ എന്നു പറയുന്നു. വിദേശ നമ്പറിൽനിന്നുള്ള സന്ദേശം ആയതിനാനും ഡിപിയിൽ പരിചയമുള്ള ആളായതിനാലും പലരും മറ്റൊന്നും ആലോചിക്കാതെ വിശ്വസിച്ച് പണം നൽകുകയായിരുന്നു. ഫോൺപേ വഴിയാണ് പണം സ്വീകരിച്ചിരിക്കുന്നത്. 

ഇറ്റലിയിലുള്ള ആൾക്ക് രണ്ടു സഹോദരന്മാരുണ്ടെങ്കിലും തന്നോട് എന്തുകൊണ്ട് പണം ചോദിച്ചുവെന്ന് പാലായിലുള്ള യുവാവിന് സംശയം തോന്നിയിരുന്നെങ്കിലും രണ്ടു ദിവസം കഴിയുമ്പോൾ മൂത്ത സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് നൽകാൻവേണ്ടിയായിരിക്കാം എന്നു കരുതിയാണ് ഈ യുവാവ് 5000 രൂപ നൽകിയത്. കയ്യിൽ അത്രയും ഇല്ലെന്നു പറഞ്ഞപ്പോൾ ഉള്ളത് അയയ്ക്കൂ… ആരോടെങ്കിലും വാങ്ങി നൽകൂ എന്നും വാട്സാപ്പിലൂടെ അയച്ചിരുന്നു. ഇതേത്തുടർന്ന് 2000 രൂപ വായ്പ വാങ്ങിയാണ് 5000 രൂപ അയച്ചുനൽകിയത്. മലയാളത്തിലായിരുന്നു സംഭാഷണമെന്നുള്ളതാണ് തെറ്റിദ്ധരിക്കപ്പെടാനുണ്ടായ മറ്റൊരു കാരണം. ഫെയ്സ്ബുക് വഴി മുൻപ് പലരുടെയും പേരിൽ പണം ചോദിച്ച് മെസേജ് വന്നിട്ടുണ്ടെങ്കിലും അതെല്ലാം ഇംഗ്ലിഷിലായിരുന്നു സന്ദേശങ്ങൾ എന്നതുകൊണ്ടുതന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ, മലയാളത്തിൽ പേരു പറഞ്ഞതും വാട്സാപ്പിലാണ് മെസേജ് അയച്ചതും എന്നതുകൊണ്ടുതന്നെ വിശ്വസിച്ചുപോവുകയായിരുന്നുവെന്ന് പണം നഷ്ടപ്പെട്ട യുവാവ് പറയുന്നു.

otp-cyber-attack

പണം നൽകി ഒരാഴ്ചയ്ക്കുശേഷവും തിരികെ ലഭിക്കാതെ വന്നപ്പോഴാണ് നേരിട്ട് ബന്ധപ്പെട്ടത്. ഇതോടെ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയായിരുന്നു. വിദേശ നമ്പർ ആയിരുന്നുവെങ്കിലും ഉറവിടം മഹാരാഷ്ട്ര ആണെന്നാണ് അനൗദ്യോഗിക വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *