ഓഗസ്റ്റ് 23-27 വരെ നടന്ന സിഗ്‌കോം 2021 (SIGCOMM 2021) ഡേറ്റാ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം ഇപ്പോള്‍ ഇന്റര്‍നെറ്റ് മേഖലയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. അടുത്ത സൗരക്കൊടുങ്കാറ്റില്‍ (solar storm) ഇന്റര്‍നെറ്റിന്റെ പ്രവർത്തനം താറുമാറായേക്കാം, ഇത് ആധുനിക ജിവിതത്തിന്റെ താളംതെറ്റിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. അപ്രതീക്ഷിതമായി കോവിഡ്-19 എത്തിയപ്പോള്‍ സാധാരണ ജീവിതം താറുമാറായി. ഇതുപോലെ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ എത്തിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് മനുഷ്യരാശിക്ക് മുന്നറിയിപ്പു നല്‍കുകയാണ് പുതിയ പഠനം.
എന്താണ് സൗരക്കാറ്റ്?
എല്ലാ സമയത്തും സൂര്യനില്‍ നിന്നുള്ള കാന്തിക കണങ്ങള്‍ (magnetized particles) ഭൂമിയുടെ ദിശയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിനെ സൗരക്കാറ്റ് എന്നു വളിക്കുന്നു. ഈ വൈദ്യുതിക്കാറ്റിന്റെ (electric wind) വലിയൊരളവും ഭൂമിയുടെ കാന്തിക കവചത്തില്‍ തട്ടി പോകുന്നു. ഇതിനാല്‍ ഭൂമിയിലുള്ളവര്‍ക്ക് ഉപദ്രവമാകുന്നില്ല. എന്നാല്‍, നൂറ്റാണ്ടില്‍ ഒരു തവണയൊക്കെ സൗരക്കാറ്റ് ഒരു സൗരക്കൊടുങ്കാറ്റായി അടിക്കാമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. ഇപ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ അത് വന്‍വിപത്തു തന്നെ മനുഷ്യരാശിക്കു സൃഷ്ടിച്ചേക്കാം. ലോകത്ത് ഒരു ‘ഇന്റര്‍നെറ്റ് മഹാവിപത്ത്’ സംഭവിക്കാമെന്നും പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ സമൂഹങ്ങളില്‍ വലിയൊരു പങ്കും ആഴ്ചകളോ, ചിലപ്പോള്‍ മാസങ്ങളോ വരെ ഒറ്റപ്പെട്ടു പോകാമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ അസിസ്റ്റന്റ് പ്രൊഫസർ സംഗീത അബ്ദു ജ്യോതി അവകാശപ്പെടുന്നത്. ഈ പ്രബന്ധം ഇനിയും പീയര്‍ റിവ്യൂ ചെയ്യപ്പെടേണ്ടതുണ്ട്.
മുന്നൊരുക്കം വേണം
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് മനുഷ്യരാശി അതിനെ നേരിടാൻ ഒരുങ്ങിയിരുന്നില്ല എന്നതാണ് തന്നെ ഈ വഴിക്കു ചിന്തിപ്പിച്ചതെന്ന് സംഗീത ദി വയേഡിനോടു പറഞ്ഞു. വലിയൊരു സൗര വിപത്തിനെ നേരിടാൻ നിലവിൽ യാതൊരു മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും ഗവേഷക ചൂണ്ടിക്കാണിക്കുന്നു. വളരെ വിരളമായാണ് കനത്ത സോളാര്‍ സ്‌റ്റോം അല്ലെങ്കില്‍ കൊറോണല്‍ മാസ് ഇജക്ഷന്‍സ് സംഭവിക്കുക എന്നതും മുന്നൊരുക്കം ഇല്ലാതിരിക്കാനുള്ള കാര്യങ്ങളിലൊന്നാണ്. തീവ്രമായ ബഹിരാകാശ കാലാവസ്ഥ (space weather) ഭൂമിയെ ബാധിക്കാനുളള സാധ്യത ഒരു പതിറ്റാണ്ടില്‍ 1.6 ശതമാനം മുതല്‍ 12 ശതമാനം വരെയാണെന്നും പ്രബന്ധം പറയുന്നു.
അവസാനം സംഭവിച്ചത് എന്ന്?
സമീപകാലത്ത് ഇത് രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വര്‍ഷങ്ങള്‍ 1859 ഉം, 1921ഉം ആണ്. ഇതില്‍ 1859 ലുണ്ടായ കാറിങ്ടണ്‍ ഇവന്റ് എന്നറിയപ്പെടുന്ന സോളാര്‍ സ്‌റ്റോം കനത്ത ഭൗമകാന്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത് ടെലഗ്രാഫ് വയറുകള്‍ക്ക് തീ പിടിച്ചിരുന്നു. എന്നാല്‍, അത്ര തീവ്രമല്ലാത്ത സൗരക്കാറ്റുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നതിനാലാണ് ഇതിലേക്ക് ലോക ശ്രദ്ധക്ഷണിക്കാന്‍ ഗവേഷക ശ്രമിക്കുന്നത്. അത്തരത്തിലൊന്ന് അവസാനമായി നടന്നത് 1989ല്‍ ആണ്. ഇതില്‍ കാനഡയിലെ ക്യുബെക് പ്രവശ്യയില്‍ 9 മണിക്കൂര്‍ നേരത്തേക്ക് ബ്ലാക്ഔട്ട് ഉണ്ടായി. എന്നാല്‍, മുന്‍കാലത്തേതു പോലെയല്ലാതെ മനുഷ്യരാശി ഇക്കാലത്ത് കൂടുതല്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു എന്നതാണ് ജാഗ്രത പുലര്‍ത്തണമെന്നു പറയാൻ കാരണം. ഒരു സൗരക്കൊടുങ്കാറ്റ് വീശിയാല്‍ എന്തു സംഭവിക്കാം എന്നതിനെക്കുറിച്ച് കാര്യമായ പഠനം പോലും നടന്നിട്ടില്ലെന്ന കാര്യവും സംഗീത എടുത്തു പറയുന്നു.
∙ ഫൈബര്‍-ഒപ്ടിക്‌സിനെ ബാധിക്കില്ല, പക്ഷേ…
ഇന്ന് മിക്ക സ്ഥലങ്ങളിലും ഫൈബര്‍-ഒപ്ടിക്‌സ് കേബിളുകള്‍ വഴിയാണ് ഇന്റര്‍നെറ്റ് എത്തുന്നത്. അവയെ സൗരക്കൊടുങ്കാറ്റ് ബാധിക്കില്ല എന്നത് ശുഭകരമാണ്. എന്നാല്‍ അതല്ല കടലിനടിയിലൂടെ ഇട്ടിരിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകളുടെ കഥ. ഇവയ്ക്ക് ഏകദേശം 30 മുതല്‍ 89 മൈലുകള്‍ക്കിടയില്‍ ഒരു റിപ്പീറ്റര്‍ വച്ച് സ്ഥാപിച്ചിട്ടുണ്ട്. ഈ റിപ്പീറ്ററുകളെ സൗരക്കൊടുങ്കാറ്റ് ബാധിക്കാം. അങ്ങനെ സംഭവിച്ചാല്‍ മൊത്തം കേബിള്‍ ശൃംഖലയും പ്രവര്‍ത്തനരഹിതമാകുമെന്ന് പ്രബന്ധത്തില്‍ പറയുന്നു. ഒരു പ്രത്യേക മേഖലയില്‍ ഇതു സംഭവിച്ചാല്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിച്ഛേദിക്കപ്പെടാമെന്ന് സംഗീത പറയുന്നു.
അമേരിക്കയില്‍ ഒരു ദിവസം 700 കോടി ഡോളര്‍ വരെ നഷ്ടം
സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളിലുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. അമേരിക്ക, ബ്രിട്ടൻ പോലെയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ടെന്നും പ്രബന്ധം പറയുന്നു. ഇത്തരം രാജ്യങ്ങളായിരിക്കും ആദ്യം ഇന്റര്‍നെറ്റില്‍ നിന്നു വിച്ഛേദിക്കപ്പെടുക. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ അമേരിക്കയില്‍ മാത്രം ഒരു ദിവസത്തെ നഷ്ടം 700 കോടി ഡോളറായിരിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു എന്ന് സംഗീത പറയുന്നു. അപ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ ആഴ്ചകളോ മാസങ്ങളോ കഴിയേണ്ടിവന്നാലുള്ള സ്ഥിതിയെക്കുറിച്ചാണ് അവര്‍ ഓര്‍മപ്പെടുത്തുന്നത്. അടുത്ത സോളാര്‍ സ്‌റ്റോം സൂര്യനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഒരുക്കം നടത്താന്‍ ഏകദേശം 13 മണിക്കൂര്‍ ലഭിക്കുമെന്നും അവര്‍ പറയുന്നു.
വാഹന നിര്‍മാണ ചിപ്പുകള്‍ക്ക് വില വര്‍ധിപ്പിച്ച കമ്പനികള്‍ക്ക് ചൈന പിഴയിട്ടു
വാഹന നിര്‍മാണ ചിപ്പുകള്‍ക്ക് വില വര്‍ധിപ്പിച്ച മൂന്നു പ്രാദേശിക കമ്പനികള്‍ക്ക് ചൈന 388,300 ഡോളര്‍ പിഴയിട്ടു. ഷാങ്ഹായ് ചെങ്‌സ്‌ഷൈങ് ഇന്‍ഡസ്ട്രിയല്‍ കമ്പനി ലിമിറ്റഡ്, ഷാങ്ഹായ് ചെറ്റാര്‍, ഷെന്‍സെന്‍ യുചാങ് ടെക്‌നോളജീസ് എന്നീ കമ്പനികള്‍ക്കാണ് അധികാരികള്‍ പിഴയിട്ടത്. വിലയില്‍ വരുത്തുന്ന മാറ്റം ഇനി സൂക്ഷ്മമായി വീക്ഷിക്കുമെന്നും, നിയമപരമല്ലാത്ത വില ഉയര്‍ത്തലും മറ്റും ശിക്ഷ ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും അധികാരികള്‍ നല്‍കി. ആഗോള വാഹന നിര്‍മാണ ഭീമന്മാരായ ഫോര്‍ഡ് മോട്ടോഴ്‌സ്, ഹോണ്ടാ മോട്ടര്‍, ജനറല്‍ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗന്‍ തുടങ്ങിയ കമ്പനികള്‍ ചിപ്പ് ദൗര്‍ലഭ്യം കാരണം നിര്‍മിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയോ, നിർത്തിവച്ചിരിക്കുകയോ ആണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
‘ലോകത്തെ ആദ്യത്തെ’ എച്എംഐ ഡയലുളള മോണിട്ടറുമായി എംഎസ്‌ഐ
വിശാലമായ സ്‌ക്രീനില്‍ ഗെയിം കളിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കായി 37.5-ഇഞ്ച് വലുപ്പമുള്ള മോണിട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ നിര്‍മാതാവായ എംഎസ്‌ഐ. ഒപ്ടിക്‌സ് എംഇജി381മക്യൂആര്‍ പ്ലസ് എന്നു പേരിട്ടിരിക്കുന്ന മോണിട്ടറിന്റെ പ്രധാന സിവശേഷതകളിലൊന്ന് എച്എംഐ (ഹ്യൂമന്‍ മെഷീല്‍ ഇന്റര്‍ഫെയ്‌സ്) ആണ്. ഈ ഫീച്ചറുമായി ഇറങ്ങുന്ന ലോകത്തെ ആദ്യ മോണിട്ടറാണ് ഇതെന്ന് എംഎസ്‌ഐ അവകാശപ്പെടുന്നു. സ്‌ക്രീനിന്റെ താഴെയാണ് എച്എംഐ ഘടിപ്പിച്ചിരിക്കുന്നത്. അല്‍പം വളവുള്ള 2300ആര്‍ ഐപിഎസ് പാനലാണ് മോണിട്ടറിനു നല്‍കിയിരിക്കുന്നത്. എന്‍വിഡിയ ജി-സിങ്ക് അള്‍ട്ടിമേറ്റും ഉണ്ട്. യുഡബ്ല്യൂക്യുഎച്ഡിപ്ലസ് (3840 x 1600) റസലൂഷനുള്ള മോണിട്ടറിന് 175ഹെട്‌സ് റിഫ്രെഷ് റെയ്റ്റും വിസാ ഡിസ്‌പ്ലെ എച്ഡിആര്‍ 600ഉം, 1 മില്ലി സെക്കന്‍ഡ്‌സ് റെസ്‌പോണ്‍സ് ടൈമും ഉണ്ട്.
മോണിട്ടറിന്റെ സവിശേഷ ഫീച്ചര്‍ എച്എംഐ ഡയല്‍ തന്നെയാണ്. സ്‌ക്രീനിനു താഴെ ഇടതു വശത്തായി ഇതു ഘടിപ്പിച്ചിരിക്കുന്നു. ഗെയിമര്‍മാര്‍ക്ക് വിവിധ ഡിസ്‌പ്ലെ മോഡുകളും മറ്റു സെറ്റിങ്ങുകളും എളുപ്പത്തില്‍ മാറ്റാം എന്നതാണ് ഇതിന്റെ ഗുണം. സാധാരണ മോണിട്ടറുകളില്‍ ഈ സെറ്റിങ്ങുകള്‍ മാറ്റുക എന്നത്, പ്രത്യേകിച്ചും നടന്നുകൊണ്ടിരിക്കുന്ന ഒരു ഗെയമിനിടയില്‍ എളുപ്പമുള്ള കാര്യമല്ല. ആര്‍ജിബി പാനല്‍, വീസാ മൗണ്ടിങ്, രണ്ട് എച്ഡിഎംഐ 2.0 പോര്‍ട്ട്, ഒരു ഡിസ്‌പ്ലെ പോര്‍ട്ട് 1.4, ഒരു യുഎസ്ബി ഹബ് എന്നിവയും ഉണ്ട്. ഹബില്‍ മൂന്ന് യുഎസ്ബി-എ 3.2 ഒന്നാംതലമുറ പോര്‍ട്ടുകളും, ഒരു യുഎസ്ബി-സി 3.2 ഒന്നാം തലമുറ പോര്‍ട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതെല്ലാം ചെയ്ത എംഎസ്‌ഐ എച്ഡിഎംഐ 2.1 പോര്‍ട്ട് ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. വില പുറത്തുവിട്ടിട്ടില്ല.