ബെംഗളൂരു: രാജ്യത്തെ പുതുക്കിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഇന്ത്യയില്‍ വാട്ട്സ്ആപ്പ് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഓമനകുട്ടന്‍ കെജി സമര്‍പ്പിച്ച ഹര്‍ജിലാണ് വിധി.
ഫേസ്ബുക്ക് ഉപയോക്താക്കള്‍ വാട്‌സാപ്പ് സന്ദേശങ്ങളില്‍ കൃത്രിമം കാണിക്കുന്നുവെന്നും ഇത്തരത്തിലുള്ള വ്യാജസന്ദേശങ്ങളുടെ തുടക്കം എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ നയവുമായി വാട്ട്സ്ആപ്പ് പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ആരാഞ്ഞു. അന്വേഷണ ഏജന്‍സികളും കോടതികളും വാട്ട്സ്ആപ്പില്‍ വരുന്ന വിവരങ്ങളെ അഥവാ മെസേജുകളെ അന്വേഷണങ്ങളില്‍ തെളിവായി പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പുതിയ ഐടി നിയമം അനുസരിച്ച് വാട്‌സ്ആപ്പ് പോലുള്ള സേവനങ്ങള്‍ക്ക്, അവയില്‍ എത്തുന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. പുതിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്സ്ആപ്പ് കഴിഞ്ഞ മാസം ദില്ലി ഹൈക്കോടതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, വാട്‌സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ ഇത് തകര്‍ക്കുമെന്നും ഇത് ആളുകളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും കമ്പനി പറഞ്ഞു.