തിങ്കളാഴ്ച്ച രാത്രി ഫേസ്ബുക്കിന്റെ ഉടമസ്ഥതിയിലുള്ള ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നിവയുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത് നേട്ടമുണ്ടാക്കിയത് ടെലഗ്രാം ആണ്. ടെലഗ്രാമിലേക്ക് ഈ സമയത്ത് ധാരാളം ആളുകൾ പുതുതായി എത്തിയെന്ന് കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 7 കോടിയോളം ആളുകളാണ് ഈ സമയത്ത് ടെലഗ്രാമിലേക്ക് പുതുതായി എത്തിയത്. വാട്സ്ആപ്പ് പോലെ മെസേജുകൾ അയക്കാൻ സാധിക്കുമെങ്കിലും ടെലഗ്രാമിന്റെ പ്രവർത്തനം ഏറെ വ്യത്യസ്തമാണ്.
വാട്സ്ആപ്പിന്റെ ജനപ്രീതിക്ക് കാരണം മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്നു എന്നതാണ്. ടെലിഗ്രാം വ്യത്യസ്തമായ അനുഭവം നൽകുന്ന പ്ലാറ്റ്ഫോം ആണ്. എങ്കിലും ഇതിനകം തന്നെ ഒരു ബില്യൺ ഡൗൺലോഡ്സ് നേടാൻ ടെലഗ്രാമിന് സാധിച്ചിട്ടുണ്ട്. സ്വകാര്യതയാണ് ടെലഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷത. പ്രൈവസിയിൽ വിട്ടുവിഴ്ച്ച ചെയ്യാൻ ടെലഗ്രാം തയ്യാറാകുന്നില്ല. നേരത്തെ വാട്സ്ആപ്പ് പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായ അവസരത്തിലും ടെലഗ്രാമിന് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു.

തിങ്കളാഴ്ച്ച രാത്രി വാട്സ്ആപ്പിന്റെ പ്രവർത്തനം നിലച്ച സമയത്ത് എതിരാളിയായ ടെലഗ്രാമിന് വളരെയേറെ നേട്ടം ഉണ്ടാക്കാൻ സാധിച്ചുവെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പിന്റെ പ്രവർത്തനം നിലച്ച ശേഷം ടെലിഗ്രാം 70 ദശലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ കൂട്ടിച്ചേർത്തുവെന്നും അദ്ദേഹം അറിയിച്ചു. ടെലഗ്രാമിന്റെ ദൈനംദിന വളർച്ചാ നിരക്ക് ഇപ്പോൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഒരു ദിവസം 7 കോടിയോളം ഉപയോക്താക്കളെ ചേർക്കുന്നത് ചെറിയകാര്യം അല്ല. അതേ സമയം വാട്സ്ആപ്പിന്റെ ദൈനംദിന വളർച്ചാനിരക്ക് കുറയുകയാണ് ഉണ്ടായത്. പ്രിയപ്പെട്ടവർക്ക് മെസേജുകൾ അയക്കാൻ ആളുകൾ ടെലിഗ്രാമിനെ ഒരു മികച്ച ഓപ്ഷനായി കാണുന്നു.

ടെലഗ്രാമിന് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഈ വളർച്ച എപ്പോഴും തുടരണമെന്നില്ല. വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിൽ ആയതോടെ ഈ വളർച്ചയിൽ കുറവ് ഉണ്ടായിട്ടുണ്ട്. പ്രൈവസിയുമായി ബന്ധപ്പെട്ട പ്രശ്നം ഉണ്ടായപ്പോഴും ഇതുപോലെ ടെലഗ്രാമിലേക്ക് ആളുകൾ എത്തിയിരുന്നു. എന്നാൽ വാട്സ്ആപ്പിനുള്ള ജനപ്രീതിയോ അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തിലോ കുറവുകൾ ഉണ്ടായിട്ടില്ല. പ്രൈവസി വിഷയങ്ങൾ ഒതുങ്ങിയതോടെ വാട്സ്ആപ്പ് ഡൌൺലോഡ് ചെയ്യുന്നവരുടെ എണ്ണം പഴയ നിലയിലേക്ക് മാറുകയും ചെയ്തു. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും വാട്സ്ആപ്പിന് കാര്യമായ നഷ്ടങ്ങളൊന്നും അന്ന് ഉണ്ടായിട്ടുമില്ല.
ജിയോ തകരാറിൽ?, ജിയോഡൌൺ ടാഗ് ഓൺലൈനിൽ ട്രെൻഡിങ് ആകുന്നു

ടെലഗ്രാം സ്ഥാപകൻ പവൽ ഡുറോവ് പറഞ്ഞത് അനുസരിച്ച് അമേരിക്കയിലെ ധാരാളം ആളുകൾ ടെലഗ്രാം ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ഡൌൺ ആയത് ആളുകൾ അവരുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് തടയുക മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളെയും ബാധിക്കുകയും ചെയ്തു. ആളുകൾക്ക് സ്റ്റോക്കുകളും ക്രിപ്റ്റോകറൻസികളും വ്യാപാരം ചെയ്യാനും കഴിഞ്ഞില്ല. മറ്റ് നിരവധി മെസേജിങ് പ്ലാറ്റ്ഫോമുകൾ ലഭ്യമാണെങ്കിലും വാട്ട്സ്ആപ്പ് ലോകമെമ്പാടും പ്രധാനമായും ഉപയോഗിക്കുന്ന ആപ്പായതിനാൽ ആപ്പ് ഡൌൺലോഡ് ആയത് എല്ലാവർക്കും ഒരു പ്രശ്നങ്ങൾ ഉണ്ടാക്കി. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ടെലിഗ്രാമോ സിഗ്നലോ പോലുള്ള മറ്റ് ആപ്പുകൾ ഡൌൺലോഡ് ചെയ്ത് വയ്ക്കുന്നത് ഇത്തരം അവസരങ്ങളിൽ ഗുണം ചെയ്യും.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ തകരാറിൽ ആയ സമയത്ത് മാർക്ക് സക്കർബർഗിന് 6 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സക്കർബർഗിന്റെ സ്വകാര്യ സമ്പത്തിൽ ഏതാണ്ട് 4,790 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ സക്കർബർഗ് ഒരു സ്ഥാനം പിന്തള്ളപ്പെട്ടു. എന്നാൽ സക്കർബർഗന്റെ സ്വകാര്യ സമ്പത്തിൽ ഇടിവ് ഉണ്ടായത് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഡൌൺ ആയതിനാൽ അല്ലെന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ ധ്രുവീകരണം അടക്കം ഫേസ്ബുക്ക് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സങ്കീർണമാണെന്നും ഇത്തരം കാരണങ്ങൾ കൂടി തിരിച്ചടിക്ക് പിന്നിലുണ്ട് എന്നുമാണ് സൂചനകൾ. വാൾ സ്ട്രീറ്റ് ജേണൽ ഇന്റേണൽ രേഖകളുടെ കാഷെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച ലേഖനങ്ങളും കമ്പനിക്ക് തിരിച്ചടിയായി.