രാത്രിയിൽ സ്ക്രീൻ നോക്കുന്നത് എളുപ്പമുക്കന്നതിനുള്ള സംവിധാനമാണ് ഉപകരണങ്ങളിലെ “ഡാർക്ക് മോഡ്” സവിശേഷത. വായനയ്ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ അനുപാതത്തിലുള്ള കോൺട്രാസ്റ്റാണ് ഡാർക്ക് മോഡിൽ വരിക. അതുകൊണ്ട് തന്നെ സ്‌ക്രീനിന്റെ വെളിച്ചം കണ്ണുകൾക്ക് ഉണ്ടാക്കാനിടയുള്ള ബുദ്ധിമുട്ടുകളെ അത് ലഘൂകരിക്കും.
നിലവിൽ സ്മാർട്ഫോൺ ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്, അതിനു സമാനമായ മൂന്ന് മോഡിൽ ഉപയോഗിക്കാവുന്ന സംവിധാനമാണ് ഗൂഗിൾ സെർച്ചിലും വരുന്നത്. ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം അവ തിരഞ്ഞെടുക്കാനും മാറ്റാനും സാധിക്കും.
ഡാർക്ക് മോഡ് ഓൺ, ഡാർക്ക് മോഡ് ഓഫ്, ഡെസ്ക്ടോപ്പിന്റെ തീമുമായി സിങ്ക് ചെയ്യുക. ഇതു മൂന്നുമാണ് മൂന്ന് മോഡുകൾ. ഒരു ദിവസത്തിൽ ചില പ്രത്യേക സമയങ്ങളിൽ നിങ്ങൾക്ക് സ്‌ക്രീനിൽ വെളിച്ചം വേണമെന്നും ചില സമയങ്ങളിൽ വെളിച്ചം വേണ്ട എന്നുമുണ്ടെങ്കിൽ ഈ ഫീച്ചർ വളരെ ഉപകാരപ്രദമായിരിക്കും. ഡാർക്ക് മോഡ് നൽകുകയാണെങ്കിൽ ഗൂഗിൾ ഹോം പേജ്, സെർച്ച് ഫലങ്ങൾ സെറ്റിങ്‌സ് പേജ്, അതുപോലെ മറ്റും വെബ് പേജുകൾ എല്ലാം ഡാർക്ക് മോഡിലേക്ക് മാറും.
എങ്ങനെയാണ് ഗൂഗിൾ സെറ്റിങ്സിൽ നിന്നും ഡാർക്ക് മോഡിലേക്ക് മാറ്റുന്നത് എന്ന് നോക്കാം.
How to enable Dark Mode on Google Search – ഗൂഗിൾ സെർച്ചിൽ ഡാർക്ക് മോഡ് എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
സ്റ്റെപ് 1: ആദ്യം ഗൂഗിൾ ഹോംപേജിലേക്ക് പോകുക, അല്ലെങ്കിൽ മുകളിലെ സെർച്ച് ബാറിൽ http://www.google.com എന്ന് ടൈപ്പ് ചെയ്യുക. അങ്ങനെയും ഹോം പേജിലേക്ക് എത്താം.
സ്റ്റെപ് 2: ഗൂഗിൾ ഹോംപേജിന്റെ താഴെ വലതുവശത്ത്, നിങ്ങൾ ഒരു ‘സെറ്റിങ്‌സ്’ ബട്ടൺ കാണും. അതിൽ ക്ലിക്ക് ചെയ്യുക. ഉയർന്നുവരുന്ന മെനുകളിൽ, സെർച്ച് സെറ്റിങ്‌സ്/ അപ്പിയറൻസെസ് (Search Settings/ Appearance) എന്നിവ കാണും അതിലേക്ക് പോവുക.
സ്റ്റെപ് 3: നിങ്ങൾക്ക് അവിടെ മൂന്ന് ഓപ്ഷനുകൾ കാണാനാകും. പേര് സൂചിപ്പിക്കുന്നത് പോലെ ‘ഡിവൈസ് ഡിഫോൾട്ട്’ എന്നത് നിങ്ങളുടെ ഡെസ്ക്ടോപ്പിന്റെ തീമുമായി സമന്വയിപ്പിക്കും. അതേസമയം, ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് തീം ഓപ്ഷനുകൾ പേജിനെ ഒരു മോഡിൽ തന്നെ നിലനിർത്തും. നിങ്ങൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം, അത് ഉടനടി പ്രവർത്തനക്ഷമമാകും.
ഗൂഗിൾ സെർച്ചിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ കുറച്ചുനാളായി ഡാർക്ക് മോഡ് ഉണ്ടായിരുന്നു, ഇപ്പോൾ ഈ സവിശേഷത ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും ലഭ്യമായിരിക്കുകയാണ്. സെപ്റ്റംബർ ഒമ്പത് മുതലാണ് ഇത് ലഭ്യമായത്, ഡാർക്ക് മോഡിലേക്ക് മാറാനുള്ള ഓപ്ഷൻ നിങ്ങൾ ഇപ്പോഴും കാണിക്കുന്നില്ലെങ്കിൽ, അത് ഉടൻ തന്നെ ലഭ്യമാകും.