ആപ്പിള്‍ അവതരിപ്പിക്കാനിരിക്കുന്ന സെല്‍ഫ് ഡ്രൈവിങ് കാറിന് പ്രത്യേകം കീ ഉണ്ടായേക്കില്ലെന്ന് ഐഡ്രോപ്ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഐഫോണ്‍, ആപ്പിള്‍ വാച്ച്, പുറത്തിറക്കാനിരിക്കുന്ന ആപ്പിള്‍ ഗ്ലാസ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും കാര്‍ പ്രവര്‍ത്തിപ്പിക്കാനാകുക എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അപ്പോള്‍ ഇടയ്ക്കുവച്ച് ഐഫോണ്‍ പ്രവര്‍ത്തിക്കാതായാലോ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. അതേസമയം, കാര്‍ ഇറങ്ങുന്ന കാലത്ത് ഐഫോണുകള്‍ എങ്ങനെ ആയിരിക്കും പ്രവര്‍ത്തിക്കുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും പറയുന്നു. 

ആപ്പിളിന്റെ കാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിക്ക് ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനസജ്ജമായ മൂന്നു വ്യത്യസ്ത മോഡലുകളുണ്ടെന്നാണ് ഐഡ്രോപ്‌ന്യൂസ് അവകാശപ്പെടുന്നത്. ഇവ ഒട്ടും ആകര്‍ഷകമായ രീതിയിലല്ല നിര്‍മിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. പക്ഷേ, എല്ലാ കാറുകളുടെയും തുടക്ക മാതൃകകള്‍ അങ്ങനെയായിരിക്കുമെന്നും കാറുകള്‍ ജര്‍മനിയിലെ ഒരു സുരക്ഷിത സ്ഥലത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആപ്പിൾ കാറുകള്‍ നിര്‍മിക്കുക പ്രധാനമായും ഫോക്‌സ്‌കോണ്‍ ആയിരിക്കും. ആപ്പിള്‍ കാറുകള്‍ക്ക് ടെസ്‌ല കാറുകളെ അപേക്ഷിച്ച് വില കുറവായിരിക്കാമെന്നും അവര്‍ അവകാശപ്പെടുന്നു. ടെസ്‌ല കമ്പനി ഇപ്പോള്‍ 30,000 ഡോളര്‍ മുതല്‍ 1 ലക്ഷത്തിലേറെ ഡോളര്‍ വരെ വിലയുള്ള കാറുകളാണ് വില്‍ക്കുന്നത്. 

∙ അടുത്ത ഐഫോണില്‍ കാര്‍ ക്രാഷ് ഡിറ്റെക്ഷന്‍

അടുത്ത ഐഫോണിലും ആപ്പിള്‍ വാച്ചിലും അവ ഉപയോഗിക്കുന്നവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അറിയാനുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുമെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അപകടം സംഭവിച്ചാൽ 911 എന്ന നമ്പറിലേക്ക് സ്വയം വിളിക്കും. ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളിലുള്ള പേഴ്‌സണല്‍ സെയ്ഫ്റ്റി ആപ്പിന് ഇപ്പോള്‍ത്തന്നെ കാറപകടങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയുണ്ട്. ആപ്പിളിന്റെ അയണ്‍ഹാര്‍ട്ട് പ്രോജക്ടിലായിരിക്കും ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുക. അതേസമയം, ആപ്പിള്‍ വാച്ചുകളില്‍ കുറച്ചുകാലമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അപകട സുരക്ഷാ ഫീച്ചറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആപ്പിള്‍ വാച്ച് സീരീസ് 4മായി താന്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയും അപകടത്തില്‍ പെടുകയുമുണ്ടായി. അത് എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാന്‍ തുടങ്ങി. അതേസമയം, ആപ്പിള്‍ വാച്ച് സീരീസ് 7 മായി അപകടത്തില്‍ പെട്ടപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നും ദി വേര്‍ജിന്റെ റിപ്പോര്‍ട്ടര്‍ ആരോപിക്കുന്നു.

apple-car

∙ ആപ്പിളിന്റെ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് 5ജി, വൈ-ഫൈ6 തുടങ്ങി ഫീച്ചറുകളും?

അടുത്ത വര്‍ഷം നിര്‍മിച്ചു തുടങ്ങിയേക്കുമെന്നു കരുതുന്ന ആപ്പിളിന്റെ മിക്‌സ്ഡ് റിയാലിറ്റി ഹെഡ്‌സെറ്റിന് 5ജി കണക്ടിവിറ്റി, വൈ-ഫൈ6 ഉള്‍പ്പടെയുള്ള ഫീച്ചറുകളാല്‍ സമൃദ്ധമായിരിക്കാമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു. എന്നാല്‍, ഇത് വിൽപനയ്ക്കെത്തുന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല. ഹെഡ്‌സെറ്റും കംപ്യൂട്ടറുമായി വയര്‍ ഉപയോഗിച്ചു കണക്ടു ചെയ്യാതിരിക്കാന്‍ എന്തു ചെയ്യാമെന്നാണ് ആപ്പിള്‍ ഇപ്പോള്‍ ആരായുന്നത്, വൈ-ഫൈ6 അല്ലെങ്കില്‍ 802.11എഎക്‌സ് ആയിരിക്കും പരിഹാരമാര്‍ഗമെന്നും പറയുന്നു. പല ഉപകരണങ്ങളുമായും കണക്ടു ചെയ്യാനായി ഇത് ഉപയോഗിക്കാം.

സോണിയും മെറ്റാ കമ്പനിയും ഈ സാധ്യതയാണ് ആരായുന്നതെന്നും പറയുന്നു. എന്നാല്‍, ആപ്പിളിന്റെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് നല്ല വലുപ്പവും ഭാരവുമുള്ള ഒന്നായിരിക്കുമെന്നും ആപ്പിള്‍ ഗ്ലാസ് പോലെയുള്ള ഭാരം കുറഞ്ഞ ഒന്നായിരിക്കില്ലെന്നും പറയുന്നു. അതേസമയം, ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന്റെ എആര്‍-വിആര്‍ ഹെഡ്‌സെറ്റ് 2022ല്‍ തന്നെ പുറത്തിറക്കും. വിലപിടിപ്പുള്ള ഉപകരണമായിരിക്കും ഇത്. ഇത് മാക്ബുക്ക് പ്രോകള്‍ക്കൊപ്പം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നും അവര്‍ അവകാശപ്പെടുന്നു. ഏകദേശം 3000 ഡോളറാണ് പ്രതീക്ഷിക്കുന്ന വില.

∙ മാക്ഒഎസിലെ നിര്‍ണായക പ്രശ്‌നം പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ആപ്പിളിനോട് ആവശ്യപ്പെട്ടു

ആപ്പിളിന്റെ മാക്ഒഎസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ കടന്നുകൂടിയ നിര്‍ണായക ബഗിനെക്കുറിച്ച് ജാഗരൂകരാകാന്‍ മൈക്രോസോഫ്റ്റിലെ ഗവേഷകര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ മാക് ഒഎസിലേക്ക് കടക്കാന്‍ സഹായിക്കുമായിരുന്ന പിഴവാണ് പരിഹരിക്കാന്‍ ആവശ്യപ്പെട്ടത്. മാക്ഒഎസിലെ സിസ്റ്റം ഇന്റഗ്രിറ്റി പ്രൊട്ടക്ഷന്‍ (എസ്‌ഐപി) മറികടക്കാന്‍ ഹാക്കര്‍മാര്‍ക്കു സാധിക്കുമായിരുന്നു. ഇതിനു പരിഹാരമായി ഒരു ഫേംവെയര്‍ അപ്‌ഡേറ്റ് (CVE-2021-30892) ആപ്പിള്‍ ഇപ്പോള്‍ അയച്ചിരിക്കുകയാണ്. വിന്‍ഡോസ് പിസികളല്ലാത്ത കംപ്യൂട്ടുറുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരികയാണെന്നും പറയുന്നു. ഇതിനാല്‍, ഇനിമേല്‍ വിവിധ കമ്പനികളുടെ സുരക്ഷാ വിദഗ്ധര്‍ സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുന്നത് ആയിരിക്കും ഉത്തമമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

∙ ഫോണുകളില്‍ ഇറെയ്‌സര്‍ ബട്ടണ്‍ വരുമോ?

വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് മൂക്കുകയറിടാനുള്ള വിവിധ പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പല രാജ്യങ്ങളും ടെക് ഭീമന്മാരെ ചെറു കമ്പനികളാക്കാനുള്ള സാധ്യത ആരായുകയാണെന്നു പറയുന്നു. അതേസമയം, ഇത്തരം നടപടികള്‍ തങ്ങള്‍ക്കെതിരെ കൊണ്ടുവരാതിരിക്കാനായി അധികാരികളെ സ്വാധീനിക്കാനുള്ള ശേഷിയും ടെക്‌നോളജി കമ്പനികള്‍ക്കുണ്ട്. ഇതിനാല്‍ തന്നെ മറ്റു ചില നടപടികളുടെ സാധ്യത പല രാജ്യങ്ങളും ആരാഞ്ഞു തുടങ്ങി. ഇതിലൊന്ന് 17 വയസു വരെ പ്രായമുള്ള കുട്ടികളെക്കുറിച്ച് ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ശേഖരിക്കുന്ന ഡേറ്റ ഒറ്റയടിക്ക് മാതാപിതാക്കള്‍ക്ക് ഡിലീറ്റു ചെയ്യാന്‍ സാധിക്കുന്ന ഇറെയ്‌സര്‍ ബട്ടണ്‍ വയ്ക്കണമെന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *