ഗൂഗിള്‍ പേ ഉപയോക്താക്കളുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ എന്നിവയുടെ അനധികൃതമായി നിരീക്ഷിക്കുകയോ, ശേഖരണം നടത്തുന്നുണ്ടോ എന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗൂഗിള്‍ കോടതി കയറേണ്ടി വരും. ഉപയോക്താക്കളുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ ഉപയോഗം, സംഭരണം എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI), ആര്‍ബിഐ എന്നിവരോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരുടെ ബെഞ്ച് ഹര്‍ജിയില്‍ നോട്ടീസ് നല്‍കി. നവംബര്‍ എട്ടിനകം ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും കോടതിയില്‍ ഇത് സംബന്ധിച്ച് നിലപാട് അറിയിക്കണം. ഗൂഗിള്‍ പേയുടെ ‘നിബന്ധനകളും വ്യവസ്ഥകളും’ ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പേയ്‌മെന്റ് നിര്‍ദ്ദേശ വിശദാംശങ്ങള്‍ കമ്പനി സംഭരിക്കുമെന്ന് സാമ്പത്തിക വിദഗ്ധനും ഹര്‍ജിക്കാരനുമായ അഭിജിത് മിശ്ര വ്യക്തമായി പറയുന്നു. അത്തരം കാര്യങ്ങള്‍ നടത്താനുള്ള അനുമതി ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ഒരു സ്വകാര്യ കമ്പനിയായതിനാല്‍, പൗരന്മാരുടെ ആധാര്‍, ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും സംഭരിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പൊതുതാത്പര്യ ഹര്‍ജിയില്‍, ഗൂഗിളിന്റെ മൊബൈല്‍ പേയ്മെന്റ് ആപ്പായ ഗൂഗിള്‍ പേ (ജിപേ), ആര്‍ബിഐയില്‍ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന് ഒരു ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് സാധുവായ അംഗീകാരമില്ലാത്തതിനാല്‍ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ്‌സ് ആക്ട് ലംഘിച്ച് ഗൂഗിള്‍ പേ ഒരു പേയ്‌മെന്റ് സിസ്റ്റം ദാതാവായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു.
നേരത്തെയുള്ള ഹര്‍ജിക്ക് മറുപടിയായി, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ല, തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവായതിനാല്‍ ജിപെയ്ക്ക് ആര്‍ബിഐ അംഗീകാരം ആവശ്യമില്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് കഴിഞ്ഞ വര്‍ഷം കോടതിയെ അറിയിച്ചിരുന്നു.
ജിപേ ഒരു മൂന്നാം കക്ഷി ആപ്പാണെന്നും പേയ്മെന്റ് സംവിധാനങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നും ആര്‍ബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ 2007 ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം ആക്റ്റിന്റെ ലംഘനമല്ലെന്ന് പറഞ്ഞതത്രെ.