നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്റ്റോക്ക് ആൻഡ്രോയിഡ് ആണോ ഉള്ളത് എന്ന ചോദ്യത്തിൽ മിക്കവാറും പേരുടെ ഉത്തരവും അല്ല എന്നായിരിക്കും. മിക്ക നിർമ്മാതാക്കളും കോർ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ അടിസ്ഥാനമാക്കിയുള്ള അവരുടെ സ്വന്തം സോഫ്റ്റ്വെയറിലാണ് ഡിവൈസുകൾ പ്രവർത്തിപ്പിക്കുന്നത്. “സ്കിന്നിംഗ്” എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഷവോമി, സാംസങ്, ഓപ്പോ, വൺപ്ലസ്, വിവോ തുടങ്ങിയ മുൻനിര ബ്രാന്റുകളെല്ലാം ഉപയോഗിക്കുന്നത് ആൻഡ്രയിഡ് 11 ബേസ്ഡ് യുഐ ആണ്.
ചില ആളുകൾ സ്റ്റോക്ക് ആൻഡ്രോയിഡ് ഫോണുകൾ മാത്രം തിരഞ്ഞെടുക്കുന്നവരാണ്. ആൻഡ്രോയിഡിന്റെ ഏറ്റവും ശുദ്ധമായ പതിപ്പ് എഒഎസ്പി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ പൂർണ രൂപം ആൻഡ്രോയിഡ് ഓപ്പൺ-സോഴ്സ് പ്രോജക്റ്റ് എന്നാണ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പ് അതിന്റെ “ഡിഫോൾട്ട്” അവസ്ഥയാണ്. യാതൊരു കസ്റ്റമൈസേഷനുകളും ഇതിൽ ഉണ്ടാവില്ല. അധിക സവിശേഷതകളും ഇത്തരം ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾക്ക് ഉണ്ടാവില്ല. ആൻഡ്രോയിഡിന്റെ എല്ലാ പതിപ്പുകളും ഈ പുറത്തിറങ്ങുന്നത് ഇത് അടിസ്ഥാനമാക്കിയാണ്.
നിങ്ങളുടെ ഫോണിൽ ആൻഡ്രോയിഡ് എഒഎസ്പി പതിപ്പ് ആണ് ഉള്ളത് എങ്കിൽ ഇതിനെ “സ്റ്റോക്ക്” എന്ന് വിളിക്കാം. എന്നാൽ സത്യത്തിൽ സ്റ്റോക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ്. എഒഎസ്പിയിൽ പ്ലേ സ്റ്റോർ ഒന്നും ഉണ്ടാവില്ല. സ്റ്റോക്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള ഗൂഗിൾ ആപ്പുകളെല്ലാം ഉണ്ടായിരിക്കും. എഒഎസ്പി പോലെ സ്റ്റോക്ക് ആൻഡ്രോയിഡും അധിക കസ്റ്റമൈസേഷനുകളൊന്നും നൽകുന്നില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ് ഓരോ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും നൽകുന്ന ആൻഡ്രോയിഡ് ബേസ്ഡ് സ്കിൻ യുഐകൾ.
ലളിതമാണ് എന്നതുകൊണ്ട് സ്റ്റോക്ക് ആൻഡ്രോയിഡ് മറ്റ് പതിപ്പുകളേക്കാൾ മികച്ചതാണെന്ന് കരുതുന്ന ധാരാളം ആളുകളുണ്ട്. ആൻഡ്രോയിഡ് ബേസ്ഡ് യുഐകൾ ശല്യകാരിയാണ്. ധാരാളം പ്രീ ഇൻസ്റ്റാൾഡ് ആപ്പുകൾ, ഓപ്പറേറ്റിംഗ് സിസ്റ്റത്തെ മന്ദഗതിയിലാക്കാൻ കഴിയുന്ന അധിക കോഡുകൾ എന്നിവയെല്ലാം ഇതിലുണ്ടാകും. സ്റ്റോക്ക് വേരിയന്റ് നൽകുന്ന ആൻഡ്രോയിഡിന്റെ ലളിതവും അധികം വലുപ്പമില്ലാത്തുമായ പതിപ്പുകളിൽ എത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ സ്കിൻ ഒഎസുകളിൽ ധാരാളം അധിക സവിശേഷതകൾ ലഭിക്കും. സ്റ്റോക്ക് ആൻഡ്രോയിഡിൽ ഡാർക്ക് മോഡ് വരുന്നതിന് മുമ്പ് തന്നെ ആൻഡ്രോയിഡ് സ്കിന്നിൽ ഈ ഫീച്ചർ വന്നിരുന്നു.
സ്റ്റോക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പ്
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ സ്റ്റേബിൾ പതിപ്പ് ആൻഡ്രോയിഡ് 11 ആണ്. ആൻഡ്രോയിഡ് 12 ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റോക്ക് ആൻഡ്രോയിഡുള്ള ഫോണിന് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പുകളിലേക്കുള്ള അപ്ഡേറ്റുകൾ വേഗത്തിൽ ലഭ്യമാകും. ഇതിന് കാരണം ഫോണിന്റെ നിർമ്മാതാവിന് സോഫ്റ്റ്വെയർ മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്നതാണ്. എല്ലാ ഫോണിനും എല്ലായ്പ്പോഴും പുതിയ പതിപ്പ് നൽകണം എന്നുമില്ല. സ്മാർട്ട്ഫോൺ കമ്പനികൾ നിശ്ചിത കാലയളവിൽ മാത്രമേ ഫോൺ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുകയുള്ളൂ.
നിങ്ങളുടെ സ്റ്റോക്ക് ആൻഡ്രോയിഡ് ഫോൺ ഏത് വേർഷനാണ് ഉപയോഗിക്കുന്നത്
നിങ്ങളുടേത് സ്റ്റോക്ക് ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ എളുപ്പം നിങ്ങളുടെ ഡിവൈസിലെ ആൻഡ്രോയിഡ് ഏത് പതിപ്പാണ് എന്ന് മനസിലാക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത്,
• നോട്ടിഫിക്കേഷൻ ഷേഡിലെ ഗിയർ ഐക്കൺ അല്ലെങ്കിൽ ആപ്പ് ഡ്രോയറിലെ സെറ്റിങ്സ് ആപ്പ് ടാപ്പുചെയ്ത് ആൻഡ്രോയിഡ് സെറ്റിങ്സ് തിരഞ്ഞെടുക്കുക
• താഴേക്ക് സ്ക്രോൾ ചെയ്ത് എബോട്ട് ഫോൺ ടാപ്പ് ചെയ്യുക.
• നിങ്ങളുടെ ആൻഡ്രോയിഡ് വേർഷൻ കണ്ടെത്താൻ അൽപ്പം സ്ക്രോൾ ചെയ്യുക.
പുതിയ ആൻഡ്രോയിഡ് പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതെങ്ങനെ
• നോട്ടിഫിക്കേഷൻ ഷേഡിലെ ഗിയർ ഐക്കൺ അല്ലെങ്കിൽ ആപ്പ് ഡ്രോയറിലെ സെറ്റിങ്സ് ആപ്പ് ടാപ്പുചെയ്ത് ആൻഡ്രോയിഡ് സെറ്റിങ്സ് തിരഞ്ഞെടുക്കുക
• താഴേക്ക് സ്ക്രോൾ ചെയ്ത് സിസ്റ്റം ടാപ്പ് ചെയ്യുക.
• സിസ്റ്റം പേജിൽ ലിസ്റ്റിൽ താഴെയുള്ള അഡ്വാൻസ് ടാപ്പുചെയ്യുക. കൂടുതൽ ഓപ്ഷനുകൾ കാണിക്കും
• ലിസ്റ്റിൽ താഴെ നിങ്ങൾക്ക് സിസ്റ്റം അപ്ഡേറ്റ് കാണാം. അത് ടാപ്പ് ചെയ്യുക.
• അപ്ഡേറ്റ് ലഭ്യമാണോ എന്നറിയാൻ “സെർച്ച് ഫോർ അപ്ഡേറ്റ് ” ബട്ടൺ ടാപ്പുചെയ്യുക.