മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.
സമൂഹ മാധ്യമരംഗത്തെ അതികായനായ ഫേസ്ബുക് ഇൻകോർപറേറ്റഡ് തങ്ങളുടെ പേര് മാറ്റി. മെറ്റ എന്നാണ് തങ്ങളുടെ കമ്പനിയുടെ പുത്തൻ പേര് എന്ന് ഫേസ്ബുക് സഹസ്ഥാപകനും സിഇഓയുമായ മാർക്ക് സുക്കർബർഗ് തത്സമയം സ്ട്രീം ചെയ്ത വെർച്വൽ ഓഗ്‌മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പുതിയ പേര് മെറ്റാവേർസ് നിർമ്മിക്കുന്നതിലെ കമ്പനിയുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സുക്കർബർഗ് വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഡിസ്റ്റോപ്പിയൻ നോവലിലാണ് ആദ്യമായി മെറ്റാവേർസ് എന്ന പദം ഉപയോഗിച്ചത് എന്ന് ഗാഡ്ജറ്റ്സ് നൗ റിപ്പോർട്ട് ചെയ്യുന്നു. വ്യത്യസ്ത ഡിവൈസുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു ഷെയേർഡ് വെർച്വൽ പരിതസ്ഥിതി എന്ന ആശയത്തെയാണ് മെറ്റാവേർസ് എന്ന പദം അർത്ഥമാക്കുന്നത്.
“ഇപ്പോൾ, ഞങ്ങളുടെ ബ്രാൻഡ് (ഫേസ്ബുക്ക്) ഒരു ഉൽപ്പന്നവുമായി മാത്രം വളരെ ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന് ഭാവിയിൽ മാത്രമല്ല, ഇത് ഞങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളെയും പ്രതിനിധീകരിക്കാനും കഴിയില്ല,” പേര് മാറാനുള്ള കാരണത്തെപ്പറ്റി സുക്കർബർഗ് പറഞ്ഞു. ഫേസ്ബുക്കിന്റെ വിപണിയിലെ മേൽക്കോയ്മ, അൽഗോരിതം തീരുമാനങ്ങൾ, പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗങ്ങളുടെ നീയന്ത്രണങ്ങൾ എന്നിവയെച്ചൊല്ലി നിയമവിദഗ്ധരിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നുമുള്ള വിമർശനങ്ങൾക്കെതിരെ കമ്പനി പോരാടുന്ന സാഹചര്യത്തിലാണ് പേര് മാറ്റം എന്നത് ശ്രദ്ധേയം.
ആപ്പുകളുടെ പേരിന് മാറ്റമില്ല
ഫേസ്ബുക് ഇൻകോർപറേറ്റഡ് എന്ന കമ്പനിയുടെ പേര് മാത്രമാണ് മാത്രമാണ് മാറ്റിയിരിക്കുന്നത്. ത്നങ്ങളുടെ വ്യത്യസ്ത ആപ്പുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുകയാണ് ലക്‌ഷ്യം. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് ഘടനയിൽ മാറ്റം വരുത്തില്ലെന്നും ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ, വാട്സ്ആപ്പ് തുടങ്ങിയ കമ്പനിയുടെ സേവങ്ങൾക്ക് മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഈ സേവനങ്ങളുടെ ലോഗോ, ഇന്റർഫേസ് എന്നിവ മാറ്റമില്ലാതെ തുടരും.
കമ്പനിയ്ക്ക് പുത്തൻ ലോഗോ
പുത്തൻ കമ്പനിയുടെ പേര് പ്രഖ്യാപിച്ചതോടൊപ്പം കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ ലോഗോയും പുറത്ത് വിട്ടു. തംബ്സ്-അപ്പ് ‘ലൈക്ക്’ ലോഗോയ്ക്ക് പകരം നീല ഇനിഫിനിറ്റി ആകൃതിയിലുള്ള ലോഗോയാണ് മെറ്റ കമ്പനിക്ക്. അധികം താമസമില്ലാതെ കമ്പനിയുടെ മറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾ ഫേസ്ബുക്ക് ഉപയോഗിക്കേണ്ടതില്ലെന്നാണ് പുതിയ പേര് പ്രതിഫലിപ്പിക്കുന്നതെന്ന് സുക്കർബർഗ് പറഞ്ഞു. ഡിസംബർ ഒന്നിന് എംവിആർഎസ് എന്ന പുതിയ സ്റ്റോക്ക് ടിക്കറിന് കീഴിൽ വ്യാപാരം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.