ദിവസവും പുതിയൊരു ഇംഗ്ലിഷ് വാക്ക് നിഘണ്ടു നോക്കി പഠിക്കുമെന്ന് പലവട്ടം ശപഥം ചെയ്തിട്ടും തോറ്റുപോയവരാണോ നിങ്ങൾ. എങ്കിൽ, നിങ്ങളെ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഗൂഗിൾ പുതിയ സംവിധാനം ഒരുക്കിക്കഴിഞ്ഞു. ദിവസവും പുതിയൊരു ഇംഗ്ലിഷ് വാക്ക് പഠിക്കാനാണ് ഗൂഗിൾ അവസരമൊരുക്കുന്നത്. എന്തും ഏതും ഗൂഗിളിൽ തിരയുന്നവർക്ക് വളരെ എളുപ്പത്തിൽ സൈനപ് ചെയ്ത് ഗൂഗിളിന്റെ ഈ ഇംഗ്ലിഷ് പാഠ്യപദ്ധതിയിൽ അംഗങ്ങളാകാം.
ഏതെങ്കിലും വാക്കിന്റെ അർഥം ഗൂഗിൾ സെർച്ചിൽ തിരയുമ്പോൾ ലഭ്യമാകുന്ന ഗൂഗിൾ ഡിക്‌ഷ്നറി റിസൽറ്റിനോടു ചേർന്നുള്ള ബെൽ ഐക്കണിൽ ഒന്നു ക്ലിക്ക് ചെയ്താൽ മാത്രം മതി. പിന്നീട് ഓരോ ദിവസവും ഗൂഗിൾ നിങ്ങൾക്ക് ഓരോ വാക്കുകളുടെ അർഥം നോട്ടിഫിക്കേഷനായി തരും.
ഓരോ മാസവും ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ അർഥം തിരയുന്ന വാക്കുകൾ ഏതെന്ന് ഗൂഗിൾ പുറത്തുവിടാറുണ്ട്. സെപ്റ്റംബറിൽ Introvert, Integrity എന്നീ വാക്കുകളുടെ അർഥമാണ് കൂടുതൽ ആളുകൾ തിരഞ്ഞത്. കൂടുതൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന ‘മൾട്ടിടാസ്ക് യൂണിഫൈഡ് മോഡൽ’ എന്ന ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഫീച്ചർ ഗൂഗിൾ സെർച്ചിൽ ഉപയോഗിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. കൂടുതൽ കണ്ടന്റ് റിച്ച് ആയ പേജുകൾ എളുപ്പത്തിൽ വായിക്കാൻ സൂം ഇൻ– സൂം ഔട്ട് സൗകര്യം അനായാസമാക്കാനും ഗൂഗിൾ നടപടിയെടുത്തിട്ടുണ്ട്.