മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ഇവന്റില്‍ മൂന്ന് അത്യാധുനിക കംപ്യൂട്ടിങ് ഉപകരണങ്ങളാണ് അവതരിപ്പിച്ചത്. കുറച്ചു വര്‍ഷങ്ങളായി അധികം ബഹളങ്ങളില്ലാതെ മികവുറ്റ ഒരുകൂട്ടം ഉപകരണങ്ങള്‍ അവതരിപ്പിച്ചു വരികയായിരുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ ഡിവൈസുകളെക്കുറിച്ചറിയാനുള്ള ആകാംക്ഷയും നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം സര്‍ഫസ് സീരീസിൽ അവതരിപ്പിച്ചത് സര്‍ഫസ് ലാപ്‌ടോപ് പ്രോ 8, സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ, ഇരട്ട സ്‌ക്രീനുള്ള സര്‍ഫസ് ഡുവോ 2 ഫോണ്‍ എന്നിവയാണ്. ഇവ ഓരോന്നിനെയും പരിചയപ്പെടാം. 

∙ സര്‍ഫസ് പ്രോ 8

മൈക്രോസോഫ്റ്റിനെക്കുറിച്ച് നേരത്തെ നിലനിന്നിരുന്ന പരാതികളിലൊന്ന് പുതിയ പ്രോഡക്ടുകള്‍ അവതരിപ്പിച്ച ശേഷം അവ പെട്ടെന്നൊരു നാള്‍ നിർത്തിപോകും എന്നതായിരുന്നു. എന്നാല്‍ അതിനൊരു വിരാമം കുറിച്ചാണ് സര്‍ഫസ് പേരിലുള്ള ലാപ്‌ടോപ്പുകള്‍ എത്തി തുടങ്ങിയത്. ആദ്യ കാലത്ത് വിന്‍ഡോസ് ലാപ്‌ടോപ്പിന് എന്തൊക്കെ സാധ്യതകളുണ്ടെന്ന് മറ്റു പിസി നിര്‍മാതാക്കളെ കാണിച്ചു കൊടുക്കുക എന്ന ഉദ്ദേശത്തോടെയും ഇറക്കിയിരുന്നതാണ് എന്നു പറഞ്ഞിരുന്നു. എന്നാൽ കമ്പനി അവയെ ഗൗരവത്തിലെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പൊതുവെ വില കൂടിയ പ്രോഡക്ടുകളാണ് ഇറക്കിയിരുന്നതെങ്കിലും ആപ്പിളിന്റെ അടച്ചുകെട്ടിയ കംപ്യൂട്ടിങ് പരിസ്ഥിതിയിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞിരുന്നവര്‍ക്ക് മാക്ബുക്കുകള്‍ക്കും മറ്റും പകരംവയ്ക്കാന്‍ ഒരു കൂട്ടം കംപ്യൂട്ടറുകള്‍ എത്തി തുടങ്ങുകയായിരുന്നു.

നിര്‍മാണ മേന്മയടക്കം പല ഗുണങ്ങളുമുള്ള ഈ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് സര്‍ഫസ് പ്രോ 8. ഇത്തവണത്തെ മോഡലിന് 13-ഇഞ്ച് വലുപ്പമുളള പിക്‌സല്‍ സെന്‍സ് ഫ്‌ളോ ഡിസ്‌പ്ലെ എന്ന് കമ്പനി വിളിക്കുന്ന 120 ഹെട്‌സ് (2880 x 1920 പിക്‌സല്‍സ് (267പിപിഐ) റിഫ്രെഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. ഇത് ഡിഫോള്‍ട്ടായി 60 ഹെട്‌സിലായിരിക്കും പ്രവര്‍ത്തിക്കുക. ലാപ്‌ടോപ്പിന് ആവശ്യാനുസരണം, എന്നാല്‍ ബാറ്ററി നീണ്ടു നില്‍ക്കാന്‍ അനുവദിക്കുന്ന രീതിയില്‍ ബുദ്ധിപൂര്‍വം റിഫ്രെഷ് അനുപാതം ക്രമീകരിക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി പറയുന്നു. ഹൈ ഡൈനാമിക് റെയ്ഞ്ച് കണ്ടെന്റ് കാണുമ്പോള്‍ ഡോള്‍ബി വിഷന്റെ പിന്തുണയും നല്‍കും. തണ്ടര്‍ബോള്‍ട്ട് 4 സപ്പോര്‍ട്ടുള്ള ലാപ്‌ടോപ്പുകള്‍ക്ക് ഇന്റലിന്റെ 11-ാം തലമുറയിലുള്ള ക്വാഡ്-കോര്‍ ഐ5, ഐ7 പ്രോസസറുകളില്‍ ഏതെങ്കിലും ഒന്നായിരിക്കും ശക്തി പകരുക. (എന്തുകൊണ്ട് ഏതാനും മാസം കൂടി കാത്തിരുന്ന് 12-ാം തലമുറയിലെ ഇന്റല്‍ ചിപ്പുകള്‍ ഉള്‍പ്പെടുത്തി ഇറക്കിക്കൂടായിരുന്നു എന്നു വേണമെങ്കില്‍ ചോദിക്കാം.) സര്‍ഫസ് സ്ലിം പെന്‍ എന്നു വിളിക്കുന്ന പുതിയ സ്റ്റൈലസും സപ്പോര്‍ട്ടു ചെയ്യും.

കൂടാതെ 3.5 എംഎം ഓഡിയോ പോര്‍ട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.1, ഡോള്‍ബി അട്‌മോസ് സര്‍ട്ടിഫിക്കറ്റുള്ള 2w സ്പീക്കറുകള്‍, 5എംപി, 1080പി വിഡിയോ സ്ട്രീം ചെയ്യാവുന്ന മുന്‍ ക്യാമറ, 4കെ വിഡിയോ ശേഷിയുള്ള 10എംപി പിന്‍ക്യാമറ, ‘സാധാരണ ഉപയോഗമാണെങ്കില്‍’ 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്ന ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

അതിവേഗ ഡേറ്റാ കൈമാറ്റത്തിനായി യുഎസ്ബി-എ പോര്‍ട്ടുകളെ ഉപേക്ഷിച്ചാണ് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് യുഎസ്ബി-സി തണ്ടര്‍ബോള്‍ട്ട് പോര്‍ട്ടുകളാണ് സര്‍ഫസ് പ്രോ 8ന് ഉള്ളത്. എക്‌സ്‌റ്റേണല്‍ മോണിട്ടര്‍ സപ്പോര്‍ട്ട്, എക്‌സ്‌റ്റേണല്‍ സ്റ്റോറേജ് എന്നിവ കൂടാതെ എക്‌സ്‌റ്റേണല്‍ ജിപിയു പോലും സപ്പോര്‍ട്ടു ചെയ്യും. വിഡിയോ എഡിറ്റിങ് സമയത്തും ശക്തികൂടിയ ഗെയിമുകള്‍ കളിക്കുമ്പോഴും അധിക പ്രോസസിങ് കരുത്തു വേണ്ട മറ്റ് അവസരങ്ങളിലും എക്‌സ്റ്റേണൽ ജിപിയു സപ്പോര്‍ട്ട് ഉപകരിക്കും. സര്‍ഫസ് കണക്ട്പോര്‍ട്ട് എന്നു വിളിക്കുന്ന മറ്റൊരു കമ്പനിയും ഉപയോഗിക്കാത്ത പോര്‍ട്ടും ഉണ്ട്.

സര്‍ഫസ് പ്രോ 8 പല കോണ്‍ഫിഗറേഷനിലും വാങ്ങാന്‍ സാധിക്കും. ഏറ്റവും തുടക്ക മോഡലിന് നാലു കോറുള്ള ഇന്റല്‍ ഐ5 പ്രോസസറും, 8ജിബി റാമും, 128ജിബി എസ്എസ്ഡിയും ആണ് നല്‍കിയിരിക്കുന്നത്. ഇതിന് വിലയിട്ടിരിക്കുന്നത് 1,099 ഡോളറാണ്. ഏറ്റവും മുന്തിയ മോഡലിന് 32 ജിബി റാമും, 1 ടിബി എസ്എസ്ഡിയുമാണ് ഉള്ളത്. ഇതിനാകട്ടെ 2,599 ഡോളറാണ് വില. ഇവയ്ക്ക് ഇടയ്ക്കുള്ള മോഡലുകള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്. പരസ്യ വിഡിയോ കാണാം: https://youtu.be/Ke4kXDfsDuE

∙ സര്‍ഫസ് ലാപ്‌ടോപ് സ്റ്റുഡിയോ

ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനക്ഷമതയും ടാബ്‌ലറ്റ് കംപ്യൂട്ടറുകളുടെ രീതികളും ഒന്നിപ്പിച്ച കംപ്യൂട്ടിങ് ഉപകരണമാണിത്. മധ്യത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഹിഞ്ജ് ഉപയോഗിച്ച് കീബോഡ് ഉപയോഗിക്കാനായി അല്‍പം ചെരിച്ചു നിർത്താം. ഇതിനെയാണ് കമ്പനി സ്റ്റുഡിയോ മോഡ് എന്നുവളിക്കുന്നത്. മികച്ച 14.4-ഇഞ്ച് വലുപ്പമുള്ള 2400 x 1600 പിക്‌സല്‍ റെസലൂഷനുള്ള സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ടും ഉണ്ട്. പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ഹിഞ്ജ് ആണ് ഇതിന്റെ സവിശേഷത. മൂന്നു രീതിയില്‍ സ്‌ക്രീന്‍ ഉറപ്പിച്ചു നിർത്താനാണ് ഇത് ഉപകരിക്കുന്നത് – ലാപ്‌ടോപ്പ് മോഡ്, സ്‌റ്റേജ്, സ്റ്റുഡിയോ. സര്‍ഫസ് പ്രോ 8ന് സമാനമാണ് പല കോണ്‍ഫിഗറേഷന്‍സും. ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍ ഉപയോഗിച്ചിരിക്കുന്ന തുടക്ക മോഡലിന് 16ജിബി റാമും, 256 ജിബി സ്റ്റോറേജ് ശേഷിയും ഉണ്ട്. ഇന്റല്‍ എക്‌സ്ഇ ഗ്രാഫിക്‌സ് ആണുളളത്. ഇതിന് 1,599 ഡോളറാണ് വില. അതേസമയം, ഐ7 ശക്തി പകരുന്ന മോഡലുകള്‍ക്ക് എന്‍വിഡിയ ആര്‍ടിഎക്‌സ് 3050 ടിഐ ജിപിയു (4ജിബി വിറാം) അധിക ഗ്രാഫിക്‌സ് കരുത്തു നല്‍കുന്നു. തുടക്ക മോഡലിന് 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമാണ് ഉള്ളത്. തുടക്ക വില 2,099 ഡോളറാണ്. പരസ്യ വിഡിയോ കാണാം: https://youtu.be/iOb31Uc4XKM

∙ സര്‍ഫസ് ഡുവോ 2

മൈക്രോസോഫ്റ്റ്‌ പുറത്തെടുത്ത മറ്റൊരു പ്രധാനപ്പെട്ട ഉപകരണം സര്‍ഫസ് ഡുവോ 2 ഫോണാണ്. ഇരട്ട സ്‌ക്രീനുള്ള ഈ ഫോണ്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നു. പുറമേ നിന്നു നോക്കിയാല്‍ ആദ്യ വേര്‍ഷനോട് സാമ്യം തോന്നുന്ന രീതിയിലാണ് നര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 888 പ്ലസ് പ്രോസസറാണ് ശക്തി പകരുന്നത്. 5ജി കണക്ടിവിറ്റിയും ഉണ്ട്. ഇതിന് 8.3-ഇഞ്ച് വലുപ്പമുള്ള ഇരട്ട അമോലെഡ് പിക്‌സല്‍സെന്‍സ് ഫ്യൂഷന്‍ ഡിസ്‌പ്ലെയാണ് ലഭിക്കുന്നത്. 90ഹെട്‌സ് റിഫ്രഷ് അനുപാതവും, 800 നിറ്റ്‌സ് ബ്രൈറ്റ്‌നസുമുണ്ട്. രണ്ടു ഡിസ്‌പ്ലെയ്ക്കും കോര്‍ണിങ് ഗൊറില ഗ്ലാസ് വിക്ടസിന്റെ സംരക്ഷണവും ഉണ്ട്. പിന്നില്‍ മൂന്നു ക്യാമറകളാണ് നല്‍കിയിരിക്കുന്നത്-12എംപി പ്രധാന ക്യാമറ, 16എംപി അള്‍ട്രാവൈഡ്, 12എംപി ടെലി എന്നിങ്ങനെയാണ് ക്യാമറകള്‍. എന്‍എഫ്‌സി, സര്‍ഫസ്പെന്‍ സപ്പോര്‍ട്ട് തുടങ്ങിയവയും ഉണ്ട്. 8ജിബി റാമും, 128ജിബി സ്റ്റോറേജ് ശേഷിയുമുള്ള തുടക്ക വേരിയന്റിന് 1,499 ഡോളറാണ് വില. അവതരണ വിഡിയോ കാണാം: https://youtu.be/TSii5NIgbYQ

surface-duo-2

By admin

Leave a Reply

Your email address will not be published. Required fields are marked *